Cricket

മൂന്നു കളി ബാക്കിയുണ്ടെങ്കിലും ചെന്നൈയ്ക്ക് കാര്യങ്ങള്‍ കടുകട്ടി !! ‘ധോണിയുടെ മകന്‍’ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങി

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരം ജയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരുന്നു.

നിലവില്‍ 11 കളികളില്‍ നിന്ന് 12 പോയിന്റുള്ള ചെന്നൈയ്ക്ക് മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്. അതേ സമയം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ചെന്നൈ ബൗളിംഗ് വിഭാഗം കടന്നു പോകുന്നത്.

ടീമിനായി സീസണില്‍ ഏറ്റവും അധികം വിക്കറ്റെടുത്ത രണ്ടു താരങ്ങളുടെയും സേവനം അവര്‍ക്ക് ഇനി ലഭിക്കില്ല.

ഫോമിലുള്ള ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. തുടയിലേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

കഴിഞ്ഞ ആഴ്ചയാണ് താരത്തിനു പരിക്കേറ്റത്. പിന്നീട് ചെന്നൈക്കായി കളിച്ചിട്ടില്ല. തുടര്‍ ചകിത്സയും വിശ്രമവും ആവശ്യമായി വന്നതോടെയാണ് താരം നാട്ടിലേക്ക് മടങ്ങിയത്.

പതിരാന തിരികെ ടീമിലേക്ക് മടങ്ങി എത്തുമോ എന്ന കാര്യത്തിലൊന്നും ചെന്നൈ വ്യക്തത വരുത്തിയിട്ടില്ല.

ടീമിന്റെ ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റാണ് യുവ താരം. മികച്ച പേസുമായി കളം വാഴുന്ന താരം വിക്കറ്റുകള്‍ വീഴ്ത്തുന്നതിലും മികവ് കാണിച്ചിരുന്നു.

ആറ് കളിയില്‍ നിന്നു 13 വിക്കറ്റുകളാണ് പതിരാന വീഴ്ത്തിയത്. ശരാശരി ബൗളറായിരുന്ന പതിരാന ചെന്നൈ ടീമില്‍ എത്തിയതോടെയാണ് തെളിയുന്നത്. ധോണിയുടെ ഉപദേശങ്ങളാണ് തന്നെ വളര്‍ത്തിയതെന്ന് പറഞ്ഞ പതിരാന അദ്ദേഹം തനിക്ക് അച്ഛനെപ്പോലെയാണെന്നും തുറന്നു പറഞ്ഞിരുന്നു.

പതിരാനയ്ക്കൊപ്പം മികച്ച രീതിയില്‍ പന്തെറിഞ്ഞ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനും ദേശീയ ടീമിനായി കളിക്കാന്‍ നാട്ടിലേക്ക് മടങ്ങിയത് ചെന്നൈക്ക് ഇരട്ട പ്രഹരമായി. മ

മുസ്തഫിസുറാണ് ചെന്നൈ ടീമിനായി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്. താരം ഒമ്പത് കളിയില്‍ നിന്നു 14 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

കൂടാതെ ടീമിലെ മറ്റൊരു പ്രധാന പേസറായ ദീപക് ചഹാറും പരിക്കിനെത്തുടര്‍ന്ന് ഇനി സീസണില്‍ കളിക്കാന്‍ സാധ്യതയില്ല.

നിലവില്‍ ശാര്‍ദൂല്‍ താക്കൂറും തുഷാര്‍ ദേശ്പാണ്ഡെയുമാണ് ടീമിലെ പ്രധാന പേസര്‍മാര്‍. ഇംഗ്ലീഷ് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസന്‍, ഇന്ത്യന്‍ പേസര്‍മാരായ സിമ്രാന്‍ജീത് സിംഗ്, മുകേഷ് ചൗധരി എന്നിവരാണ് സ്‌ക്വാഡിലെ അവശേഷിക്കുന്ന സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. എല്ലാ മത്സരത്തിലും ശാര്‍ദൂലിനെയും തുഷാര്‍ ദേശ്പാണ്ഡെയെയും ഇറക്കേണ്ട സ്ഥിതിയാണുള്ളത്.

ഗുജറാത്തും രാജസ്ഥാനും ബംഗളൂരുവുമാണ് ചെന്നൈയുടെ ഇനിയുള്ള എതിരാളികള്‍. മോശം ഫോമിലുള്ള ഗുജറാത്തിനെതിരേ ജയിച്ചാല്‍ തന്നെ ശക്തരായ രാജസ്ഥാനും ബംഗളൂരുവിനുമെതിരേ ഈ ബൗളിംഗ് നിരയെ വച്ച് കളി ജയിക്കുക ചെന്നൈയ്ക്ക് പ്രയാസമാണ്.

Related Articles

Back to top button