Cricket

ഹിറ്റ്മാന്റെ സംഹാര താണ്ഡവത്തില്‍ പത്തിമടക്കി ഓസീസ്!! ഹെഡിന്റെ പോരാട്ടം പാഴായി; ഇന്ത്യ സെമിയില്‍

കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ കണ്ണീരു കുടിപ്പിച്ച ട്രവിസ് ഹെഡ് ഇത്തവണയും പൊരുതിയെങ്കിലും രോഹിത് ശര്‍മയുടെ ബ്രഹ്‌മാണ്ഡ ഇന്നിംഗ്‌സിനെയും ഇന്ത്യയെയും മറികടക്കാന്‍ അതു മതിയാവുമായിരുന്നില്ല.

ട്വന്റി20 ലോകകപ്പിലെ അവസാന സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഓസീസിനെ 24 റണ്‍സിന് കീഴടക്കി ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും പിന്നാലെ സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീമായി മാറി.

സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ദക്ഷിണാഫ്രിക്കയെപ്പോലെ സൂപ്പര്‍ എട്ടിലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം.

സെന്റ് ലൂസിയയിലെ ഡാരന്‍ സാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടിയപ്പോള്‍ ഓസീസിന്റെ മറുപടി ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സില്‍ അവസാനിച്ചു.

നേരത്തെ, ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക്് രണ്ടാം ഓവറില്‍ തന്നെ വിരാട് കോഹ് ലിയെ നഷ്ടമായിരുന്നു. ഹേസില്‍വുഡിന്റെ പന്തില്‍ ടിം ഡേവിഡ് പിടിച്ചു പുറത്താവുകയായിരുന്ന. അഞ്ചു പന്ത് നേരിട്ട കോഹ് ലിയ്ക്ക് റണ്‍സൊന്നും നേടാനായില്ല.

എന്നാല്‍ മൂന്നാം ഓവറെറിയാന്‍ വന്ന മിച്ചല്‍ സ്റ്റാര്‍ക്കിന് കരിയറിലൊരിക്കലും മറക്കാത്ത അനുഭവമാണ് രോഹിത് ശര്‍മ സമ്മാനിച്ചത്. നാലു സിക്‌സും ഒരു ഫോറും സഹിതം 29 റണ്‍സാണ് ആ ഓവറില്‍ പിറന്നത്.

റിഷഭ് പന്തിനെ കാഴ്ചക്കാരനാക്കി രോഹിത് അടിച്ചു തകര്‍ത്തപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ കുതിച്ചു കയറി. ടീം സ്‌കോര്‍ 92ല്‍ നില്‍ക്കുമ്പോള്‍ പന്ത് പുറത്തായി. 14 ബോളില്‍ 15 റണ്‍സായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ സമ്പാദ്യം.

എന്നാല്‍ പകരക്കാരനായി സൂര്യകുമാര്‍ യാദവ് എത്തിയതോടെ ഇരുതല മൂര്‍ച്ചയുള്ള വാളായി ഇന്ത്യന്‍ ബാറ്റിംഗ് മാറി. ഇരുവരും ചേര്‍ന്ന് ഓസീസ് ബൗളിംഗിനെ നിലംപരിശാക്കി.

ഒടുവില്‍ സ്റ്റാര്‍ക്കിനെ വീണ്ടും പരീക്ഷിക്കാന്‍ മിച്ചല്‍ മാര്‍ഷ് നിര്‍ബന്ധിതനായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ യോര്‍ക്കര്‍ കാലില്‍ തട്ടി സ്റ്റംപില്‍ പതിക്കുമ്പോള്‍
രോഹിത് ശര്‍മ 92 റണ്‍സ് നേടിയിരുന്നു.

വെറും 41 പന്തില്‍ ഏഴു ഫോറും എട്ടു സിക്‌സും സഹിതമായിരുന്നു രോഹിതിന്റെ ഉജ്ജ്വല ഇന്നിംഗ്‌സ്. 15-ാം ഓവറിലെ മൂന്നാം പന്തില്‍ സൂര്യകുമാര്‍ പുറത്താവുമ്പോള്‍ ടീം സ്‌കോര്‍ 159ല്‍ എത്തിയിരുന്നു.

എന്നാല്‍ പിന്നീട് സ്‌കോറിംഗിന് വേഗം അത്ര പോരായിരുന്നെങ്കിലും ശിവം ദുബെ(22 പന്തില് 28), ഹാര്‍ദിക് പാണ്ഡ്യ(17 പന്തില്‍ പുറത്താവാതെ 27) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 205ല്‍ എത്തിച്ചു. രവീന്ദ്ര ജഡേജ അഞ്ചു പന്തില്‍ ഒമ്പതു റണ്‍സ് നേടി പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റോയിനിസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജോഷ് ഹേസല്‍വുഡ് നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി.

206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 43 പന്തില്‍ നിന്ന് നാല് സിക്സും ഒമ്പത് ഫോറുമടക്കം 76 റണ്‍സെടുത്ത ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

ആറു റണ്‍സെടുത്ത ഡേവിഡ് വാര്‍ണറിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും പിന്നീട് ഒത്തു ചേര്‍ന്ന ട്രവിസ് ഹെഡ്-മിച്ചല്‍ മാര്‍ഷ് സഖ്യം ഓസീസിനെ വിജയിപ്പിക്കും എന്ന് തോന്നിപ്പിക്കുന്ന ബാറ്റിംഗാണ് കാഴ്ച വച്ചത്.

സഖ്യം 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് മത്സരത്തില്‍ പിടിമുറുക്കി. കുല്‍ദീപ് യാദവിന്റെ പന്തില്‍ മാര്‍ഷിനെ കിടിലന്‍ ക്യാച്ചിലൂടെ പുറത്താക്കി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനവും മാര്‍ഷിന് തുണയായി. 28 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 37 റണ്‍സായിരുന്നു മാര്‍ഷിന്റെ സമ്പാദ്യം.

തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്സ്വെല്‍ 12 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത് പുറത്തായി. മാക്‌സ് വെല്ലിനെ കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

പിന്നാലെ മാര്‍ക്കസ് സ്റ്റോയ്നിസിനെയും (2) മടക്കി അക്ഷര്‍ ഓസീസിനെ പ്രതിരോധത്തിലാക്കി. 17-ാം ഓവറിലെ മൂന്നാം പന്തില്‍ ബുംറയ്‌ക്കെതിരേ കൂറ്റന്‍ അടിയ്ക്കു ശ്രമിച്ച ഹെഡ് രോഹിത് ശര്‍മയുടെ കൈകളില്‍ അവസാനിച്ചതോടെ ഓസീസ് പ്രതിരോധത്തിലായി.

മാത്യു വെയ്ഡ്(1), ടിം ഡേവിഡ്(15) എന്നിവരെ പുറത്താക്കി അര്‍ഷ്ദീപ് ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ഓവറില്‍ വെറും നാലു റണ്‍സാണ് ഓസീസിന് നേടാന്‍ കഴിഞ്ഞത്.

പാറ്റ് കമ്മിന്‍സ് 11 റണ്‍സുമായും മിച്ചല്‍ സ്റ്റാര്‍ക്ക് നാലു റണ്‍സുമായും പുറത്താവാതെ നിന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും ഇന്ത്യയ്ക്കായി ബൗളിംഗില്‍ തിളങ്ങി.

ഓസീസിന്റെ സെമി സാധ്യത ചൊവ്വാഴ്ച നടക്കുന്ന അഫ്ഗാനിസ്താന്‍ – ബംഗ്ലാദേശ് മത്സരത്തെ അനുസരിച്ചിരിക്കും. അഫ്ഗാന്‍ ജയിച്ചാല്‍ ഓസീസ് സെമി കാണാതെ പുറത്താകും. ബംഗ്ലാദേശ് മികച്ച റണ്‍റേറ്റില്‍ ജയിച്ചാലും ഓസീസിനത് വിനയാകും.

Related Articles

Back to top button