Cricket

പാക്കിസ്ഥാന്‍ ടീമിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തു പറയാന്‍ കൊള്ളില്ല !! ഗുരുതര ആരോപണങ്ങളുമായി ഗാരി കിര്‍സ്റ്റണ്‍

ട്വന്റി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്തായതിനു പിന്നാലെ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ ടീമിനെ ഹെഡ് കോച്ച് ഗാരി കിര്‍സ്റ്റണ്‍ രംഗത്ത്.

പാകിസ്ഥാന്‍ ടീമില്‍ ഐക്യമില്ലെന്ന് കിര്‍സ്റ്റണ്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തന്റെ നീണ്ട പരിശീലന ജീവിതത്തില്‍ ”അത്തരമൊരു സാഹചര്യം കണ്ടിട്ടില്ല” എന്നാണ് പരിശീലകന്‍ പറഞ്ഞത്.

മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറെ പരിശീലകനായി തിരഞ്ഞെടുത്ത ശേഷമുള്ള പാക്കിസ്ഥാന്റെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്.

ഇതിനു മുമ്പത്തെ ട്വന്റി20 ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായ ടീം ഇക്കുറി പരമദയനീയമായ പ്രകടനമാണ് പുറത്തെടുത്തത്.

ഒരുപക്ഷെ അവരുടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനം എന്നു തന്നെ വേണമെങ്കില്‍ വിശേഷിപ്പിക്കാം.

അയര്‍ലന്‍ഡിനെതിരേ പൊരുതി നേടിയ ആശ്വാസ ജയത്തോടെയാണ് അവര്‍ ലോകകപ്പ് ക്യാമ്പെയ്ന്‍ അവസാനിപ്പിക്കുന്നത്.

ചിരവൈരികളായ ഇന്ത്യയോട് ഏറ്റുമുട്ടലില്‍ തോല്‍ക്കുന്നതിന് മുമ്പ് പുതുമുഖങ്ങളായ അമേരിക്കയോട് ഏറ്റുവാങ്ങിയ അപ്രതീക്ഷിത തോല്‍വിയാണ് പാക്കിസ്ഥാന്റെ ചീട്ട് കീറിയത്.

അമേരിക്കയ്‌ക്കെതിരായ മത്സരത്തിലൊഴികെ മിന്നുന്ന പ്രകടനമാണ് പാക് ബൗളിംഗ് നിര പുറത്തെടുത്തതെങ്കിലും അവരുടെ ബാറ്റിംഗ് അമ്പേ പരാജയമായതാണ് അവര്‍ക്ക് വിനയായത്.

പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2011 ലെ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച, ഇപ്പോഴത്തെ പാക് പരിശീലകന്‍ ഗാരി കിര്‍സ്റ്റണ്‍ രൂക്ഷ വിമര്‍ശനമാണ് ടീമിന് എതിരെ ഉന്നയിച്ചിരിക്കുന്നത്.

”പാകിസ്ഥാന്‍ ടീമില്‍ ഐക്യമില്ല. അവര്‍ അതിനെ ഒരു ടീം എന്ന് വിളിക്കുന്നു, പക്ഷേ അതൊരു ടീമല്ല. അവര്‍ പരസ്പരം പിന്തുണയ്ക്കുന്നില്ല. എല്ലാവരും തമ്മില്‍ വഴക്കാണ്. ഓരോരുത്തര്‍ ഓരോ ഭാഗം പിടിക്കുന്നു. ഞാന്‍ നിരവധി ടീമുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, പക്ഷേ ഞാന്‍ ഇത്തരമൊരു സാഹചര്യം ഒരിക്കലും കണ്ടിട്ടില്ല,” കിര്‍സ്റ്റണ്‍ പറഞ്ഞു.

കളിക്കാരുടെ ഫിറ്റ്നസ് നിലവാരത്തില്‍ കിര്‍സ്റ്റണ്‍ അതൃപ്തി പ്രകടിപ്പിച്ചതായിട്ടും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫിറ്റ്‌നസ് നിലവാരത്തിന്റെ കാര്യത്തില്‍ ടീം വളരെ പിന്നിലാണെന്നും കിര്‍സ്റ്റണ്‍ പറയുന്നു.

ഫിറ്റ്‌നസില്‍ വളരെ പിറകിലുള്ള അസംഖാനെപ്പോലെയുള്ള താരങ്ങളെ സ്ഥിരമായി ടീമിലുള്‍പ്പെടുത്തേണ്ട സാഹചര്യവും കിര്‍സ്റ്റണെ അസ്വസ്ഥനാക്കുന്നുണ്ട്. ലോകകപ്പിലെ തോല്‍വി കിര്‍സ്റ്റന്റെ സ്ഥാനം തെറിപ്പിച്ചേക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button