Cricket

ഇംഗ്ലണ്ടിന് ‘സ്‌കോട്ട്’ അടിച്ചു; ആദ്യ റൗണ്ടില്‍ പുറത്താകാതിരിക്കാന്‍ കനിയേണ്ടത് കങ്കാരുകള്‍!!

ഒമാനെതിരേ 41 പന്തുകള്‍ ബാക്കിനില്‍ക്കേ 7 വിക്കറ്റ് ജയം നേടിയതോടെ സ്‌കോട്‌ലന്‍ഡ് ലോകകപ്പില്‍ സൂപ്പര്‍ എട്ടിന് അരികില്‍. അവസാന മല്‍സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റാല്‍പ്പോലും സ്‌കോട്ടിഷ് പടയാളികളുടെ അവസാന എട്ടിലേക്കുള്ള സാധ്യതകള്‍ തുറന്നു തന്നെ കിടക്കും.

ഗ്രൂപ്പ് ബിയില്‍ ഒമാനൊഴികെ ആര്‍ക്കു വേണമെങ്കിലും സൂപ്പര്‍ എട്ടിലെത്താമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഇംഗ്ലണ്ടിനെ അടിച്ചു പുറത്തിടാന്‍ ഒമാനും സാധിക്കും. എന്തും സംഭവിക്കാവുന്ന രീതിയില്‍ കലുഷിതമാണ് ബി ഗ്രൂപ്പ്. 3 കളിയില്‍ 5 പോയിന്റുമായി സ്‌കോട്‌ലന്‍ഡാണ് നിലവില്‍ മുന്നില്‍.

എന്നാല്‍ അവര്‍ സൂപ്പര്‍ എട്ട് ബെര്‍ത്ത് ഉറപ്പിച്ചിട്ടുമില്ല. 2 കളിയില്‍ 4 പോയിന്റുള്ള ഓസ്‌ട്രേലിയയ്ക്ക് അടുത്ത 2 കളിയില്‍ ഒരു ജയമുണ്ടെങ്കില്‍ അടുത്ത റൗണ്ടിലെത്താം. ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്ത് നമീബിയയാണ്. അവര്‍ക്ക് പിന്നില്‍ നാലാമതാണ് ഇംഗ്ലണ്ട്.

പാക്കിസ്ഥാന്‍ ഗ്രൂപ്പ് എയില്‍ തോറ്റിട്ടാണ് നാലാമത് നില്‍ക്കുന്നതെങ്കില്‍ ഇംഗ്ലണ്ടിന് പണിയായത് മഴകാരണം ആദ്യ മല്‍സരം ഉപേക്ഷിച്ചതാണ്. ഒരുപക്ഷേ സ്‌കോട്‌ലന്‍ഡിനെതിരായ ആ മല്‍സരം നടന്നിരുന്നെങ്കില്‍ ഇംഗ്ലണ്ട് തോല്‍ക്കാനായിരുന്നു സാധ്യത.

ഒാസ്‌ട്രേലിയയ്‌ക്കെതിരായ അവസാന മല്‍സരത്തില്‍ സ്‌കോട്‌ലന്‍ഡ് വലിയ തോല്‍വി വഴങ്ങിയില്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ മുന്നോട്ടുപോക്ക് അവതാളത്തിലാകും. നിലവില്‍ 2.164 ആണ് സ്‌കോട്‌ലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ്. ഇംഗ്ലണ്ടിന്റേതാകട്ടെ മൈനസ് 1.80 ആണ്. ഇംഗ്ലണ്ടിന് ഇനി ശേഷിക്കുന്നത് ഒമാന്‍ (ജൂണ്‍ 14), നമീബിയ (ജൂണ്‍ 15) എന്നിവര്‍ക്കെതിരേയാണ്.

ആന്റിഗ്വയില്‍ നടക്കുന്ന ഈ രണ്ട് മല്‍സരങ്ങള്‍ക്കും മഴഭീഷണിയുണ്ട്. മഴമൂലം കളി ഉപേക്ഷിച്ചാലും ഓവര്‍ വെട്ടിക്കുറച്ചാലും ഇംഗ്ലണ്ടിനത് ഭീഷണിയാണ്. വലിയ ജയങ്ങളില്ലെങ്കില്‍ അവരുടെ നെറ്റ് റണ്‍റേറ്റ് ഉയരില്ല. ജയിച്ചില്ലെങ്കില്‍ പോയിന്റില്‍ ആദ്യ രണ്ട് സ്ഥാനത്ത് എത്തുകയുമില്ല.

ഓസ്‌ട്രേലിയയ്‌ക്കെതിരേ ചെറിയ തോല്‍വി സ്‌കോട്‌ലന്‍ഡിനെ സംബന്ധിച്ച് വലിയ പ്രശ്‌നമില്ല. ജൂണ്‍ 16ന് ഓസീസിനെതിരേ നടക്കുന്ന ഈ ഡേനൈറ്റ് മല്‍സരത്തിനും മഴയുടെ ഭീഷണിയുണ്ട്. ഈ കളി ഉപേക്ഷിക്കപ്പെട്ടാല്‍ ഓസീസും സ്‌കോട്‌ലന്‍ഡുമാകും ഗ്രൂപ്പില്‍ നിന്ന് അടുത്ത റൗണ്ടിലേക്ക് കടക്കുക.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് അതിനിര്‍ണായക ആഴ്ച്ചയാണ് വരുന്നത്. മഴമൂലം ഏതെങ്കിലുമൊരു മല്‍സരം ഉപേക്ഷിക്കപ്പെട്ടാല്‍ ജോസ് ബട്‌ലറും സംഘവും തിരിച്ചുപോകാനുള്ള വിമാനടിക്കറ്റ് തയാറാക്കേണ്ടിവരും.

Related Articles

Back to top button