Cricket

വാര്‍ണര്‍ക്ക് പകരക്കാരനായി ഓപ്പണര്‍ സ്ഥാനത്തേക്കെത്തുന്നത് സൂപ്പര്‍താരം!! ഇനി കളി മാറും !!

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ഇനി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക സൂപ്പര്‍താരം സ്റ്റീവന്‍ സ്മിത്ത്. ഡേവിഡ് വാര്‍ണര്‍ വിരമിച്ച സാഹചര്യത്തില്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് ആരെ പരിഗണിക്കും എന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്മിത്തിന്റെ പേര് ഉരുത്തിരിഞ്ഞു വന്നത്.

സെലക്ടര്‍ ജോര്‍ജ് ബെയ്‌ലിയാണ് ഇന്ന് സ്മിത്തിന്റെ പേര് ഓപ്പണിംഗ് സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്. ഈ മാസം വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന രണ്ടു മത്സര ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായാണ് താരത്തെ ഓപ്പണറായി പ്രഖ്യാപിച്ചത്.

സ്മിത്തിനെ കൂടാതെ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയും ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷത്തില്‍ മുന്‍ ക്യാപ്റ്റന് നറുക്ക് വീഴുകയായിരുന്നു.

ടീമിനുള്ളില്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് വരാന്‍ താല്‍പര്യമുള്ളവരും വരാന്‍ താല്‍പര്യമില്ലാത്തവരും ഇഷ്ടം പോലെയുണ്ടായിരുന്നുവെന്ന് ബെയ്‌ലി പറഞ്ഞു.

”ഒടുവില്‍ സ്റ്റീവന്‍ സ്മിത്ത് ഓപ്പണിംഗ് സ്ഥാനം ഏറ്റെടുക്കാമെന്ന് പറഞ്ഞ് സ്വമേധയാ മുന്നോട്ടു വരികയായിരുന്നു. ഞങ്ങള്‍ ഇക്കാര്യം സെലക്ഷന്‍ പാനലിന്റെ അണിയറയില്‍ മുമ്പേ തന്നെ ചര്‍ച്ച ചെയ്തിരുന്നു. പരിശീലകരോടും പറഞ്ഞിരുന്നു.” ബെയ്‌ലി വ്യക്തമാക്കി.

” മധ്യനിരയിലെ ബാറ്റിംഗ് പൊസിഷനുകളില്‍ മികവു തെളിയിച്ച ഒരു താരം പുതിയ ചുമതലകള്‍ ഏറ്റെടുക്കാന്‍ തയ്യാറായി മുമ്പോട്ടു വരുന്നതിനെയും വ്യത്യസ്ഥമായ കാര്യങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നതിനെയും നിസ്വാര്‍ഥം എന്നേ വിശേഷിപ്പിക്കാനാവൂ.” ബെയ്‌ലി പറയുന്നു.

34കാരനായ സ്റ്റീവന്‍ സ്മിത്ത് നിലവില്‍ നാലാം നമ്പരിലാണ് ബാറ്റ് ചെയ്യുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ കാമറൂണ്‍ ഗ്രീന്‍ കളിക്കുമെന്നും സ്മിത്തിന്റെ പൊസിഷനായ നാലാം നമ്പരിലായിരിക്കും ഗ്രീന്‍ ഇറങ്ങുകയെന്നും ബെയ്‌ലി കൂട്ടിച്ചേര്‍ത്തു.

വാര്‍ണറുടെ പിന്‍ഗാമിയാവുമെന്ന് കരുതുന്ന മാറ്റ് റെന്‍ഷോയെയും സ്‌ക്വാഡില്‍ എടുത്തിട്ടുണ്ട്. വാര്‍ണര്‍ക്കു പകരം റെന്‍ഷോയെ ഉള്‍പ്പെടുത്തിയെന്നതു മാത്രമാണ് പാക്കിസ്ഥാനെതിരേ കളിച്ച ടീമില്‍ നിന്നുള്ള ഏക വ്യത്യാസം.

ജനുവരി 17ന് അഡ്‌ലെയ്ഡ് ഓവലിലാണ് ആദ്യ ടെസ്റ്റ്. 25ന് ബ്രിസ്‌ബെയ്ന്‍ ഗാബയിലാണ് രണ്ടാം ടെസ്റ്റ്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നു മത്സര ഏകദിന പരമ്പരയില്‍ പാറ്റ് കമ്മിന്‍സിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും അഭാവത്തില്‍ സ്റ്റീവന്‍ സ്മിത്ത് ക്യാപ്റ്റനാകും. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ബൗളര്‍ ലാന്‍സ് മോറിസിനെ ആദ്യമായി ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പേസര്‍ ജൈ റിച്ചാഡ്‌സണും ഏകദിന സ്‌ക്വാഡില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Related Articles

Back to top button