Cricket

എന്നെപ്പറ്റി ഒരു ശതമാനം പോലും അറിയാത്ത ആളുകള്‍ വരെ കുറ്റം പറഞ്ഞു !! വിതുമ്പി ഹാര്‍ദിക് പാണ്ഡ്യ

ലോകകപ്പ് വിജയം ഏറെ വൈകാരികമായിരുന്നുവെന്ന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ.

ഐപിഎല്ലിലെ പ്രകടനത്തിന്റെ പേരില്‍ ആരാധകരാലും വിമര്‍ശകരാലും ഒരുപാട് പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയ ഹാര്‍ദിക് അതിനെല്ലാം ലോകകപ്പിലൂടെ മറുപടി നല്‍കി.

ടൂര്‍ണമെന്റിലുടനീളം ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയ താരം പ്രകടനം ഫൈനലിലും ആവര്‍ത്തിക്കുകയായിരുന്നു.

വിജയനിമിഷത്തില്‍ സന്തോഷത്തോടെ വിതുമ്പുന്ന ഹാര്‍ദിക്കിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കിരീടനേട്ടത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു താരം.

‘ലോകകപ്പ് നേട്ടം ഒരുപാട് വൈകാരികമായ നിമിഷമായിരുന്നു. എല്ലാ ഫൈനലിലും ഞങ്ങള്‍ ഒരുപാട് കഠിനാധ്വാനം ചെയ്തിരുന്നുവെങ്കിലും എന്തോ ഒന്ന് തടസ്സമായി നിന്നു. എന്നാല്‍ മുഴുവന്‍ രാജ്യവും ആഗ്രഹിച്ചിരുന്നതും കാത്തിരുന്നതും ഇത്തവണ ലഭിച്ചു’, പാണ്ഡ്യ പറയുന്നു.

‘ഈ വിജയവും കിരീടവും എന്നെ സംബന്ധിച്ചിടത്തോളം അല്‍പം സ്പെഷ്യലാണ്. കഴിഞ്ഞ ആറ് മാസങ്ങള്‍ എനിക്ക് എങ്ങനെയായിരുന്നു? ഒരക്ഷരം ഞാന്‍ സംസാരിച്ചിരുന്നില്ല. അത്ര മോശമായിരുന്നു കാര്യങ്ങള്‍.

പക്ഷേ കൂടുതല്‍ പരിശ്രമിച്ചാല്‍ ഒരിക്കല്‍ തിളങ്ങാന്‍ കഴിയുന്ന ദിനം വരുമെന്ന് എനിക്ക് അറിയാമായിരുന്നു. അതിന് ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്’. പാണ്ഡ്യ പറയുന്നു.

‘ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ ഒരു ശതമാനം പോലുമറിയാത്ത ആളുകള്‍ പോലും എന്നെപ്പറ്റി കുറ്റം പറഞ്ഞു. ആളുകളോട് നമ്മള്‍ വാക്കുകൊണ്ട് പ്രതികരിക്കരുത്. എല്ലാത്തിനോടും സാഹചര്യങ്ങളാണ് പ്രതികരിക്കുകയെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു’, ഹാര്‍ദ്ദിക് കൂട്ടിച്ചേര്‍ത്തു.

ഫൈനലില്‍ ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ചു നില്‍ക്കെ ഹെന്റിച്ച് ക്ലാസനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. അവസാന ഓവറില്‍ മില്ലറെ വീഴ്ത്തിയാണ് പാണ്ഡ്യ ഇന്ത്യന്‍ വിജയം ഉറപ്പിച്ചത്. റബാഡയുടെ വിക്കറ്റ് കൂടി വീഴ്ത്തി പാണ്ഡ്യ വിക്കറ്റ് നേട്ടം മൂന്നാക്കുകയും ചെയ്തു.

Related Articles

Back to top button