Cricket

അസാധ്യ ക്യാച്ചില്‍ ഒരു റണ്‍സ് അകലെ നഷ്ടമായത് ലോകറെക്കോഡ് !! കൗണ്ടിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ലോക റെക്കോഡ് റണ്‍ചേസിന് ഒരു റണ്‍സ് അകലെ സമനിലയില്‍ വീണ് ഗ്ലാമോര്‍ഗന്‍.

ഡിവിഷന്‍ 2 പോരാട്ടത്തില്‍ ഗ്ലൗസെസ്റ്റര്‍ഷെയറിനെതിരെ 593 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗ്ലാമോര്‍ഗന് ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു ലോക റെക്കോര്‍ഡ് ജയത്തിനായി വേണ്ടിയിരുന്നത്.

ഗ്ലൗസെസ്റ്റര്‍ഷെയര്‍ പേസര്‍ അജീത് സിംഗ് ഡെയ്ല്‍ എറിഞ്ഞ പന്തില്‍ ഗ്ലാമോര്‍ഗന്റെ അവസാന ബാറ്ററായിരുന്ന ജാമി മക്ലോറിയെ വിക്കറ്റ് കീപ്പര്‍ ജെയിംസ് ബ്രെസെ വിക്കറ്റിന് പിന്നില്‍ ഗ്ലൗസ് പോലും ധരിക്കാതെ ഒറ്റക്കൈയില്‍ പറന്നു പിടിച്ചതോടെയാണ് മത്സരം ടൈ ആയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസിനായി അവസാന പന്തില്‍ ഒരു റണ്‍സായിരുന്നു ഗ്ലാമോര്‍ഗന് വേണ്ടിയിരുന്നത്. എന്നാല്‍ ജാമി മക്ലോറി പുറത്തായതോടെ മത്സരം ടൈ ആവുകയായിരുന്നു.

ഗ്ലാമോര്‍ഗന് വേണ്ടി ക്യാപ്റ്റന്‍ സാം നോര്‍ത്ത് ഈസ്റ്റ് 187 റണ്‍സടിച്ചപ്പോള്‍ ഓസീസ് താരം മാര്‍നസ് ലാബുഷെയ്ന്‍ 119 റണ്‍സടിച്ചു.

ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനെതിരെ 536 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് സോണ്‍ 541 റണ്‍സടിച്ച് ജയിച്ചതാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറിലെ ഏറ്റവും വലിയ റണ്‍ചേസ്.

ഗ്ലൗസെസ്റ്റര്‍ഷെയറിനായി മാറ്റ് ടെയ്ലര്‍ 120 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. തോറ്റെങ്കിലും ഇംഗ്ലണ്ടിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നാലാം ഇന്നിംഗ്‌സിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഫസ്റ്റ് ക്ലാസ് ചരിത്രത്തിലെ മൂന്നാമത്തെ വലിയ നാലാം ഇന്നിംഗ്‌സ് സ്‌കോറും സ്വന്തമാക്കാന്‍ ഗ്ലാമോര്‍ഗനായി.

അവസാന ഓവറില്‍ രണ്ടു റണ്‍സ് മതിയായിരുന്ന ഗ്ലാമോര്‍ഗന് ആദ്യ നാല് പന്തിലും റണ്‍സ് നേടാനായില്ല. അഞ്ചാം പന്തില്‍ സിംഗിള്‍ നേടിയെങ്കിലും ആറാം പന്തില്‍ ജയിംസ് ബ്രെസെയുടെ ക്യാച്ച് എല്ലാ പ്രതീക്ഷകളും തെറ്റിക്കുകയായിരുന്നു.

ഗ്ലൗസെസ്റ്റര്‍ഷെയറിനായി രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താകാതെ ഇരട്ട സെഞ്ചുറി നേടിയ ജയിംസ് ബ്രെസെ മത്സരത്തില്‍ രണ്ടിംഗ്‌സുകളിലുമായി 10 ക്യാച്ചുമെടുത്തു. ഈ അപൂര്‍വ ഡബിള്‍ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരമാണ് ബ്രെസെ.

Related Articles

Back to top button