Cricket

വല്ല കാര്യവുമുണ്ടോ !! ഐപിഎല്ലിനിടെ പാക് താരങ്ങള്‍ക്ക് ഓണ്‍ലൈന്‍ കോച്ചിംഗ് നല്‍കി പുലിവാല് പിടിച്ച് ഗാരി കേഴ്സ്റ്റന്‍

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനായ ഗാരി കേഴ്സ്റ്റനാണ് വരാന്‍ പോകുന്ന ട്വന്റി20 ലോകകപ്പിനുള്ള പാക് ടീമിനെ പരിശീലിപ്പിക്കുന്നത്.

എന്നാല്‍ ഒരു ഓണ്‍ലൈന്‍ കോച്ചിംഗ് സെഷന്‍ കേഴ്‌സ്റ്റനെ പുലിവാലു പിടിപ്പിച്ചിരിക്കുകയാണ്. ഐപിഎല്‍ മത്സരത്തിനിടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുമായി കേഴ്സ്റ്റന്‍ വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയതാണു ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

പാക് താരങ്ങളുമായി സംസാരിക്കുന്ന കേഴ്സ്റ്റന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ രൂക്ഷവിമര്‍ശനമാണ് ആരാധകര്‍ സമൂഹമാധ്യമത്തില്‍ ഉയര്‍ത്തുന്നത്.

ഗുജറാത്തിന്റെ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അവസാനിച്ചതിനാല്‍ കേഴ്സ്റ്റന്‍ അധികം വൈകാതെ പാക് ക്യാമ്പിലേക്ക് പോകുമെന്നാണ് വിവരം.


എന്നാല്‍ എന്തെങ്കിലും അദ്ഭുതം സംഭവിച്ച് ഗുജറാത്ത് ക്വാളിഫൈ ചെയ്താല്‍ കേഴ്സ്റ്റന്റെ മടക്കം വൈകും. ഓണ്‍ലൈനില്‍ ഇരുന്ന് കേഴ്സ്റ്റന്‍ എങ്ങനെയാണ് പാക്കിസ്ഥാന്‍ ടീമിനെ തയാറെടുപ്പിക്കുകയെന്നാണ് ആരാധകരുടെ സംശയം.

” ലാപ് ടോപ്പിലൂടെ എങ്ങനെയാണ് ക്രിക്കറ്റ് കളിച്ചു പഠിക്കുക. മിക്കി ആര്‍തറെ പോലെ കേഴ്സ്റ്റനും ഓണ്‍ലൈന്‍ കോച്ചിംഗാണോ. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ക്രിക്കറ്റ് എന്നതു തമാശയാണോ? തപാലില്‍ നീന്തല്‍ പഠിക്കുന്നതു പോലെയാണോ ഓണ്‍ലൈന്‍ ക്രിക്കറ്റ് കോച്ചിംഗ് ? ഇത്തരക്കാരാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ ഈ അവസ്ഥയില്‍ എത്തിച്ചത്” എന്നിങ്ങനെ പോകുന്നു പാക്ക് ആരാധകരുടെ പ്രതികരണങ്ങള്‍.

അയര്‍ലന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ട്വന്റി20 പരമ്പര കളിക്കാനുള്ള തയാറെടുപ്പിലാണ് നിലവില്‍ പാക്കിസ്ഥാന്‍. ഗാരി കേഴ്സ്റ്റന്റെ അഭാവത്തില്‍ മുന്‍ പാക് താരം അസര്‍ മഹ്‌മൂദാണ് പാക്ക് ടീമിനെ ഇപ്പോള്‍ പരിശീലിപ്പിക്കുന്നത്.

ബൗളിംഗ് പരിശീലകനായ ജാസണ്‍ ഗില്ലസ്പിയും ഇപ്പോള്‍ പ്രധാന പരിശീലകന്റെ അഭാവം നികത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

പാക്ക് മുന്‍ താരങ്ങളായ മുഹമ്മദ് യൂസഫ്, സയീദ് അജ്മല്‍ എന്നിവരും ലോകകപ്പ് ടീമിനൊപ്പമുണ്ട്. ബാബര്‍ അസമാണ് പാക് ടീമിനെ ലോകകപ്പില്‍ നയിക്കുന്നത്.

ജൂണ്‍ ആറിന് യുഎസിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം. ജൂണ്‍ ഒന്‍പതിനാണ് ലോകകപ്പിലെ തീപാറുന്ന ഇന്ത്യ-പാക് പോരാട്ടം.

Related Articles

Back to top button