Cricket

തോല്‍വി ഭീതിയിലായിരുന്ന ഇന്ത്യയെ രക്ഷിച്ചത് പെനാല്‍റ്റി റണ്‍സ് !! സൂര്യ-ദുബെ കൂട്ടുകെട്ടും നിര്‍ണായകമായി

ട്വന്റി20 ലോകകപ്പില്‍ യുഎസ്എയ്‌ക്കെതിരേ വിറച്ചു ജയിച്ച് ഇന്ത്യ. ജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറി. ന്യൂയോര്‍ക്കിലെ നാസോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുഎസ് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നീലപ്പട മറികടക്കുകയായിരുന്നു.

നേരത്തെ 7.3 ഓവറില്‍ 39ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് നാലാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് – ശിവം ദുബെ സഖ്യമാണ്.

അര്‍ധ സെഞ്ചുറി നേടിയ സൂര്യ 49 പന്തില്‍ നിന്ന് 50 റണ്‍സോടെ പുറത്താകാതെ നിന്നു. രണ്ടു വീതം സിക്സും ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ദുബെ 35 പന്തില്‍ നിന്ന് 31 റണ്‍സെടുത്തു. 72 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

മത്സരത്തിനിടെ പുതിയ ഓവര്‍ ആരംഭിക്കാന്‍ യുഎസ് മൂന്ന് തവണ 60 സെക്കന്‍ഡിലേറെ സമയമെടുത്തതോടെ പെനാല്‍റ്റിയായി ഇന്ത്യയ്ക്ക് അഞ്ചു റണ്‍സ് അനുവദിച്ചതും മത്സരത്തില്‍ നിര്‍ണായകമായി. ഇന്ത്യയ്ക്ക് 30 പന്തില്‍ ജയിക്കാന്‍ 35 റണ്‍സ് വേണമെന്ന ഘട്ടത്തിലായിരുന്നു ഇത്.

111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ വിരാട് കോഹ്‌ലിയെ (0) നഷ്ടമായി. ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്‌സിലും പരാജയമായ കോഹ്‌ലി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു.

പിന്നാലെ സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് മാത്രമുള്ളപ്പോള്‍ ആറു പന്തില്‍ മൂന്നു റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മടങ്ങി. പാകിസ്താനെതിരേ യുഎസിന് ജയമൊരുക്കിയ സൗരഭ് നേത്രവാല്‍ക്കറാണ് ഇരുവരെയും പുറത്താക്കിയത്.

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഋഷഭ് പന്ത് – സൂര്യകുമാര്‍ യാദവ് സഖ്യം സ്‌കോര്‍ 39 വരെയെത്തിച്ചു. എട്ടാം ഓവറില്‍ പന്തിനെ മടക്കിയ അലി ഖാന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 20 പന്തില്‍ നിന്ന് ഒരു സിക്സും ഫോറുമടക്കം 18 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം. പിന്നീടായിരുന്നു സൂര്യ-ദുബെ കൂട്ടുകെട്ട്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ യുഎസ്എയെ തകര്‍ത്തത് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിന്റെ ബൗളിംഗാണ്. നാലോവറില്‍ വെറും ഒമ്പതു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റാണ് ഇടങ്കയ്യന്‍ പേസര്‍ പിഴുതത്.

നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 14 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കാനഡയ്ക്ക് ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഷയാന്‍ ജഹാംഗീറിനെ അര്‍ഷ്ദീപ് വിക്കറ്റിനു മുമ്പില്‍ കുരുക്കുകയായിരുന്നു.

പിന്നാലെ അതേ ഓവറിലെ ആറാം പന്തില്‍ ആന്‍ഡ്രിയാസ് ഗോസിനെയും (2) അര്‍ഷ്ദീപ് വീഴ്ത്തി. എട്ടാം ഓവറില്‍ ക്യാപ്റ്റന്‍ ആരോണ്‍ ജോണ്‍സി(22 പന്തില്‍ 11) മടക്കി ഹാര്‍ദിക് പാണ്ഡ്യ യുഎസിനെ പ്രതിരോധത്തിലാക്കി.

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സ്റ്റീവന്‍ ടെയ്‌ലര്‍ – നിതീഷ് കുമാര്‍ സഖ്യം ശ്രദ്ധയോടെ നീങ്ങിയെങ്കിലും 30 പന്തില്‍ നിന്ന് രണ്ട് സിക്‌സടക്കം 24 റണ്‍സെടുത്ത ടെയ്‌ലറെ പുറത്താക്കി അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു.

23 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 27 റണ്‍സെടുത്ത നിതീഷ് കുമാറിനെ 15-ാം ഓവറില്‍ അര്‍ഷ്ദീപ് മടക്കി. നിതീഷാണ് യുഎസ് ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍.

കോറി ആര്‍ഡേഴ്‌സണ്‍( 14), ഹര്‍മീത് സിങ്(10),ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് (11*) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും നാലു പോയിന്റുള്ള യുഎസ്എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്താനായാല്‍ അവര്‍ക്ക് സൂപ്പര്‍ എട്ടിലേക്ക് മുന്നേറാം.

Related Articles

Back to top button