Cricket

ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ച് പണി വാങ്ങിച്ച് ഡേവിഡ് മില്ലര്‍ !! സംഭവം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍

ട്വന്റി20 ലോകകപ്പില്‍ പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘിച്ചതിന് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറിന് ഔദ്യോഗിക ശാസന ലഭിച്ചു.

വെള്ളിയാഴ്ച സെന്റ് ലൂസിയയിലെ ഡാരെന്‍ സാമി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന സൂപ്പര്‍ എട്ട് ഗ്രൂപ്പ് 2 മത്സരത്തിനിടെയായിരുന്നു നടപടിയ്ക്കാസ്പദമായ സംഭവം അരങ്ങേറിയത്.

കളിക്കാര്‍ക്കും കളിക്കാരെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമായുള്ള ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.8 മില്ലര്‍ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തില്‍ വിയോജിപ്പ് കാണിക്കുന്നതുമായി ബന്ധപ്പെട്ടാണ് താരത്തെ ശാസിച്ചിരിക്കുന്നത്. കൂടാതെ, മില്ലറുടെ അച്ചടക്ക റെക്കോര്‍ഡില്‍ ഒരു ഡീമെറിറ്റ് പോയിന്റ് ചേര്‍ക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സിന്റെ 19-ാം ഓവറിലാണ് സംഭവം നടന്നത്. ഇംഗ്ലണ്ട് പേസര്‍ സാം കറന്‍ എറിഞ്ഞ ഫുള്‍ ടോസ് അമ്പയര്‍ ‘നോ ബോള്‍’ വിളിക്കുമെന്ന് മില്ലര്‍ പ്രതീക്ഷിച്ചുവെങ്കിലും നോ ബോള്‍ അനുവദിച്ചില്ല.

തുടര്‍ന്ന് മ്പയറുടെ തീരുമാനത്തില്‍ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. അത് റിവ്യൂ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ തീരുമാനം പുനഃപരിശോധിക്കണമെന്നായി മില്ലര്‍.

അത് കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ താരം അസ്വസ്ഥതയോടെയാണ് പ്രതികരിച്ചത്. ലെവല്‍ 1 ലംഘനങ്ങള്‍ക്ക് ഔദ്യോഗിക ശാസനയും മാച്ച് ഫീയുടെ പരമാവധി 50 ശതമാനവും പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുമാണ് ലഭിക്കുക.

Related Articles

Back to top button