Cricket

സഞ്ജുവിനെതിരേ ആക്രോശിച്ച് പാര്‍ഥ് ജിന്‍ഡാല്‍!! ഡല്‍ഹി ടീം ഉടമയെ കണക്കിന് പരിഹസിച്ച് ക്രിക്കറ്റ് ആരാധകര്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ വിവാദ പുറത്താകല്‍ കിക്കറ്റ് ലോകത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

45 പന്തില്‍ 86 റണ്‍സുമായി ക്രീസില്‍ നില്‍ക്കെയാണ് വിവാദ തീരുമാനത്തിലൂടെ സഞ്ജു പുറത്താവുന്നത്. താരം ക്രീസിലുള്ളപ്പോഴൊക്കെ ടീമിന് വിജയപ്രതീക്ഷയും ഉണ്ടായിരുന്നു.

എന്നാല്‍ തേര്‍ഡ് അംപയറുടെ തീരുമാനം വന്നതോടെ സഞ്ജുവിന് നിരാശനായി മടങ്ങേണ്ടി വന്നു. കളി തിരിഞ്ഞതും അവിടെയായിരുന്നു.

പതിനാറാം ഓവറില്‍ മുകേഷ് കുമാറിന്റെ പന്ത് സഞ്ജു ലോംഗ് ഓണിലേക്ക് പറത്തിയെങ്കിലും ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി. എന്നാല്‍ ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടിയെന്നാണ് ഒരുവാദം.

ഇല്ലെന്ന് മറ്റൊരു വാദം. ഇതിനിടെ ഡല്‍ഹി കാപിറ്റല്‍ ഉടമ പാര്‍ഥ് ജിന്‍ഡാലിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


അത് ഔട്ടാണെന്ന് ജിന്‍ഡാല്‍ വീണ്ടും വീണ്ടും ഗാലറിയിലിരുന്ന് ആക്രോശിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. സംഭവം ക്രിക്കറ്റ് ആരാധകര്‍ക്ക് ഒട്ടും പിടിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ കനത്ത ട്രോളുകളാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്.

ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളു.


സഞ്ജുവിനെ പുറത്താക്കാനെടുത്ത തീരുമാനം തന്നെയാണ് മത്സരത്തില്‍ വഴിത്തിരിവായത്. തോറ്റെങ്കിലും 11 കളികളില്‍ 16 പോയന്റുമായി രാജസ്ഥാന്‍ തന്നെയാണ് പോയന്റ് പട്ടികയില്‍ രണ്ടാമത്. എന്തായാലും ഐപിഎല്ലിലെ പുതിയ രീതികള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

Related Articles

Back to top button