Cricket

ഓസ്‌ട്രേലിയന്‍ താരം ജോ ബേണ്‍സ് ഇറ്റലിയുടെ ദേശീയ ടീമില്‍ !! അമ്പരപ്പോടെ ക്രിക്കറ്റ് ലോകം

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ജോ ബേണ്‍സ് ഇനി ഇറ്റാലിയന്‍ താരം. താന്‍ ഇറ്റലിയുടെ ദേശീയക്രിക്കറ്റ് ടീമില്‍ ചേര്‍ന്നുവെന്ന് കഴിഞ്ഞ ദിവസമാണ് ഓസീസ് മുന്‍ ഓപ്പണര്‍ വെളിപ്പെടുത്തിയത്.

2026 ട്വന്റി20 ലോകകപ്പിന് യോഗ്യത നേടാന്‍ ഇറ്റലിയെ സഹായിക്കുകയാണ് ലക്ഷ്യമെന്നും മരണപ്പെട്ടു പോയ തന്റെ സഹോദരനോടുള്ള ആദരവര്‍പ്പിക്കല്‍ കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

അമ്മ വഴി ഇറ്റാലിയന്‍ പാരമ്പര്യമുള്ള ആളാണ് 34കാരനായ ജോ ബേണ്‍സ്. 85-ാം നമ്പര്‍ ജഴ്‌സിയാവും ഇറ്റാലിയന്‍ ടീമില്‍ ബേണ്‍സ് അണിയുക.

ഓസ്‌ട്രേലിയന്‍ ലോക്കല്‍ ക്രിക്കറ്റില്‍ ബേണ്‍സിന്റെ സഹോദരന്‍ അണിഞ്ഞിരുന്നത് 85-ാം നമ്പര്‍ ജഴ്‌സിയാണ്. അദ്ദേഹം ജനിച്ച വര്‍ഷത്തെ സൂചിപ്പിക്കുന്നതായിരുന്നു അത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ബേണ്‍സിന്റെ സഹോദരന്‍ ഡോമിനിക് ഈ ലോകത്തോടു വിടപറഞ്ഞത്.


ഓസ്‌ട്രേലിയയ്ക്കായി 2014-2020 കാലഘട്ടത്തില്‍ 23 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരമാണ് ബേണ്‍സ്. നാലു സെഞ്ചുറികള്‍ ഉള്‍പ്പെടെ 1442 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആറ് ഏകദിനങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചു.

” ഇത് വെറുമൊരു നമ്പരല്ല, ഇത് വെറുമൊരു ജഴ്‌സിയുമല്ല” 85-ാം നമ്പര്‍ ജഴ്‌സി അണിയുന്നതിനെക്കുറിച്ച് ബേണ്‍സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ഇറ്റാലിയന്‍ ജഴ്‌സിയുടെ ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്റെ ഈ കുറിപ്പ്.

സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് അഭിമാനപൂര്‍വം നോക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണിതെന്നും ബേണ്‍സിന്റെ കുറിപ്പില്‍ പറയുന്നു.

തന്റെ ആത്മാവിന്റെ ഒരു ഭാഗം എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുകയാണെന്നും അവന്റെ ആത്മാവിനെ വഹിക്കുന്ന ഈ ഷര്‍ട്ട് തനിക്ക് കരുത്ത് നല്‍കുമെന്ന് വിശ്വസിക്കുന്നതായും ബേണ്‍സ് പറഞ്ഞു.

സബ്-റീജണല്‍ ക്വാളിഫയറുകളില്‍ വിജയിക്കുകയാണ് 2026 ലോകകപ്പിലേക്ക് ഇറ്റലിയെ നയിക്കാന്‍ ബേണ്‍സിനു മുമ്പിലുള്ള ആദ്യ വെല്ലുവിളി.

”ഗാബയില്‍ നിന്നും എംസിജി(മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്)യില്‍ നിന്നും റോം ഏറെ അകലെയായിരിക്കാം. എന്നാല്‍ എനിക്ക് വീട്ടില്‍ വന്ന അനുഭൂതിയാണുള്ളത്, നന്ദി” ബേണ്‍സ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button