Cricket

സൂപ്പര്‍ എട്ടില്‍ സൂപ്പറായി തുടങ്ങി ഇന്ത്യ !! അഫ്ഗാനിസ്ഥാനെതിരേ 47 റണ്‍സിന്റെ വിജയം

ട്വന്റി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം വിജയിച്ച് ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരേ നടന്ന മത്സരത്തില്‍ 47 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടിയപ്പോള്‍. അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ 134 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

ബാറ്റിങ്ങില്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ബൗളിംഗില്‍ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും ഇന്ത്യക്കായി തിളങ്ങി.

ഇന്ത്യയുടേത് പതിഞ്ഞ തുടക്കമായിരുന്നു. ടീം സ്‌കോര്‍ 11-ല്‍ നില്‍ക്കേ രോഹിത് പുറത്തായി (13 പന്തില്‍ 8). ഫസല്‍ഹഖ് ഫാറൂഖിയുടെ പന്തില്‍ റഷീദ് ഖാന്‍ ക്യാച്ച് ചെയ്ത് മടക്കുകയായിരുന്നു. പിന്നാലെ ഋഷഭ് പന്തെത്തി സ്‌കോര്‍ വേഗം വര്‍ധിപ്പിച്ചു. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സായിരുന്നു ടീം സ്‌കോര്‍.

ആക്രമിച്ചു കളിച്ച പന്തിനെ ഏഴാം ഓവറില്‍ റഷീദ് ഖാനെത്തി പുറത്താക്കി (11 പന്തില്‍ 20). കോലിയും പന്തും ചേര്‍ന്ന് രണ്ടാംവിക്കറ്റില്‍ കെട്ടിയുയര്‍ത്തിയത് 43 റണ്‍സ്. റഷീദ് ഖാന്റെ അടുത്ത ഓവറില്‍ കോലിയും മടങ്ങി (24 പന്തില്‍ 24). പത്തോവറില്‍ 79 റണ്‍സിന് മൂന്ന് എന്ന നിലയിലായിരുന്നു ഇന്ത്യന്‍ സ്‌കോര്‍. 11-ാം ഓവറില്‍ ശിവം ദുബെയും (7 പന്തില്‍ 10) പുറത്തായതോടെ ഇന്ത്യ വീണ്ടും തകര്‍ച്ചയെ അഭിമുഖീകരിച്ചു. പിന്നീടാണ് സൂര്യകുമാറും ഹാര്‍ദിക്കും രക്ഷാപ്രവര്‍ത്തനം നടത്തിയത്.

28 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 53 റണ്‍സാണ് സൂര്യകുമാറിന്റെ സമ്പാദ്യം. ഹാര്‍ദിക് 24 പന്തില്‍ 32 റണ്‍സ് നേടി. ഇരുവരും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 31 പന്തില്‍ 60 റണ്‍സാണ് നേടിയത്.

റിഷഭ് പന്ത്(20), വിരാട് കോഹ് ലി(24) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. അഫ്ഗാനിസ്ഥാനുവേണ്ടി റഷീദ് ഖാന്‍, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി.

182 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു.

റഹ്‌മാനുള്ള ഗുര്‍ബാസ് (8 പന്തില്‍ 11), ഹസ്റത്തുള്ള സര്‍സായ് (4 പന്തില്‍ 2) എന്നിവരെ മടക്കിയ ബുംറ അഫ്ഗാന്‍ പോരാട്ടത്തിന്റെ മുനയൊടിക്കുകയായിരുന്നു.

അസ്മത്തുള്ള ഒമര്‍സായ് (20 പന്തില്‍ 26) ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇബ്രാഹിം സദ്രാന്‍ (11 പന്തില്‍ 8), ഗുലാബ്ദിന്‍ നയ്ബ് (21 പന്തില്‍ 17), നജീബുള്ള സദ്രാന്‍ (17 പന്തില്‍ 19), മുഹമ്മദ് നബി (14), റാഷിദ് ഖാന്‍ (6 പന്തില്‍ 2), നൂര്‍ അഹ്‌മദ് (12), നവീനുല്‍ ഹഖ് (പൂജ്യം), ഫസല്‍ഹഖ് ഫാറൂഖി (4*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സമ്പാദ്യം.

നാലോവറില്‍ ഒരു മെയ്ഡന്‍ അടക്കം ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറയുടെ ബൗളിംഗാണ് കളിയില്‍ നിര്‍ണായകമായത്.

അര്‍ഷ്ദീപ് സിങ് നാലോവറില്‍ 36 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടി. കുല്‍ദീപ് യാദവ് രണ്ടും രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി. നാളെ ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Related Articles

Back to top button