Cricket

സിഡ്‌നിയിലേക്കുള്ള വിമാനത്തില്‍ കയറ്റിയില്ല!! മുഹമ്മദ് ഹഫീസിനെ എയറിലാക്കി ഐസ്‌ലന്‍ഡുകാര്‍!!

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഡയറക്ടറും മുന്‍ താരവുമായ മുഹമ്മദ് ഹഫീസിന് സിഡ്‌നിയിലേക്കുള്ള വിമാനം നഷ്ടമായതു സംബന്ധിച്ച ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനു മുന്നോടിയായാണ് ഹഫീസ് ഓസ്‌ട്രേലിയയ്ക്ക് യാത്ര തിരിച്ചത്. നിലവില്‍ ആദ്യത്തെ രണ്ടു ടെസ്റ്റുകളും തോറ്റ് നില്‍ക്കുന്ന പാക്കിസ്ഥാന് വൈറ്റ് വാഷ് ഒഴിവാക്കുക മാത്രമാണ് ഇനി ലക്ഷ്യം.

ഹഫീസും ഭാര്യയും എയര്‍പോര്‍ട്ടിലെത്തിയത് നിര്‍ദ്ദിഷ്ട സമയത്തില്‍ നിന്നും വളരെ വൈകിയായതിനാല്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ ഇവരെ വിമാനത്തില്‍ കയറ്റാന്‍ തയ്യാറായില്ല. ഒടുവില്‍ മണിക്കൂറുകള്‍ക്കു ശേഷം മറ്റൊരു വിമാനത്തിലാണ് ഇവര്‍ സിഡ്‌നിയിലേക്ക് പറന്നത്.

പണ്ടു മുതല്‍ തന്നെ പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍മാര്‍ ട്രോളന്മാരുടെ വേട്ടമൃഗങ്ങള്‍ ആണെന്നിരിക്കെ ഹഫീസ് എയറില്‍ കയറാനും താമസമുണ്ടായില്ല.

ട്രോളുകളുടെ കാര്യത്തില്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ടീം തന്നെയാണ് ഇവിടെയും മുമ്പിലെത്തിയത്. അവരുടെ എക്‌സ് അക്കൗണ്ടിലൂടെ ഹഫീസിനെ കണക്കിന് പരിഹസിക്കുകയും ചെയ്തു.

”ഈ കഴിവുകളെല്ലാം കൊണ്ടു തന്നെ ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ എയര്‍ലൈന്‍സ് പോലും അവനെ പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്” ഇങ്ങനെയായിരുന്നു ഹഫീസിനെക്കുറിച്ചുള്ള മറ്റൊരാളുടെ ട്വീറ്റ് പങ്കുവെച്ചു കൊണ്ട് ഐസ് ലന്‍ഡ് ക്രിക്കറ്റ് എക്‌സില്‍ കുറിച്ചത്.


പരിക്കേറ്റ ഇമാം ഉള്‍ ഹഖിനു പകരം യുവതാരം സയിം അയൂബ് മൂന്നാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്. രണ്ടാം ടെസ്റ്റില്‍ ജയപ്രതീക്ഷ ഉയര്‍ത്തിയ ശേഷം 79 റണ്‍സിനാണ് പാക്കിസ്ഥാന്‍ തോല്‍വി ഏറ്റു വാങ്ങിയത്.

ഈ മത്സരശേഷം വികാരാധീനനായി മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ച ഹഫീസ് മത്സരത്തില്‍ ഓസ്‌ട്രേലിയയെക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തത് പാക്കിസ്ഥാന്‍ ആയിരുന്നുവെന്ന് പറഞ്ഞിരുന്നു. കളിയുടെ സമസ്ത മേഖലകളിലും മികച്ച പ്രകടനം പുറത്തെടുത്ത പാക്കിസ്ഥാന് തിരിച്ചടിയായ ചെറിയ ചില അബദ്ധങ്ങളാണെന്നും ഹഫീസ് പറഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ വിജയിക്കാനായില്ലെന്നുമായിരുന്നു ഹഫീസ് പറഞ്ഞത്.


എന്നാല്‍ ഇതിനെയും ട്രോളാന്‍ ഐസ്‌ലന്‍ഡുകാര്‍ മറന്നില്ല. ”ഇത് അതിശയകരമാണ്. ഇത്ര പ്രതിഭയുള്ളതും ഉജ്ജ്വലവുമായ ഒരു ടീം ഓസ്‌ട്രേലിയയില്‍ എങ്ങനെ തുടര്‍ച്ചയായി 16 മത്സരങ്ങള്‍ തോറ്റു ? ഭാഗ്യവാന്മാരായ ഓസ്‌ട്രേലിയക്കാര്‍ ഭാഗ്യവാന്മാരാകുന്നത് ഉടന്‍ നിര്‍ത്തുമെന്ന് തീര്‍ച്ചയാണ്.” ഇതിലും നന്നായി എങ്ങനെ ട്രോളാന്‍.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ 1995നു ശേഷം ഒരു ടെസ്റ്റ് വിജയമാണ് പാക്കിസ്ഥാന്‍ സിഡ്‌നിയില്‍ ലക്ഷ്യമിടുന്നത്. ബുധനാഴ്ചയാണ് മത്സരം.

Related Articles

Back to top button