Cricket

ലോകകപ്പിന് ഹാര്‍ദിക് പാണ്ഡ്യയെക്കാള്‍ മിടുക്കനായ മറ്റൊരു താരമില്ല!! തുറന്നു പറച്ചിലുമായി മുന്‍ സെലക്ടര്‍

ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന ഹാര്‍ദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിലെടുത്തതും ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആക്കിയതും പലര്‍ക്കും ദഹിച്ചിട്ടില്ല.

ക്യാപ്റ്റന്‍ എന്ന നിലയിലും ഈ സീസണില്‍ താരം വലിയ പരാജയമായി. ഈ ഐപിഎല്‍ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായി മുംബൈ മാറിയതോടെ താരത്തിനു നേരെയുള്ള വിമര്‍ശനത്തിന്റെ ശക്തി പതിന്മടങ്ങായി.

അതേ സമയം ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ ഹാര്‍ദിക്കിനേക്കാള്‍ മികച്ച ഒരു ഫാസ്റ്റ് ബോളിങ് ഓള്‍റൗണ്ടര്‍ ഇന്ത്യയില്‍ ഉണ്ടാകില്ലെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ ടീം മുന്‍ സിലക്ടര്‍ എം.എസ്.കെ. പ്രസാദ്.

ഐപിഎല്ലില്‍ ഫോമിലേക്കു മടങ്ങിയെത്താന്‍ ബുദ്ധിമുട്ടിയ പാണ്ഡ്യയെ ആയിരിക്കില്ല ട്വന്റി20 ലോകകപ്പില്‍ കാണുകയെന്നും എം.എസ്.കെ. പ്രസാദ് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.

” പറയൂ, ഇന്ത്യയില്‍ ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ മികച്ച ഫാസ്റ്റ് ബോളിങ് ഓള്‍റൗണ്ടര്‍മാര്‍ ആരാണുള്ളത്. പാണ്ഡ്യ അടുത്തിടെ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയെന്നതു ശരിയാണ്. മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയത് താരത്തിന്റെ ഫോമിനെയും ബാധിച്ചിട്ടുണ്ടാകാം.” എം.എസ്.കെ. പ്രസാദ് പറയുന്നു.

”ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ എടുക്കുന്നതിനെപ്പറ്റിയും വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുന്നതിനെപ്പറ്റിയും രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

രോഹിത് ശര്‍മ ടീമിനൊപ്പം ഇല്ലാത്തപ്പോഴാണ് പാണ്ഡ്യയെ ക്യാപ്റ്റന്‍സി ഏല്‍പിച്ചത്. നേതൃനിരയിലേക്കുള്ള വഴിയിലാണ് ഹാര്‍ദിക് പാണ്ഡ്യയെന്നു വ്യക്തമാണ്. താരത്തെ തിരഞ്ഞെടുത്തതോടെ സിലക്ടര്‍മാര്‍ കൃത്യമായ കാര്യമാണു ചെയ്തത്.”

കഴിഞ്ഞ ട്വന്റി20 ലോകകപ്പിനു ശേഷം രോഹിത് ശര്‍മ ടീമില്‍നിന്നു മാറിനിന്നപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നത്. രോഹിത് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്കുവന്നതോടെ പാണ്ഡ്യ വഴിമാറിക്കൊടുക്കുകയായിരുന്നു.

”മുംബൈ ഇന്ത്യന്‍സില്‍ അദ്ദേഹത്തിന്റെ ഫോം നഷ്ടപ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ ഇന്ത്യന്‍ ജഴ്‌സി ധരിച്ചുകഴിഞ്ഞാല്‍ ഐപിഎല്ലിലെ പ്രശ്‌നങ്ങളെ പാണ്ഡ്യയ്ക്കു മാറ്റിനിര്‍ത്താനാകും.

ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ എന്തു വേണമെങ്കിലും പറയട്ടെ, പക്ഷേ ഇപ്പോഴും രാജ്യത്തെ മികച്ച ഫാസ്റ്റ് ബോളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ്.” എം.എസ്.കെ. പ്രസാദ് പ്രതികരിച്ചു.

ഐപിഎല്ലില്‍ മികച്ച വേറൊരു ഇന്ത്യന്‍ പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ഇല്ലാത്തതാണ് പാണ്ഡ്യയ്ക്ക് തുണയായത്. പിന്നെയുള്ള ശിവം ദുബെയാകട്ടെ ഇപ്പോള്‍ ബൗള്‍ ചെയ്യുന്നുമില്ല. അതിനാല്‍ തന്നെ ടീം പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ പാണ്ഡ്യയുടെ സ്ഥാനം ഉറപ്പായിരുന്നു.

Related Articles

Back to top button