Cricket

പാക്കിസ്ഥാന്‍ ബൗളര്‍മാരെ അടിച്ചു പറത്തിയ കരീബിയന്‍ കരുത്ത്!! ടീം തോറ്റെങ്കിലും ലോക റെക്കോഡുമായി ആരോണ്‍ ജോണ്‍സന്‍

ട്വന്റി20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കാനഡയ്‌ക്കെതിരേ പാക്കിസ്ഥാന്‍ ഏഴു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.

ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ കാനഡയെ ബാറ്റിംഗിനയ്ക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുക്കാനേ കാനഡയ്ക്ക് കഴിഞ്ഞുള്ളൂ. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 15 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

തോറ്റെങ്കിലും 44 പന്തില്‍ 52 റണ്‍സ് നേടിയ കനേഡിയന്‍ ഓപ്പണര്‍ ആരോണ്‍ ജോണ്‍സന്റെ പ്രകടനം ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

നാലു വീതം ഫോറുകളും സിക്‌സുകളും നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഇതിന് പിന്നാലെ ഒരു റെക്കോഡും താരത്തെ തേടിയെത്തി.

രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്സില്‍ നിന്നും 50 സിക്സുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ആരോണ്‍ ജോണ്‍സണ്‍ സ്വന്തം പേരിലാക്കി മാറ്റിയത്.

വെറും 19 ഇന്നിംഗ്‌സുകളില്‍ നിന്നുമാണ് താരം 50 സിക്സുകള്‍ നേടിയത്. 20 ഇന്നിംഗ്‌സുകളില്‍ നിന്നും 50 സിക്സുകള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസിന്റെ റെക്കോഡാണ് താരം തകര്‍ത്തത്.

യുഎഇയുടെ മുഹമ്മദ് വസിം(21), അഫ്ഗാനിസ്ഥാന്‍ താരം അസ്മത്തുള്ള ഒമര്‍സായി(22), ബെല്‍ജിയത്തിന്റെ സഭാര്‍ സാക്കില്‍(22), ജാപ്പനീസ് താരം കെന്റല്‍ കവോഡാക്കി ഫ്‌ളെമിംഗ്(22) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.

ജയത്തോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ടു തോല്‍വിയും അടക്കം രണ്ടു പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ പാകിസ്ഥാനായി.

ഇത്ര തന്നെ പോയിന്റുള്ള കാനഡ റണ്‍റേറ്റില്‍ പിന്നിലായതിനാല്‍ നാലാം സ്ഥാനത്താണ്. ജൂണ്‍ 15ന് ഇന്ത്യയ്ക്കെതിരെയാണ് കാനഡയുടെ അടുത്ത മത്സരം. ജൂണ്‍ 16 നടക്കുന്ന മത്സരത്തില്‍ അയര്‍ലാന്‍ഡാണ് പാകിസ്ഥാന്റെ എതിരാളികള്‍.

Related Articles

Back to top button