Cricket

‘ജോസ്’ അടിച്ചു കയറി, ഹാട്രിക്കുമായി ജോര്‍ദാന്‍ !! യുഎസിനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍

ഈ ട്വന്റി20 ലോകകപ്പില്‍ സെമിഫൈനലിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. നിര്‍ണായക മത്സരത്തില്‍ യുഎസ്എയെ പത്തു വിക്കറ്റിനു തകര്‍ത്താണ് ഇംഗ്ലീഷ് പടയുടെ തേരോട്ടം.

യുഎസ്എ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് വെറും 9.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ (38 പന്തില്‍ 83*), ഫില്‍ സോള്‍ട്ട് (21 പന്തില്‍ 25*) എന്നിവരുടെ ഉജ്ജ്വല ബാറ്റിംഗാണ് അവരുടെ ജയം അനായസമാക്കിയത്.

റണ്‍റേറ്റ് നിര്‍ണായക ഘടകമായതിനാല്‍ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബ ൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഹാട്രിക് അടക്കം നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദാന്‍ അടക്കമുള്ള ഇംഗ്ലീഷ് ബൗളര്‍മാരുടെ പ്രകടനം അമേരിക്കയെ 115ല്‍ ഒതുക്കുകയായിരുന്നു. സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും റീസ് ടോപ്ലി ഒരു വിക്കറ്റും വീഴ്ത്തി.

17.5 ഓവറില്‍ 115ന് അഞ്ച് എന്ന നിലയില്‍ നിന്നും ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനാവാതെ അമേരിക്ക ഓള്‍ഔട്ടാവുകയയായിരുന്നു. ആറു പന്തുകള്‍ക്കിടയിലാണ് അവര്‍ക്ക് അഞ്ചു വിക്കറ്റ് നഷ്ടമായത്.

18-ാം ഓവറിലെ അവസാന പന്തില്‍ ഹര്‍മീത് സിംഗിനെ(21) പുറത്താക്കി സാം കറനാണ് വിക്കറ്റ് മഴയ്ക്ക് തുടക്കമിട്ടത്.

19-ാം ഓവറിലെ ആധ്യ പന്തില്‍ കോറി ആന്‍ഡേഴ്‌സണെ(29) വീഴ്ത്തിയ ക്രിസ് ജോര്‍ദാന്‍ 3,4,5 പന്തുകളില്‍ യഥാക്രമം അലിഖാന്‍, നൊസ്തുഷ് കെന്‍ജിഗെ, സൗരഭ് നേത്രവല്‍ക്കര്‍ എന്നിവരെ പുറത്താക്കി ഹാട്രിക്ക് തികയ്ക്കുകയും അമേരിക്കയെ ഓള്‍ഔട്ട് ആക്കുകയുമായിരുന്നു. 24 പന്തില്‍ 30 റണ്‍സ് നേടിയ നിതീഷ് കുമാറാണ് അമേരിക്കയുടെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിംഗില്‍ തുടക്കം മുതലേ അടിച്ചു കളിച്ച ഇംഗ്ലണ്ടിന്റെ നയം വ്യക്തമായിരുന്നു. അമേരിക്കന്‍ ബൗളര്‍മാരെല്ലാം അടി വാങ്ങി. പതിവിനു വിപരീതമായി ഫിലിപ്പ് സാള്‍ട്ടിനു പകരം ജോസ് ബട്ട്‌ലറായിരുന്നു ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തതെന്നു മാത്രം.

ആറു ഫോറും ഏഴു സിക്‌സറും അടങ്ങുന്നതായിരുന്നു ബട്‌ലറിന്റെ 83 റണ്‍സ്. ഇതില്‍ ഹര്‍മീത് സിംഗിനെതിരേ ഒരോവറില്‍ നേടിയ അഞ്ചു സിക്‌സറും ഉള്‍പ്പെടുന്നു.

ഇംഗ്ലണ്ടിന്റെ ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ് മത്സരം നിര്‍ണായകമായി.
മത്സരത്തില്‍ വിജയിക്കുന്ന ടീം സെമിഫൈനലില്‍ പ്രവേശിക്കും.

രണ്ടു മത്സരങ്ങളില്‍നിന്ന് രണ്ടു ജയവുമായി നാലു പോയിന്റോടെ ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളില്‍നിന്ന് ഒരു ജയത്തോടെ രണ്ടു പോയിന്റുമായി വെസ്റ്റിന്‍ഡീസ് മൂന്നാമതാണ്. എങ്കിലും റണ്‍റേറ്റില്‍ മുമ്പില്‍ വിന്‍ഡീസ് ആണ്.

Related Articles

Back to top button