Cricket

എടാ മോനേ!! ഇന്ത്യയുടെ പരിശീലകനാകാന്‍ താന്‍ തയ്യാറെന്ന് മുന്‍ താരം; ഞെട്ടലോടെ ആരാധകര്‍

ട്വന്റി20 ലോകകപ്പിനു ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലന സ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ പുതിയ പരിശീലകനെത്തപ്പുകയാണ് ബിസിസിഐ.

മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററുമായ ഗൗതം ഗംഭീര്‍ മുതല്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായ ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ് വരെ പരിഗണനയിലുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗിനോടാണ് ബിസിസിഐയ്ക്ക് ഏറെ താല്‍പര്യമെങ്കിലും ടീമിന്റെ ഷെഡ്യൂള്‍ ഫ്‌ളെമിംഗിന് സ്വീകാര്യമല്ലെന്നാണ് വിവരം.

നിലവില്‍ വിവിധ ലീഗുകളിലായി നാലു ടീമുകളുടെ പരിശീലകനാണ് ഫ്‌ളെമിംഗ്. ചെന്നൈ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയെക്കൊണ്ട് സംസാരിപ്പിച്ച് ഫ്‌ളെമിംഗിനെ വരുതിയിലാക്കാമെന്നും ബിസിസിഐ കണക്കുകൂട്ടുന്നുണ്ട്. മഹേള ജയവര്‍ധന, ജസ്റ്റിന്‍ ലാംഗര്‍ എന്നിവരും പരിഗണനയിലുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഒരു അപ്രതീക്ഷിത താരമാണ് ഇന്ത്യന്‍ പരിശീലകനാകാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യയുടെ മുന്‍ സൂപ്പര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗാണത്.

ഇതിന് അപേക്ഷിക്കണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. കളിക്കാരെ നിയന്ത്രിക്കുക എന്നതാണ് പരിശീലകന്റെ ജോലി. സ്ട്രോക്കുകള്‍ കളിക്കാനോ ദൂസര ബൗള്‍ ചെയ്യാനോ അവര്‍ക്ക് ഇതിനകം അറിയാവുന്നതിനാല്‍ നിങ്ങള്‍ അവരെ തിരുത്തേണ്ടതില്ല.

എന്നിരുന്നാലും, അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിന് കുറച്ച് ഇന്‍പുട്ടുകള്‍ ആവശ്യമാണ്. ഒരു അവസരം ലഭിച്ചാല്‍ ഞാന്‍ ജോലിക്ക് തയ്യാറാണ്, കാരണം ക്രിക്കറ്റ് എനിക്ക് എല്ലാം തന്നു, ഗെയിമിന് എന്തെങ്കിലും തിരികെ നല്‍കാനുള്ള സമയമാണിത്. ഹര്‍ഭജന്‍ പറഞ്ഞു.

അതേസമയം, സ്ഥാനത്തേക്ക് പേപ്പറുകള്‍ സമര്‍പ്പിക്കാന്‍ ഭാജി തീരുമാനിച്ചിട്ടില്ലെങ്കിലും ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ അദ്ദേഹം തയ്യാറാണെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഭാജിയുടെ അഭിപ്രായത്തെ ഞെട്ടലോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. പൊതുവെ ചൂടനായ ഹര്‍ഭജന്‍ ഇന്ത്യയുടെ പരിശീലകനായാല്‍ പിന്നെ എന്തായിരിക്കും അവസ്ഥ എന്നോര്‍ത്ത് അന്തംവിടുകയാണ് അവര്‍.

Related Articles

Back to top button