Cricket

മണ്ടന്‍ ധവാന്‍ കളി തോല്‍പ്പിച്ചു!! പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റനെതിരേ ആരാധകര്‍

ഐപിഎല്‍ 2024ല്‍ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. പഞ്ചാബ് കിംഗ്‌സിനെ നാലു വിക്കറ്റിന് തകര്‍ത്താണ് അവര്‍ സീസണിലെ കന്നി വിജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 6 വിക്കറ്റിന് 176 റണ്‍സ് നേടിയപ്പോള്‍ നാല് പന്തും നാല് വിക്കറ്റും ബാക്കിയാക്കി ആര്‍സിബി ജയിക്കുകയായിരുന്നു. വിരാട് കോലിയും (77) അര്‍ധ സെഞ്ച്വറിയും ദിനേഷ് കാര്‍ത്തികിന്റെ (28*) സൂപ്പര്‍ ഫിനിഷിങ്ങുമാണ് ആര്‍സിബിക്ക് ജയമൊരുക്കിയത്.

ജയിക്കേണ്ട കളിയാണ് പഞ്ചാബ് കൈവിട്ടത്. മത്സരത്തില്‍ പഞ്ചാബ് വരുത്തിയ ചില പിഴവുകളാണ് കൈയ്യിലിരിക്കേണ്ട കളി അവരില്‍ നിന്ന് തട്ടിത്തറിപ്പിച്ചത്.

ബംഗളൂരു ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ തന്നെ വിരാട് കോഹ് ലിയെ പുറത്താക്കാനുള്ള അവസരമുണ്ടായിട്ടും സ്ലിപ്പില്‍ അനായാസ ക്യാച്ച് ജോണി ബെയര്‍സ്‌റ്റോ കൈവിടുകയായിരുന്നു. ഇത് തോല്‍വിയില്‍ ഒരു ഘടകമായപ്പോള്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ ചില മണ്ടത്തരങ്ങളും തിരിച്ചടിയായി.

സൂപ്പര്‍ പേസര്‍ കഗിസോ റബാഡയെ ഡെത്തോവറിലേക്ക് മാറ്റിവെക്കാതിരുന്ന ധവാന്റെ മണ്ടത്തരം വന്‍ വിമര്‍ശനത്തിനാണ് വഴിതെളിച്ചിരിക്കുന്നത്.

റബാഡയുടെ ഓവര്‍ നേരത്തെ എറിഞ്ഞു തീര്‍ത്ത ധവാന്‍ ഡെത്തോവറില്‍ അര്‍ഷ്ദീപ് സിങ്ങിനൊപ്പം ഹര്‍ഷല്‍ പട്ടേലിനേയും വിശ്വസിച്ചു. ഈ തീരുമാനമാണ് പാളിയത്.

18ാം ഓവര്‍ എറിയാനെത്തിയ സാം കറെന്‍ 13 റണ്‍സ് വിട്ടുകൊടുത്തു. 19ാം ഓവര്‍ എറിയാനെത്തിയ ഹര്‍ഷലും 13 റണ്‍സാണ് വഴങ്ങിയത്.

അവസാന ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെ രണ്ട് പന്തില്‍ ദിനേഷ് കാര്‍ത്തിക് കളി തീര്‍ത്തു.

റബാഡയ്ക്ക് ഓവര്‍ അവശേഷിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഫലം മറ്റൊന്നായേനെ. നാലോവറില്‍ വെറും 23 റണ്‍സ് വിട്ടുകൊടുത്ത് ഫഫ് ഡുപ്ലെസിയെയും കാമറൂണ്‍ ഗ്രീനിനെയും പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ക്ക് കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ റബാഡയുടെ ഒരോവര്‍ പോലും അവസാനത്തിലേക്ക് മാറ്റി വയ്ക്കാതിരുന്ന ധവാന്റെ അമിതാത്മവിശ്വാസം പഞ്ചാബിനെ തോല്‍വിയിലേക്ക് നയിക്കുകയായിരുന്നു.

തുടര്‍ച്ചയായി രണ്ടു മത്സരം വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരമാണ് പഞ്ചാബ് കളഞ്ഞു കുളിച്ചത്.

വിരാട് കോലിയും അനൂജ് റാവത്തും പുറത്തായപ്പോള്‍ ആര്‍സിബി തോല്‍വി മണത്തെങ്കിലും ഇംപാക്ട് പ്ലേയറായി കളത്തിലിറങ്ങിയ മഹിപാല്‍ ലോംറോറും(എട്ടു പന്തില്‍ 17), ദിനേശ് കാര്‍ത്തിക്കും(10 പന്തില്‍ 28) ചേര്‍ന്ന് ടീമിന് വിജയമൊരുക്കുകയാണ്.

Related Articles

Back to top button