Cricket

ഒമാനെതിരേ നാലാം ഓവറില്‍ കളി ജയിച്ച് ഇംഗ്ലണ്ട് !! റണ്‍റേറ്റില്‍ സ്‌കോട്ട്‌ലന്‍ഡിനെ മറികടന്നു

ട്വന്റി20 ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തില്‍ ഒമാനെതിരേ പടുകൂറ്റന്‍ വിജയം നേടി സൂപ്പര്‍ എട്ട് പ്രതീക്ഷ നിലനിര്‍ത്തി ഇംഗ്ലണ്ട്.

ആന്റ്വിഗയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമാനെ 47 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇംഗ്ലണ്ട് വെറും 3.1 ഓവറില്‍ വിജയിച്ചു കയറുകയായിരുന്നു.

ട്വന്റി20 ലോകകപ്പില്‍ ബോളുകള്‍ ബാക്കി നിര്‍ത്തി വിജയിക്കുന്ന ഏറ്റവും വലിയ വിജയമാണിത്. 101 പന്തുകള്‍ ശേഷിക്കെയായിരുന്നും ഇംഗ്ലീഷ് പടയുടെ വിജയം.

ഇതോടെ റണ്‍റേറ്റില്‍ സ്‌കോട്ട്‌ലന്‍ഡിനെ മറികടക്കാന്‍ അവര്‍ക്കായി. ഓസ്‌ട്രേലിയയും സ്‌കോട്ട്‌ലന്‍ഡും തമ്മിലുള്ള മത്സരം സ്‌കോട്ട്‌ലന്‍ഡ് തോല്‍ക്കുകയും ഇംഗ്ലണ്ട് നമീബിയയെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇംഗ്ലണ്ടിന് സൂപ്പര്‍ എട്ടില്‍ കടക്കാം.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഒമാനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഇംഗ്ലീഷ് ബൗളര്‍മാര്‍ ബട്‌ലറുടെ പ്രതീക്ഷ കാത്തപ്പോള്‍ ട്വന്റി20 ലോകകപ്പിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറിന് ഒമാന്‍ പുറത്ത്.

നാലോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത സ്പിന്നര്‍ ആദില്‍ റഷീദാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ മുമ്പന്‍. മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ പേസര്‍മാരായ മാര്‍ക്ക് വുഡിന്റെയും ജോഫ്രാ ആര്‍ച്ചറിന്റെയും പ്രകടനവും നിര്‍ണായകമായി. ഇരുവരും 12 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

11 റണ്‍സ് നേടിയ ഷൊയിബ് ഖാനു മാത്രമേ ഒമാന്‍ നിരയില്‍ രണ്ടക്കം കാണാനായുള്ളൂ.

48 റണ്‍സ് വിജയലക്ഷ്യമായിറങ്ങിയ ഇംഗ്ലണ്ടിന് സ്‌ഫോടനാത്മകമായ തുടക്കമാണ് ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് നല്‍കിയത്.

ഇന്നിംഗ്‌സിലെ ആദ്യ രണ്ടു പന്തും സിക്‌സറിന് പറത്തിയ സാള്‍ട്ടിനെ മൂന്നാം പന്തില്‍ ബിലാല്‍ ഖാന്‍ ബൗള്‍ഡാക്കുകയായിരുന്നു.

കലീമുള്ള ഖാന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ അഞ്ചാം പന്തില്‍ വില്‍ ജാക്‌സ്(5) കാശ്യപ് പ്രജാപതിയുടെ കൈകളിലെത്തുമ്പോള്‍ ടീം സ്‌കോര്‍ 20.

എന്നാല്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് അടുത്ത എട്ടു പന്തുകളില്‍ തന്നെ കളി തീര്‍ക്കുകയായിരുന്നു.

ബിലാല്‍ ഖാന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ നാലു ഫോറും ഒരു സിക്‌സും അടക്കം 22 റണ്‍സ് അടിച്ച ബട്‌ലര്‍ കളി വേഗത്തിലാക്കി.

ഫയാസ് ബട്ട് എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ബെയര്‍‌സ്റ്റോ ഇംഗ്ലണ്ടിന് വിജയം സമ്മാനിക്കുകയും ചെയ്തു. എട്ടു പന്തില്‍ 25 റണ്‍സ് ബട്‌ലര്‍ നേടിയപ്പോള്‍ നേരിട്ട രണ്ടു പന്തും ബൗണ്ടറി നേടിയായിരുന്നു ബെയര്‍‌സ്റ്റോയുടെ പ്രകടനം.

റണ്‍റേറ്റില്‍ സ്‌കോട്ട്‌ലന്‍ഡിനു മുകളില്‍ വരാനായത് ഇംഗ്ലണ്ടിന് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും അടുത്ത മത്സരം സ്‌കോട്ട്‌ലന്‍ഡ് വിജയിക്കുകയോ മഴമൂലം ഉപേക്ഷിക്കുകയോ ചെയ്തതാല്‍ ഇംഗ്ലണ്ട് പുറത്താവും.

Related Articles

Back to top button