Cricket

ഓള്‍റൗണ്ട് പ്രകടനവുമായി ഹാര്‍ദിക്!! ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ബുംറയും കുല്‍ദീപും; ഇന്ത്യയ്ക്ക് രണ്ടാം വിജയം

ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ.

ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരുടെ ഉജ്ജ്വല ബൗളിംഗ് പ്രകടനങ്ങളുമാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം നേടിക്കൊടുത്തത്. 50 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.

ജയത്തോടെ സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍ നാലു പോയന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. തിങ്കളാഴ്ച ഓസ്ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ അവസാന മത്സരം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടിയപ്പോള്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

പതിവിനു വിപരീതമായി രോഹിത് ശര്‍മയും വിരാട് കോഹ് ലിയും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.

22 പന്തില്‍ 39 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. 11 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 23 റണ്‍സെടുത്ത രോഹിത്, ഷാക്കിബ് അല്‍ ഹസന്റെ പന്തില്‍ സിക്സിനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു.

28 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 37 റണ്‍സെടുത്ത കോലി തന്‍സിം ഹസന്റെ പന്തില്‍ വമ്പനടിക്കുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. വന്നപാടേ സിക്‌സറടിച്ച് തുടങ്ങിയ സൂര്യകുമാര്‍ യാദവും (6) അതേ ഓവറില്‍ തന്‍സിമിന് വിക്കറ്റ് സമ്മാനിച്ചു.

പിന്നാലെയെത്തിയ ശിവം ദുബെയെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി ഋഷഭ് പന്ത് തകര്‍ത്തടിച്ചു. 24 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 36 റണ്‍സെടുത്ത പന്ത്, റിഷാദ് ഹുസൈന്റെ പന്തില്‍ റിവേഴ്‌സ് സ്വീപ്പിനിടെ വിക്കറ്റിനു മുമ്പില്‍ കുരുങ്ങുകയായിരുന്നു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ദുബെ – ഹാര്‍ദിക് പാണ്ഡ്യ സഖ്യം 53 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു കയറി. തുടക്കത്തില്‍ പതറിയ ശേഷം വമ്പനടികള്‍ക്ക് മുതിര്‍ന്ന ദുബെ 24 പന്തില്‍ നിന്ന് മൂന്ന് സിക്‌സടക്കം 34 റണ്‍സെടുത്ത് 18-ാം ഓവറില്‍ മടങ്ങുകയായിരുന്നു.

തുടര്‍ന്ന് അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് പാണ്ഡ്യ ഇന്ത്യന്‍ സ്‌കോര്‍ 196ല്‍ എത്തിക്കുകയായിരുന്നു. 27 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 50 റണ്‍സോടെ പുറത്താകാതെ നിന്ന ഹാര്‍ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

അതേസമയം മികച്ച തുടക്കം മുതലാക്കാനാവാതെ പോയതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. 10 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ലിട്ടണ്‍ ദാസിനെയാണ് ബംഗ്ലാദേശിന് ആദ്യം നഷ്ടമായത്. പിന്നാലെ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയ തന്‍സിദ് ഹസനെ കുല്‍ദീപ് പുറത്താക്കി.

31 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 29 റണ്‍സായിരുന്നു ഹസന്റെ സമ്പാദ്യം. പിന്നാലെ തൗഹിദ് ഹൃദോയിയും (4) കുല്‍ദീപിനു മുന്നില്‍ വീണു. 11 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനെയും മടക്കി കുല്‍ദീപ് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി.

ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയുടെ പ്രകടനം പ്രതീക്ഷ നല്‍കിയെങ്കിലും 16-ാം ഓവറില്‍ ഇന്ത്യ ആ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടു.

32 പന്തില്‍ നിന്ന് മൂന്നു സിക്സും ഒരു ഫോറുമടക്കം 40 റണ്‍സെടുത്ത ഷാന്റോയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 10 പന്തില്‍ 24 റണ്‍സെടുത്ത റിഷാദ് ഹുസൈന്റെ വെടിക്കെട്ട് ബാറ്റിംഗ് തോല്‍വി ഭാരം കുറച്ചു.

നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും നാല് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ബുംറയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. അര്‍ഷ്ദീപ് രണ്ടു വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഒരു വിക്കറ്റുണ്ട്.

തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ബംഗ്ലാദേശിന്റെ സെമി സാധ്യതകള്‍ ഏറെക്കുറെ അസ്തമിച്ചു. ഓസ്‌ട്രേലിയ അഫ്ഗാനോടും ഇന്ത്യയോടും തോല്‍ക്കുകയും അഫ്ഗാനിസ്ഥാനെ ഉയര്‍ന്ന റണ്‍റേറ്റില്‍ തോല്‍പ്പിക്കുകയും ചെയ്യാനായാല്‍ മാത്രമേ ബംഗ്ലാദേശിന് സാധ്യതകളുള്ളൂ.

Related Articles

Back to top button