Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്റെ കാര്യത്തില്‍ തീരുമാനമായി !! ജൂണ്‍ അവസാന വാരം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. മുന്‍ താരം ഗൗതം ഗംഭീര്‍ ഇന്ത്യന്‍ കോച്ചാവുമെന്ന് ഉറപ്പായിക്കഴിഞ്ഞെന്നും ജൂണ്‍ അവസാനവാരം ബിസിസിഐ അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിക്കുമെന്നുമാണ് വിവരം.

ക്രിക്കറ്റ് ബോര്‍ഡിന്റെ ഉന്നതര്‍ അദ്ദേഹത്തിന്റെ പേര് അന്തിമമാക്കിയതായും പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവിലെ കോച്ചായ രാഹുല്‍ ദ്രാവിഡ് 2024ലെ ഐസിസി ട്വന്റി20 ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

2021ലെ ട്വന്റി20 ലോകകപ്പിന് ശേഷമാണ് ദ്രാവിഡ് ടീമിനൊപ്പം ചേര്‍ന്നത്. 2023ലെ ഏകദിന ലോകകപ്പിന് ശേഷം ആദ്യ കരാര്‍ അവസാനിക്കുകയും ചെയ്തു. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും നടക്കുന്ന ആഗോള ടൂര്‍ണമെന്റ് വരെ അദ്ദേഹത്തിന്റെ കരാര്‍ നീട്ടിനല്‍കുകയായിരുന്നു.

”ഗൗതം ഗംഭീറിന്റെ പേര് അന്തിമമായി, ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനം ഉണ്ടാകും. പുതിയ സപ്പോര്‍ട്ട് സ്റ്റാഫിനെയും അദ്ദേഹം തിരഞ്ഞെടുക്കും. നിലവിലുള്ള അംഗങ്ങള്‍ക്ക് പകരം അദ്ദേഹം തിരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വരും, ”ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

വിക്രം റാത്തൂര്‍ (ബാറ്റിംഗ്), പരസ് മാംബ്രെ (ബൗളിംഗ്), ടി. ദിലീപ് (ഫീല്‍ഡിംഗ്) എന്നിവര്‍ രോഹിത് ശര്‍മ നയിക്കുന്ന ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നു.

രവിശാസ്ത്രിയുടെ കാലത്താണ് വിക്രം റാത്തോറിനെ ബാറ്റിംഗ് കോച്ചായി നിയമിച്ചത്. അദ്ദേഹത്തെ തുടരാന്‍ ദ്രാവിഡ് അനുവദിക്കുകയായിരുന്നു. അതേസമയം പരാസിനെയും ദിലീപിനെയും ദ്രാവിഡിന്റെ നിര്‍ദേശ പ്രകാരം നിയമിച്ചതാണ്.

ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ഗംഭീര്‍ സമ്മതിച്ചതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള അദ്ദേഹത്തിന്റെ കാലാവധി ഒരു സീസണിന് ശേഷം അവസാനിക്കും.

ഐപിഎല്‍ 2024ല്‍ ടീമിന്റെ ഉപദേശകനായി എത്തിയ ഗംഭീര്‍ അവരെ മൂന്നാം കിരീടത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button