Cricket

ആ ഒരു കോമ്പിനേഷനാണ് ഇന്ത്യയെ വിജയിപ്പിക്കുന്നത് !! എന്തൊക്കെ സംഭവിച്ചാലും അതില്‍ മാറ്റം വരുത്തരുതെന്ന് ലാറ

ട്വന്റി20 ലോകകപ്പില്‍ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ചേര്‍ന്നുള്ള ഓപ്പണിംഗ് ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്നും ഈ ജോഡി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നില്ലെങ്കിലും അവര്‍ക്കൊപ്പം ടീം നില്‍ക്കണമെന്നും തുറന്നു പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ.

ടൂര്‍ണമെന്റില്‍ ഇതുവരെ ശക്തമായ ഓപ്പണിംഗ് കൂട്ടുകെട്ട് സ്ഥാപിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ നിന്ന് യഥാക്രമം 1, 4, 0 എന്നീ സ്‌കോറുകളാണ് വിരാട് കോഹ് ലി നേടിയത്.

അയര്‍ലന്‍ഡിനെതിരെ അര്‍ധസെഞ്ചുറി നേടിയ രോഹിത് ടൂര്‍ണമെന്റ് ഗംഭീരമായി തുടങ്ങി. എന്നിരുന്നാലും, തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ യഥാക്രമം 13, 3 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

ഈ കുറഞ്ഞ സ്‌കോറുകള്‍ ഉണ്ടായിരുന്നിട്ടും, താര ജോഡിയെ ഓപ്പണിംഗ് ജോഡിയായി നിലനിര്‍ത്താന്‍ ലാറ ആവശ്യപ്പെടുകയാണ്. ലൈനപ്പ് മാറ്റുന്നത് ടീമിന്റെ കളിയുടെ ചലനാത്മകതയെ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

” ഇന്ത്യയ്ക്ക് ഇടത്-വലത് ബാറ്റിംഗ് കോമ്പിനേഷന്‍ ഉപയോഗിച്ച് ഓപ്പണ്‍ ചെയ്യാന്‍ കഴിയുമായിരുന്നു, അത് തന്ത്രപരമായ തിരഞ്ഞെടുപ്പായിരിക്കും.

എന്നാല്‍ ഇന്ത്യ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച അവരുടെ സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ് ലിയ്ക്കും പിന്നാലെയാണ് പോയത്.

കോഹ് ലിയുടെ ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റുന്നത് ടീമിന്റെ സന്തുലിതാവസ്ഥ തകര്‍ക്കുമെന്നതിനാല്‍ ഇരുവരെയും ഓപ്പണര്‍മാരായി നിലനിര്‍ത്തണമെന്ന് ഞാന്‍ കരുതുന്നു.

യുഎസ്എയില്‍ മികച്ച ബാറ്റിംഗ് സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇന്ത്യ അവരുടെ നിലവിലെ കളിക്കാരുടെ കൂട്ടുകെട്ടിനെ പിന്തുണയ്ക്കുന്നത് തുടരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അവര്‍ക്ക് ചില ഘട്ടങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ആവശ്യമായി വരുമെങ്കിലും മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല, പ്രത്യേകിച്ചും ടീം വിജയിക്കുമ്പോള്‍. ലാറ കൂട്ടിച്ചേര്‍ത്തു.

കാനഡയ്‌ക്കെതിരായ മത്സരത്തില്‍ രോഹിതും കോഹ്‌ലിയും തിളങ്ങുമെന്നാണ് ആരാധകരുടെ വിശ്വാസം. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയ്‌ക്കൊപ്പം അഫ്ഗാനിസ്ഥാനും ഓസ്‌ട്രേലിയയും സ്ഥാനം പിടിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സോ ബംഗ്ലാദേശോ ആവും ഗ്രൂപ്പിലെ നാലാമത്തെ ടീം.

ജൂണ്‍ 20നാണ് അഫ്ഗാനെതിരായ ഇന്ത്യയുടെ മത്സരം. 24ന് ഓസ്‌ട്രേലിയയെ നേരിടും. 22ന് നടക്കുന്ന മത്സരത്തില്‍ മിക്കവാറും ബംഗ്ലാദേശ് എതിരാളികളാവാനാണ് സാധ്യത. എല്ലാ മത്സരവും ഇന്ത്യന്‍ സമയം രാത്രി എട്ടു മണിയ്ക്കാണ്.

Related Articles

Back to top button