Cricket

ഹാര്‍ദിക് പാണ്ഡ്യയെ കുറ്റം പറഞ്ഞവന്മാരൊക്കെ ഇങ്ങുവാ !! ഇന്ത്യയ്ക്ക് വിജയത്തുടക്കം

ട്വന്റി20 ലോകകപ്പില്‍ വിജയത്തോടെ തുടങ്ങി ടീം ഇന്ത്യ. അയര്‍ലന്‍ഡിനെതിരേ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക ജയമാണ് നീലപ്പട കുറിച്ചത്.

ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രോഹിത് ശര്‍മ അയര്‍ലന്‍ഡിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മികവിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ ഐറിഷ് ബാറ്റര്‍മാര്‍ക്കായില്ല. ഓപ്പണര്‍മാരായ ബാല്‍ബിര്‍നിയെയും സ്റ്റെര്‍ലിംഗിനെയും പുറത്താക്കി അര്‍ഷ്ദീപ് സിംഗാണ് അയര്‍ലന്‍ഡിന് ആദ്യ പ്രഹര മേല്‍പ്പിച്ചതെങ്കില്‍ പിന്നീട് ഹാര്‍ദിക് പാണ്ഡ്യയുടെ ഊഴമായിരുന്നു. ലോര്‍ക്കന്‍ ടക്കറെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു തുടങ്ങിയ പാണ്ഡ്യ പിന്നീട് കര്‍ട്ടിസ് കാംഫറെയും മാര്‍ക്ക് അഡയറിനെയും കൂടി പുറത്താക്കി.

മൂന്നോവറില്‍ വെറും ആറു റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ബുംറയും മോശമാക്കിയില്ല. ജോഷ്വാ ലിറ്റിലിന്റെ കുറ്റിയെടുത്ത കിടിലന്‍ യോര്‍ക്കര്‍ സ്‌റ്റേഡിയത്തെ ത്രസിപ്പിച്ചു.

സിറാജും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഐറിഷ് ടോപ് സ്‌കോററായ ഗാരെത് ഡിലാനി(14 പന്തില്‍ 26)യെ റണ്ണൗട്ടാക്കിയതോടെ ഐറിഷ് ഇന്നിംഗ്‌സിന് തിരശ്ശീല വീണു. 16 ഓവറില്‍ 96 റണ്‍സായിരുന്നു അവരുടെ സമ്പാദ്യം.

ഇന്ത്യയുടെ മറുപടി കരുതലോടെയായിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ മാര്‍ക്ക് അഡയറിനെ സിക്‌സറിനു പറത്താനുള്ള വിരാട് കോഹ്ലിയുടെ ശ്രമം ബെഞ്ചമിന്‍ വൈറ്റിന്റെ കൈകളില്‍ അവസാനിച്ചതോടെ ഇന്ത്യന്‍ ആരാധകരില്‍ നിരാശ പടര്‍ന്നു. അഞ്ചു പന്തുകളില്‍ വെറും ഒരു റണ്‍സ് ആയിരുന്നു കോഹ് ലിയുടെ സമ്പാദ്യം.

എന്നാല്‍ മൂന്നാമനായിറങ്ങിയ റിഷഭ് പന്ത് സന്നാഹമത്സരത്തില്‍ അവസാനിപ്പിച്ചിടത്തു നിന്നായിരുന്നു തുടങ്ങിയത്. തുടക്കത്തില്‍ പതിയെ കളിച്ച പന്ത് പിന്നീട് ഗിയര്‍ മാറ്റി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ആക്രമണ ബാറ്റിംഗ് അഴിച്ചു വിട്ടതോടെ സ്‌കോര്‍ കുതിച്ചുയര്‍ന്നു. ഇതിനിടയില്‍ രോഹിത് അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി. 37 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സും സഹിതം 52 റണ്‍സ് നേടിയ രോഹിത് തോളില്‍ പന്ത് കൊണ്ടതിനെത്തുടര്‍ന്ന് റിട്ടയര്‍ ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

എന്നാല്‍ തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് സിക്‌സ് അടിച്ചു കളി ഫിനിഷ് ചെയ്യാനുള്ള ശ്രമത്തിനിടെ പുറത്തായത് നിരാശയായി. ബെഞ്ചമിന്‍ വൈറ്റിനായിരുന്നു വിക്കറ്റ്.

തുടര്‍ന്നെത്തിയ ശിവം ദുബെയെ സാക്ഷിയാക്കി റിഷഭ് പന്ത് സിക്‌സറടിച്ചു വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.
26 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും അടക്കം 36 റണ്‍സാണ് പന്ത് നേടിയത്. ശിവം ദുബെ റണ്‍സൊന്നുമെടുത്തില്ല.

അയര്‍ലന്‍ഡിനെതിരേ ട്വന്റി20യില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം വിജയമാണിത്. ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.

ഐപിഎല്ലില്‍ മോശം പ്രകടനം കാഴ്ച വച്ച ഹാര്‍ദിക് പാണ്ഡ്യ ഫോമിലേക്ക് തിരികെയെത്തിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഒമ്പതിന് പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Related Articles

Back to top button