Cricket

രോഹിതിനും കോഹ്‌ലിയ്ക്കും പകരക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ട് !! യുവതാരങ്ങളെ വാഴ്ത്തി സിംബാബ്‌വെന്‍ ഇതിഹാസം

ട്വന്റി20 ലോകകപ്പില്‍ ജേതാക്കളായതിനു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരങ്ങളായ വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ട്വന്റി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയോടെ ഏകദിന ഫോര്‍മാറ്റില്‍ നിന്നും മൂവരും വിരമിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തുകയെന്നുള്ള ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. പ്രത്യേകിച്ച് കോഹ്‌ലിക്കും രോഹിതിനും.

ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ സിംബാബ്വെ താരം ഹാമില്‍ട്ടണ്‍ മസാകഡ്സ. ഇന്ത്യയെ പോലൊരു രാജ്യത്ത് രോഹിതിനും കോഹ് ലിയ്ക്കും പകരക്കാരെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.

മസാകഡ്സയുടെ വാക്കുകള്‍… ”ശരിയാണ് അത്തരം കളിക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇന്ത്യയില്‍ ക്രിക്കറ്റിന് വിശാലമായ സാധ്യതകളുണ്ട്. ധാരാളം പ്രതിഭകള്‍ അവിടെയുണ്ട്. അവര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നമുണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ അവരുടെ നിലയിലെത്താന്‍ കഴിയുന്ന താരങ്ങളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം.” മസാകഡ്‌സ പറഞ്ഞു.

യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍ എന്നിവരെ കുറിച്ചും മസകാഡ്സ സംസാരിച്ചു. ”ഗില്‍ എങ്ങനെ കളിക്കുന്നുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍. മൂന്ന് ഫോര്‍മാറ്റിലും അവന്‍ കളിക്കുന്നത് ഞാന്‍ കണ്ടു. അവന്റെ ശൈലി ഞാന്‍ ആസ്വദിക്കുകയും ചെയ്തു. മുന്നേറാന്‍ കഴിവുള്ള താരമാണ് അവന്‍. ജയ്സ്വാളും മികച്ച രീതിയിലാണ് കരിയര്‍ ആരംഭിച്ചത്. രോഹിതിന്റേയും കോഹ്‌ലിയുടേയും അഭാവം നികത്താന്‍ ഇരുവര്‍ക്കും സാധിക്കുമെന്ന് എനിക്ക് തോന്നുന്നു.” മസാകഡ്‌സ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സിംബാബ് വെയില്‍ ട്വന്റി20 പരമ്പര കളിക്കുന്ന ഇന്ത്യന്‍ യുവനിര ആദ്യ മത്സരം തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ 100 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. അഭിഷേക് ശര്‍മയുടെ സെഞ്ചുറിയായിരുന്നു ഇന്ത്യന്‍ വിജയത്തിന് കാതലായത്. അടുത്ത രോഹിത് ശര്‍മ എന്ന വിളിപ്പേര് താരം ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.

Related Articles

Back to top button