Cricket

ഈ ലോകകപ്പ് ഒരു നഷ്ടക്കച്ചവടമാവുമോ !! സ്‌റ്റേഡിയത്തിലെ കാഴ്ചകള്‍ പരമദയനീയം

പൂരപ്പറമ്പിനു സമാനമായി നിറഞ്ഞ സ്റ്റേഡിയങ്ങളില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെയായിരിക്കുകയാണ് ട്വന്റി20 ലോകകപ്പ് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിലെ സ്റ്റേഡിയങ്ങള്‍.

ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന്റെ മത്സരങ്ങള്‍ കാണാന്‍ പോലും ആളില്ലെന്ന അവസ്ഥയാണുള്ളത്. വെസ്റ്റ്-ഇന്‍ഡീസും പാപ്പുവ ന്യൂഗിനിയും തമ്മില്‍ നടന്ന മത്സരം കാണാന്‍ പോലും സ്‌റ്റേഡിയത്തിലെത്തിയത് വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രം.

ഒമാന്‍-നമീബിയ മത്സരം ആവേശകരമായ സമനിലയിലേക്കും പിന്നീട് സൂപ്പര്‍ ഓവറിലേക്കും നീങ്ങിയെങ്കിലും അത് കാണാന്‍ ആരുമുണ്ടായിരുന്നില്ലെന്നതാണ് ദുഖകരമായ യാഥാര്‍ഥ്യം.

കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയം നിറഞ്ഞ് ആരാധകര്‍ എത്താറുണ്ടെങ്കിലും പക്ഷെ ആ ഇഷ്ടം വെസ്റ്റ് ഇന്‍ഡീസ് ആരാധകര്‍ക്ക് ലോകകപ്പിനോടില്ല.


ഉയര്‍ന്ന ടിക്കറ്റ് നിരക്കാണോ രാവിലെ നടക്കുന്ന മത്സരങ്ങള്‍ കാണാനുള്ള കാണികളുടെ താല്‍പര്യക്കുറവാണോ സ്റ്റേഡിയം ഒഴിഞ്ഞു കിടക്കാന്‍ കാരണമെന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് ക്രിക്കറ്റിന് ഇനി ആയുസില്ലെന്നാണ് പലരും പറയുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ മത്സരം കാണാന്‍ പോലും ആളുകള്‍ എത്തുന്നില്ലെങ്കില്‍ മറ്റ് ടീമുകളുടെ മത്സരം കാണാന്‍ ആരെങ്കിലും ഉണ്ടാകുമോ എന്നും ചിലര്‍ ചോദിക്കുന്നു.


വെസ്റ്റ് ഇന്‍ഡീസിനെ അപേക്ഷിച്ച് ക്രിക്കറ്റിന് അത്ര പ്രചാരമില്ലാത്ത അമേരിക്കയിലെ നാസോ കൗണ്ടി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരം കാണാന്‍ പോലും നിരവധി പേരെത്തിയിരുന്നു.

2007ലെ ഏകദിന ലോകകപ്പിന് വിന്‍ഡീസ് വേദിയായപ്പോഴും കാണികളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. ഇത്തവണ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷമുള്ള സൂപ്പര്‍ 8 പോരാട്ടങ്ങളെല്ലാം വിന്‍ഡീസിലാണ് നടക്കുന്നത്.

കളി കാണാന്‍ സ്റ്റേഡിയം നിറഞ്ഞ് ആളുകളെത്തിയില്ലെങ്കില്‍ അത് മൊത്തത്തില്‍ കളിയുടെ ആവേശത്തെ ബാധിച്ചേക്കുമെന്നാണ് ഇപ്പോള്‍ ഐസിസിയുടെ ആശങ്ക.

Related Articles

Back to top button