Cricket

ആരാധകരേ മാപ്പ്; പോര്‍ച്ചുഗല്‍ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ റൊണാള്‍ഡോയും മാര്‍ട്ടിനെസും ചെയ്തത് ഇങ്ങനെ…

യുവേഫ യൂറോ 2024 ഫുട്ബോളില്‍ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചുകഴിഞ്ഞു. പ്രീക്വാര്‍ട്ടറില്‍ സ്ലോവേനിയയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും ജയിച്ചത്.

നിശ്ചിത സമയത്ത് ഗോള്‍ നേടാതിരുന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്ത് ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിന് അവസരം ലഭിച്ചതുമാണ്. 105 -ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു സാധിച്ചില്ല.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത റൊണാള്‍ഡോ പന്ത് വലയിലാക്കുകയും ചെയ്തു. സ്ലോവേനിയയുടെ ആദ്യ മൂന്ന് സ്പോട്ട് കിക്കും തട്ടിക്കളണ്ട് ഡീഗോ കോസ്റ്റ പോര്‍ച്ചുഗലിന് 3-0ന്റെ ജയം സമ്മാനിച്ചു.

മത്സരശേഷം വളരെ വൈകാരികമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതികരിച്ചത്. 105 -ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ സിആര്‍7 ആരാധകരോട് മാപ്പ് പറഞ്ഞു.

മാത്രമല്ല, ഇനിയൊരു യൂറോയ്ക്ക് താന്‍ ഉണ്ടാകില്ലെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. 2004 മുതല്‍ യൂറോ കപ്പില്‍ സജീവ സാന്നിധ്യമാണ് ക്രിസ്റ്റ്യാനോ. 2016 യൂറോ കപ്പ് ക്രിസ്റ്റ്യാനോയും സംഘവും സ്വന്തമാക്കുകയും ചെയ്തു.

2024 യൂറോ കപ്പില്‍ മത്സരത്തിനു മുമ്പ് ദേശീയ ഗാനം മുഴങ്ങുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നില്‍ക്കുന്നതാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ. സ്റ്റേഡിയത്തിന് അഭിമുഖമായി ടീം അംഗങ്ങള്‍ തോളില്‍ കയ്യിട്ട് നില്‍ക്കുകയാണ് സാധാരണ ദേശീയ ഗാനം മുഴങ്ങുമ്പോള്‍ ചെയ്യാറുള്ളത്.

എന്നാല്‍, 2024 യൂറോ കപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയ ഗാനം മുഴങ്ങുമ്പോള്‍ എപ്പോഴും ചെരിഞ്ഞാണ് നില്‍ക്കുന്നത്. ടീം അംഗങ്ങളില്‍നിന്ന് വ്യത്യസ്തമായി റൊണാള്‍ഡോയുടെ ഈ ചെരിഞ്ഞു നില്‍പ്പിന്റെ കാരണം കണ്ടെത്തി.

പോര്‍ച്ചുഗല്‍ ദേശീയ പതാകയ്ക്ക് അഭിമുഖമായി നില്‍ക്കാനാണ് സിആര്‍7 ഇങ്ങനെ ചെയ്യുന്നതെന്നതാണ് വാസ്തവം. ദേശത്തോടുള്ള ക്രിസ്റ്റ്യാനോയുടെ ആദരവാണ് ഇതു സൂചിപ്പിക്കുന്നത്.

അതേസമയം, പോര്‍ച്ചുഗല്‍ ദേശീയ ഗാനം മുഴങ്ങുമ്പോള്‍ മുഖ്യപരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് ആവേശത്തോടെ ഏറ്റുപാടുന്നതും ആരാധകരുടെ നെറ്റി ചുളിപ്പിച്ചിട്ടുണ്ട്. സ്ലോവേനിയയ്ക്ക് എതിരായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനു മുമ്പ് പോര്‍ച്ചുഗല്‍ ദേശീയ ഗാനം മുഴങ്ങിയപ്പോഴാണ് മാര്‍ട്ടിനെസ് ആവേശത്തോടെ ഏറ്റുപാടിയത്.

സ്പെയിനില്‍ ജനിച്ച മാര്‍ട്ടിനെസ് പോര്‍ച്ചുഗല്‍ ദേശീയഗാനം ആവേശത്തോടെ പാടുന്നത് എതിര്‍ ടീമിന്റെ ബാഡ്ജില്‍ മുത്തംവയ്ക്കുന്നതിനു സമമാണെന്നാണ് ചിലരുടെ ആക്ഷേപം.

ഏതായാലും റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കീഴില്‍ പോര്‍ച്ചുഗല്‍ യൂറോ 2024 ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചുകഴിഞ്ഞു. റോബര്‍ട്ടോ മാര്‍ട്ടിനെസിന് ഇതിനു മുമ്പ് പരിശീലിപ്പിച്ച ബെല്‍ജിയത്തെ പ്രീക്വാര്‍ട്ടറില്‍ കീഴടക്കിയ ഫ്രാന്‍സാണ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍.

ജൂലൈ ആറിന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് ഫ്രാന്‍സും പോര്‍ച്ചുഗലും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം. ഈ ലോകകപ്പിലെ സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബപ്പെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുഖാമുഖമിറങ്ങുന്ന പോരാട്ടമാണത് എന്നതാണ് ഏറ്റവുംവലിയആകര്‍ഷണം.

Related Articles

Back to top button