Cricket

ഓസ്‌ട്രേലിയ-സ്‌കോട്ട്‌ലന്‍ഡ് മത്സരത്തിനിടെ ഇംഗ്ലണ്ട് ക്യാമ്പില്‍ നടന്നത് !! വെളിപ്പെടുത്തലുമായി മാക്‌സ്‌വെല്‍

ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ ഓസ്‌ട്രേലിയ-സ്‌കോട്ട്‌ലന്‍ഡ് മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിക്കാന്‍ അവരേക്കാള്‍ ആഗ്രഹിച്ചത് ഇംഗ്ലണ്ടായിരുന്നു.

കാരണം ആ മത്സരത്തില്‍ ഓസ്‌ട്രേലിയ ജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിനു സൂപ്പര്‍ എട്ടില്‍ പ്രവേശിക്കാനാവുമായിരുന്നുള്ളൂ. പ്രതീക്ഷ തെറ്റിക്കാതെ അവസാന ഓവറില്‍ മത്സരം ഓസ്‌ട്രേലിയ വിജയിച്ചതോടെയാണ് ഇംഗ്ലണ്ട് ക്യാമ്പിന് ശ്വാസം നേരെ വീണത്.

ഇപ്പോഴിതാ, ഈ മത്സരത്തിനിടെ ഇംഗ്ലണ്ട് ക്യാമ്പില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍.

ഓസ്‌ട്രേലിയയ്ക്ക് വിജയിക്കാന്‍ മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് വേണമായിരുന്നു. അപ്പോഴാണ് ടിം ഡേവിഡിന്റെ ക്യാച്ച് സ്‌കോട്‌ലാന്‍ഡ് ഫീല്‍ഡര്‍ വിട്ടുകളഞ്ഞത്. അങ്ങനെ സംഭവിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോയെന്ന് മാക്‌സ്‌വെല്‍ ചോദിച്ചു.

ആ സമയത്ത് ഇംഗ്ലണ്ട് ക്യാമ്പില്‍ വലിയ ശബ്ദങ്ങളുണ്ടായി. ചിലര്‍ മടക്കയാത്രയ്ക്ക് ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്നു. എന്നാല്‍ ചിലര്‍ അത് ക്യാന്‍സല്‍ ചെയ്യുന്നു.

ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒന്ന് രണ്ട് സന്ദേശം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ലഭിച്ചു. സത്യത്തില്‍ ഇംഗ്ലണ്ടിനെ പുറത്താക്കാനാണോ ഓസ്‌ട്രേലിയ കളിക്കുന്നത് എന്ന തരത്തിലുള്ള സന്ദേശവും ലഭിച്ചെന്ന് മാക്‌സ്‌വെല്‍ വെളിപ്പെടുത്തി.

ട്വന്റി 20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സ്‌കോട്‌ലാന്‍ഡ്, നമീബിയ, ഒമാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ടിരുന്നത്.

ഓസ്‌ട്രേലിയ തോല്‍വി അറിയാതെ മുന്നേറി. ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയും നമീബിയയെയും ഒമാനെയും തോല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സ്‌കോട്‌ലന്‍ഡിനെതിരായ മത്സരം മഴ മുടക്കുകയായിരുന്നു.

ഇതോടെയാണ് ഓസ്‌ട്രേലിയ-സ്‌കോട്‌ലന്‍ഡ് മത്സരം ഇംഗ്ലണ്ടിന് നിര്‍ണായമായത്. മത്സരം ഓസ്‌ട്രേലിയ വിജയിച്ചതോടെ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ കടക്കുകയും ചെയ്തു.

Related Articles

Back to top button