Cricket

വിന്‍ഡീസിനെതിരേ പുഷ്പം പോലെ ജയിച്ച് ഇംഗ്ലണ്ട് !! കൊടുങ്കാറ്റായി ഫിലിപ്പ് സാള്‍ട്ട്

ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ മലര്‍ത്തിയടിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്.
എട്ടുവിക്കറ്റിന്റെ ആധികാരിക ജയമാണ് ഇംഗ്ലീഷ് പട സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടിയപ്പോള്‍ 17.3 ഓവറില്‍ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

സെന്റ് ലൂസിയയിലെ ഡാരന്‍ സാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് വിന്‍ഡീസിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഓപ്പണര്‍ ബ്രണ്ടന്‍ കിംഗ്(13 പന്തില്‍ 23 ) റിട്ടയേര്‍ഡ് ഹര്‍ട്ടായി പുറത്തായതോടെ റണ്ണൊഴുക്കിന്റെ വേഗത കുറഞ്ഞു.

തുടര്‍ന്ന് ജോണ്‍സണ്‍ ചാള്‍സ്(34 പന്തില്‍ 38), നിക്കോളാസ് പൂറന്‍(32 പന്തില്‍ 36) എന്നിവര്‍ പിടിച്ചു നിന്നെങ്കിലും റണ്‍റേറ്റ് ഉയര്‍ത്തായായില്ല.

എന്നാല്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ക്യാപ്റ്റന്‍ റോവ്മാന്‍ പവലും ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡും ചേര്‍ന്ന് വിന്‍ഡീസിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.

പവല്‍ 17 പന്തില്‍ അഞ്ചു സിക്‌സറുകള്‍ സഹിതം 36 റണ്‍സ് നേടിയപ്പോള്‍ 15 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 28 റണ്‍സായിരുന്നു റുഥര്‍ഫോര്‍ഡിന്റെ സമ്പാദ്യം.

ഇംഗ്ലീഷ് നിരയില്‍ ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മൊയീന്‍ അലി, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

181 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ ജോസ് ബട്‌ലറും ഫിലിപ്പ് സാള്‍ട്ടും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

22 പന്തില്‍ 25 റണ്‍സ് നേടിയ ബട്‌ലറെ റോസ്റ്റന്‍ ചേസ് വിക്കറ്റിനു മുമ്പില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്നെത്തിയ മൊയീന്‍ അലിയ്ക്കും അധികം പിടിച്ചു നില്‍ക്കാനില്ല. ആന്ദ്രേ റസലിന്റെ പന്തില്‍ ജോണ്‍സണ്‍ ചാള്‍സ് പിടിച്ചു പുറത്താവുമ്പോള്‍ 10 പന്തില്‍ 13 റണ്‍സായിരുന്നു അലിയുടെ സമ്പാദ്യം.

എന്നാല്‍ ജോണി ബെയര്‍സ്‌റ്റോ ഫിലിപ് സാള്‍ട്ടിനു കൂട്ടായെത്തിയതോടെ കളി ഇംഗ്ലണ്ടിന്റെ വരുതിയിലാവുകയായിരുന്നു. അപരാജിതമായ മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 97 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ഫിലിപ്പ് സാള്‍ട്ട് 47 പന്തില്‍ ഏഴു ഫോറും അഞ്ചു സിക്‌സും സഹിതം 87 റണ്‍സ് നേടിയപ്പോള്‍ 26 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്‌സും സഹിതം 48 റണ്‍സായിരുന്നു ബെയര്‍‌സ്റ്റോയുടെ സമ്പാദ്യം.

റോമാരിയോ ഷെപ്പേര്‍ഡെറിഞ്ഞ 16-ാം ഓവറില്‍ മൂന്നു വീതം സിക്‌സറും ഫോറും സഹിതം 30 റണ്‍സാണ് ഫിലിപ്പ് സാള്‍ട്ട് അടിച്ചു കൂട്ടിയത്.

നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. ജൂണ്‍ 22ന് വെസ്റ്റ് ഇന്‍ഡീസ് അമേരിക്കയെ നേരിടും.

Related Articles

Back to top button