Cricket

രോഹിതിന്റെ പിന്‍ഗാമിയായി സഞ്ജു ഇന്ത്യയെ നയിക്കും!! തുറന്നു പറച്ചിലുമായി ഇന്ത്യന്‍ ഇതിഹാസ താരം

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരേ നടന്ന ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടിയിരുന്നു.

രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്.

7.3 ഓവറില്‍ 52ന് നാല് എന്ന നിലയില്‍ തകര്‍ന്ന മുംബൈയെ കൈപിടിച്ചുയര്‍ത്തിയത് തിലക് വര്‍മ(65), നെഹാല്‍ വധേര(49) എന്നിവരുടെ ഇന്നിംഗ്സാണ്.

17 ഓവറില്‍ 161 റണ്‍സുണ്ടായിരുന്ന മുംബൈ അനായാസം 200ലെത്തുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും 18 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ശര്‍മയുടെ പ്രകടനമാണ് അവരെ തകര്‍ത്തത്. അവസാന മൂന്നോവറില്‍ വെറും പതിനെട്ടു റണ്‍സ് മാത്രം നേടിയ അവര്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ട്രെന്‍ഡ് ബോള്‍ട്ട് രണ്ടും ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ 18.4 ഓവറില്‍ രാജസ്ഥാന്‍ വിജയലക്ഷ്യം മറികടന്നു. 60 പന്തില്‍ പുറത്താകാതെ 104 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെ ബാറ്റിംഗാണ് അവര്‍ക്ക് കരുത്തായത്. ഒമ്പത് ബൗണ്ടറികളും ഏഴു സിക്സറുകളുമടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. ജോസ് ബട്ലര്‍(35), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(38*) എന്നിവരും മികച്ച പ്രകടനം നടത്തിയപ്പോള്‍ രാജസ്ഥാന്‍ അനായാസം വിജയലക്ഷ്യം മറികടന്നു. വിജയത്തോടെ എട്ടു മത്സരങ്ങളില്‍ ഏഴു വിജയവുമായി പ്ലേ ഓഫിനടുത്തെത്താനും രാജസ്ഥാനായി.


രാജസ്ഥാന്റെ വമ്പന്‍ വിജയത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. രോഹിത്തിന് ശേഷം ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ നായകനാകുക സഞ്ജുവാണെന്നും ഹര്‍ഭജന്‍ പറയുന്നു.

‘ സഞ്ജു സാംസണ്‍ ഉറപ്പായും അടുത്ത ട്വന്റി20 ലോകകപ്പ് ടീമിലെത്തും, മാത്രമല്ല രോഹിത്തിന്റെ കാലശേഷം അവന്‍ ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനുമാകും, ഹര്‍ഭജന്‍ പറഞ്ഞു. ഹര്‍ഭജന്റെ നാവ് പൊന്നാവട്ടെ എന്ന് ആശംസിക്കുകയാണ് സഞ്ജുവിന്റെ ആരാധകര്‍.

Related Articles

Back to top button