Cricket

എജ്ജാതി ഫിറ്റ്‌നസ് !! യൂനിസ് ഖാന്റെ തകര്‍പ്പന്‍ ബാറ്റിംഗ് കണ്ട് കണ്ണുതള്ളി ക്രിക്കറ്റ് ലോകം; ഫിറ്റ്‌നസ് കണ്ടു പഠിക്കണമെന്ന് ആരാധകര്‍

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശകരമായ രീതിയില്‍ പുരോഗമിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച നാലു കളികളും ജയിച്ച പാക്കിസ്ഥാന്‍ ചാമ്പ്യന്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.

മുന്‍ താരം യൂനിസ് ഖാനാണ് പാക്കിസ്ഥാന്‍ ചാമ്പ്യന്‍സിന്റെ നായകന്‍.ആദ്യ മത്സരത്തില്‍ പാക് സംഘത്തെ മിസ്ബാ ഉള്‍ ഹഖാണ് നയിച്ചതെങ്കിലും പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും യൂനിസ് ഖാന്‍ പാകിസ്താന്‍ ചാമ്പ്യന്‍സിന്റെ നായകനാവുകയായിരുന്നു.

താരത്തിന്റെ ഫിറ്റ്‌നസ് ലെവലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ഓസ്‌ട്രേലിയന്‍ ചാമ്പ്യന്‍സിനെതിരായ മത്സരത്തില്‍ യൂനിസ് ഖാന്‍ 41 പന്തില്‍ 63 റണ്‍സ് നേടിയിരുന്നു.


ഈ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പങ്കുവെച്ചാണ് ആരാധകര്‍ മുന്‍ താരത്തിന്റെ കായികക്ഷമത ചര്‍ച്ച ചെയ്യുന്നത്. ഇപ്പോഴത്തെ പാക് ടീമും മുന്‍ താരങ്ങളും തമ്മിലുള്ള താരതമ്യങ്ങളും നടക്കുന്നുണ്ട്.

ഈ പ്രായത്തിലും ഇത്രയധികം കായികക്ഷമത കാത്തു സൂക്ഷിക്കുന്ന യൂനിസ് ഖാനെ ഇപ്പോഴത്തെ ടീമംഗങ്ങള്‍ കണ്ടു പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

ടൂര്‍ണമെന്റില്‍ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. നാല് മത്സരങ്ങളും വിജയിച്ച പാകിസ്താന്‍ ചാമ്പ്യന്‍സ് എട്ട് പോയിന്റോടെ പോയിന്റ് ടേബിളില്‍ ഒന്നാമത് തുടരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങള്‍ നേടിയ ഓസ്‌ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്.

ട്വന്റി20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പാക്കിസ്ഥാന്‍ പുറത്തായതിനെത്തുടര്‍ന്ന് പാക് താരങ്ങളുടെ ഫിറ്റ്‌നസ് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഗ്രൗണ്ടില്‍ മെത്തയിട്ട് ഫീല്‍ഡിംഗ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ബാബര്‍ അസമിനും സംഘത്തിനുമെതിരേ വലിയ വിമര്‍ശനമുയരുകയും ചെയ്തു.

Related Articles

Back to top button