Cricket

പഴയ സഹതാരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ റബാഡയ്ക്ക് ജയം !! പൊരുതിത്തോറ്റ് ആന്‍ഡ്രിയാസ് ഗോസ്

സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. അമേരിക്കയെ 18 റണ്‍സിനാണ് അവര്‍ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എടുത്തപ്പോള്‍ അമേരിക്കയുടെ മറുപടി ആറു വിക്കറ്റ് നഷട്ത്തില്‍ 176ല്‍ ഒതുങ്ങി.

ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ അമേരിക്ക ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

ഇന്നിംഗ്‌സ് തുടങ്ങി അധികം വൈകാതെ പ്രോട്ടീയാസിന് ആദ്യ വിക്കറ്റ് നഷ്ടമായി. നേത്രവല്‍ക്കറുടെ പന്തില്‍ റീസാ ഹെന്‍ട്രിക്‌സ്(11) പുറത്ത്.

മൂന്നോവറില്‍ 17ന് ഒന്ന് എന്ന നിലയില്‍ പരുങ്ങിയ അവര്‍ക്ക് രക്ഷയായത് ജസ്ദീപ് സിംഗ് എറിഞ്ഞ നാലാം ഓവറാണ്.

ഈ ഓവറില്‍ 28 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ഇതില്‍ 22ഉം പിറന്നത് ക്വിന്റണ്‍ ഡി കോക്കിന്റെ ബാറ്റില്‍ നിന്നായിരുന്നു. ക്യാപ്റ്റന്‍ മാര്‍ക്രവും ഡി കോക്കിനൊപ്പം കൂടിയതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നു.

ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 110 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഡി കോക്ക് 40 പന്തില്‍ ഏഴു ഫോറും അഞ്ചു സിക്‌സും സഹിതം 74 റണ്‍സ് എടുത്തു പുറത്തായപ്പോള്‍ മാര്‍ക്രം 32 പന്തില്‍ 46 റണ്‍സ് നേടി.

ഡേവിഡ് മില്ലര്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ഹെന്‍ റിച്ച് ക്ലാസന്‍(22 പന്തില്‍ 36), ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ്(16 പന്തില്‍ 20) എന്നിവര്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 194ല്‍ എത്തിച്ചു.

നാലോവറില്‍ 21 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ സൗരഭ് നേത്രവല്‍ക്കറും നാലോവറില്‍ 24 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹര്‍മീത് സിംഗും യുഎസിനായി ബൗളിംഗില്‍ തിളങ്ങി.

195 എന്ന വലിയ വിജയലക്ഷ്യവുമായിറങ്ങിയ അമേരിക്കയ്ക്ക് താരതമ്യേന മികച്ച തുടക്കം ലഭിച്ചെങ്കിലും അവര്‍ക്കത് നിലനിര്‍ത്താനായില്ല. 11.1 ഓവറില്‍ 76ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്ന അവരെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. ഓപ്പണര്‍ ആന്‍ഡ്രിയാസ് ഗോസും ഹര്‍മീത് സിംഗും തമ്മിലുള്ള കൂട്ടുകെട്ടാണ്.

ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ വെറും 42 പന്തില്‍ 91 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഹര്‍മീത് സിംഗ്(22 പന്തില്‍ 38) പുറത്തായതിനു ശേഷം എത്തിയ ജസ്ദീപ് സിംഗിന് താളം കണ്ടെത്താനാകാഞ്ഞതോടെ അമേരിക്ക പരിജയം ഏറ്റു വാങ്ങുകയായിരുന്നു.

രണ്ടോവറില്‍ 28 റണ്‍സ് വേണമെന്നിരിക്കേ 19-ാം ഓവറെറിഞ്ഞ കഗിസോ റബാഡയുടെ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. ഓവറില്‍ വെറും രണ്ടു റണ്‍സ് വിട്ടുകൊടുത്ത് ഹര്‍മീത് സിംഗിന്റെ നിര്‍ണായക വിക്കറ്റെടുത്ത റബാഡയാണ് കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കിയത്.


ഒടുവില്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 176 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 47 പന്തില്‍ 80 റണ്‍സുമായി ഓപ്പണര്‍ ആന്‍ഡ്രിയാസ് ഗോസ് പുറത്താവാതെ നിന്നു. അഞ്ചു വീതം ഫോറും സിക്‌സും സഹിതമായിരുന്നു ഗോസിന്റെ ഇന്നിംഗ്‌സ്.

റണ്‍ ചേസിംഗില്‍ തോല്‍ക്കുന്ന ടീമിലെ ഓപ്പണര്‍ പുറത്താവാതെ നേടുന്ന ഏറ്റവും വലിയ സ്‌കോറാണ് ഗൗസ് നേടിയ 80 റണ്‍സ്.

2013ലെ അണ്ടര്‍19 ലോകകപ്പില്‍ദക്ഷിണാഫ്രിക്കയ്ക്കായി ഒരുമിച്ചു കളിച്ച കഗിസോ റബാഡയും ആന്‍ഡ്രിയാസ് ഗോസും തമ്മിലുള്ള ഏറ്റുമുട്ടലിനും മത്സരം സാക്ഷ്യം വഹിച്ചു.

രണ്ടുപേരും മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നാലോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത കഗിസോ റബാഡ ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായക ഘടകമായപ്പോള്‍ അമേരിക്കയെ വിജയത്തിനരികിലെത്തിക്കാന്‍ പഴയ സഹതാരത്തിനായി.

Related Articles

Back to top button