CricketIPL

ധേണിയുടെ ഇംപാക്ട് പ്ലയര്‍ പാളുന്നു; എതിരാളികള്‍ക്കിത് ‘ലക്കി’ തുഷാര്‍!!

ഇത്തവണത്തെ ഐപിഎല്ലിന്റെ പ്രത്യേകതയാണ് ഇംപാക്ട് പ്ലയര്‍ എന്ന പുതിയ പരിപാടി. ബാറ്റിംഗിനോ ബൗളിംഗിലോ ഇല്ലാത്ത താരത്തെ ഇടയ്ക്ക് ഉള്‍പ്പെടുത്തുന്ന രീതി പക്ഷേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അത്ര രാശിയാകുന്നില്ല.

ആദ്യ കളിയില്‍ ചെന്നൈയുടെ റിലേ തെറ്റിച്ചത് ഇംപാക്ട് പ്ലയര്‍ ആയെത്തിയ തുഷാര്‍ ദേശ്പാണ്ഡെയുടെ ബൗളിംഗാണ്. ഇത്തവണയും കാര്യങ്ങള്‍ മാറിയില്ലെന്നാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മല്‍സരം വ്യക്തമാക്കുന്നത്.

ഉദ്ഘാടന മല്‍സരത്തിലെ എന്നപോലെ തുഷാര്‍ ദേശ്പാണ്ഡെയായിരുന്നു ചെന്നൈയുടെ ഇംപാക്ട് പ്ലയര്‍. പിന്‍വലിച്ചത് ബാറ്റിംഗില്‍ കരുത്തുകാട്ടിയ അമ്പാട്ടി റായ്ഡുവിനെയും. എന്നാല്‍ ഇത്തവണ ആദ്യ മല്‍സരത്തിലേക്കാള്‍ വലിയ ദുരന്തമാണ് ദേശ്പാണ്ഡെയെ കാത്തിരുന്നത്.

ആദ്യ കളിയില്‍ തുഷാറിന്റെ 3.2 ഓവറില്‍ ഗുജറാത്ത് അടിച്ചെടുത്തത് 51 റണ്‍സായിരുന്നു. എന്നാല്‍ ലക്‌നൗവിനെതിരേ ആദ്യ ഓവറില്‍ 18 റണ്‍സാണ് തുഷാര്‍ വിട്ടുകൊടുത്തത്. ഇത്രയും റണ്‍സ് കൈവിട്ടു പോയെന്നതല്ല തുഷാറിന്റെ ചെപ്പോക്കിലെ കന്നിയങ്കം ദുരന്തമാക്കിയത്.

ആദ്യ ഓവര്‍ പൂര്‍ത്തിയാക്കാന്‍ 11 പന്തുകള്‍ താരത്തിന് എറിയേണ്ടി വന്നു. മൂന്നും വൈഡും രണ്ട് നോബോളുകളുമാണ് തുഷാര്‍ എറിഞ്ഞത്. കളിയുടെ നാലാം ഓവറിലാണ് ധോണി തന്റെ വിശ്വസ്തന് പന്ത് കൈമാറുന്നത്. അപ്പോള്‍ മൂന്നോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 38 റണ്‍സെന്ന നിലയിലായിരുന്നു ലക്‌നൗ.

രാഹുലും കെയ്ല്‍ മെയേഴ്‌സും കടന്നാക്രമണം നടത്തുന്ന സമയം. ആദ്യത്തെ മൂന്ന് പന്തുകളില്‍ നിന്ന് വെറും മൂന്ന് റണ്‍സാണ് തുഷാര്‍ വിട്ടുകൊടുത്തത്. ആദ്യ മല്‍സരത്തിലെ കേട് തുഷാര്‍ തീര്‍ത്തല്ലോയെന്ന് കരുതിയ സമയം. എന്നാല്‍ നാലാം പന്ത് മുതല്‍ തൊട്ടതെല്ലാം പിഴച്ചു.

ആദ്യം നാലാം പന്ത് നോബോള്‍. യോര്‍ക്കറായിരുന്നെങ്കിലും നോബോള്‍ വന്നത് പണിയായി. വീണ്ടും എറിഞ്ഞ പന്ത് വൈഡായി. വീണ്ടും എറിഞ്ഞു. അപ്പോഴത് വീണ്ടും നോബോളായി. വീണ്ടും റീ എറിഞ്ഞപ്പോഴത് വീണ്ടും വൈഡ്. ഒരു പന്ത് എറിഞ്ഞു തീര്‍ക്കാന്‍ 4 തവണ പന്തെറിയേണ്ടി വന്നു.

രസകരമായ വസ്തുത എന്തെന്നു വച്ചാല്‍ ഈ നാല് റീബോളുകളിലും മെയേഴ്‌സിന് കാര്യമായി റണ്‍സ് നേടാന്‍ സാധിച്ചില്ല. ഒടുവില്‍ നോബോളോ വൈഡോ പോകാത്ത ഫ്രീഹിറ്റില്‍ മെയേഴ്‌സ് ബൗണ്ടറി കടത്തുകയും ചെയ്തു.

അഞ്ചാം പന്തില്‍ 91 മീറ്റര്‍ ദൂരത്തില്‍ ഒരു സിക്‌സര്‍ കൂടി പറത്തിയാണ് മെയേഴ്‌സ് ആ ഓവര്‍ ശ്വാസം വിടാന്‍ തുഷാറിനെ അനുവദിച്ചത്. 27കാരനായ ദേശ്പാണ്ഡെ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച രീതിയില്‍ പന്തെറിയുന്ന താരമാണെന്നതാണ് വാസ്തവം.

കഴിഞ്ഞ സീസണില്‍ ഉള്‍പ്പെടെ സ്ഥിരതയാര്‍ന്ന ബൗളിംഗാണ് അദേഹം നടത്തിയത്. 29 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 80 വിക്കറ്റുകളാണ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 44 ട്വന്റി-20 മല്‍സരങ്ങളില്‍ നിന്ന് 63 വിക്കറ്റുകളുമുണ്ട്. എന്നാല്‍ ഐപിഎല്ലിലേക്ക് എത്തുമ്പോള്‍ താരത്തിന്റെ പ്രകടനം താഴേക്ക് വരുന്നതാണ് കാണുന്നത്.

ഇംപാക്ട് പ്ലയര്‍ നിയമം ആദ്യം വലിയ ആരാധകപ്രീതി പിടിച്ചു പറ്റിയെങ്കിലും ഇപ്പോഴതിന് വിമര്‍ശകര്‍ ഏറെയാണ്. കളിയുടെ രസംകൊല്ലുമെന്ന നിലപാടാണ് പലര്‍ക്കും. കളിയുടെ ബാലന്‍സിനെ ബാധിക്കുമെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നു.

Related Articles

Back to top button