Cricket

ട്വന്റി20യില്‍ ഇത്രയും വലിയ തുഴച്ചില്‍ നടത്തുന്ന മറ്റൊരു താരം ഉണ്ടോയെന്ന് സംശയമാണ്!! ഇന്ത്യന്‍ താരത്തിനെതിരേ തുറന്നടിച്ച് ബ്രെറ്റ് ലീ

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പത്തുവിക്കറ്റിന്റെ മിന്നുന്ന ജയം സ്വന്തമാക്കിയിരുന്നു.

ലഖ്‌നൗ മുമ്പോട്ടു വച്ച 165 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടം കൂടാതെ വെറും 9.4 ഓവറിലാണ് ഹൈദരാബാദ് അടിച്ചെടുത്തത്.

അതേ സമയം മത്സരത്തില്‍ തീര്‍ത്തും പരിതാപകരമായ ഒച്ചിഴയല്‍ ബാറ്റിംഗ് പുറത്തെടുത്ത ലഖ്‌നൗ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. മത്സരത്തില്‍ 33 പന്തില്‍ 29 റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്. ബാറ്റിംഗ് വിക്കറ്റില്‍ ടീമിന്റെ സ്‌കോര്‍ 164ല്‍ ഒതുങ്ങാന്‍ കാരണമായതും ഇതാണ്.

മത്സരത്തിനു പിന്നാലെ രാഹുലിനെ എല്‍എസ്ജി ടീമുടമ ശകാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

അതേസമയം കെഎല്‍ രാഹുലിന്റെ കളിയോടുള്ള സമീപനത്തെക്കുറിച്ച് വിമര്‍ശനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രെറ്റ്‌ലീ രംഗത്തെത്തിയിരുന്നു.

ഹൈദരാബാദിനെതിരായ കളിയ്ക്കു മുമ്പായിരുന്നു ബ്രെറ്റ് ലീയുടെ വിമര്‍ശനം എന്നത് ശ്രദ്ധേയമാണ്.

കൊല്‍ക്കത്തയ്‌ക്കെതിരേ താരത്തിന്റെ ബാറ്റിംഗ് പരാമര്‍ശിച്ചായിരുന്നു ബ്രെറ്റ്‌ലീയുടെ വിമര്‍ശനം. കൊല്‍ക്കത്തയുടെ 235 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗവിനായി രാഹുല്‍ 21 പന്തില്‍ 25 റണ്‍സാണ് നേടിയത്.

ലീയുടെ അഭിപ്രായത്തില്‍ രാഹുലിന്റെ ഈ മോശം ബാറ്റിംഗ് തന്നെയാണ് മറ്റ് ലക്‌നൗ താരങ്ങളെ തളര്‍ത്തിയതും കൂറ്റന്‍ തോല്‍വിയിലേക്ക് ടീമിനെ തള്ളി വിട്ടതും.

കെകെആര്‍ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിന്റെയും സുനില്‍ നരെയ്‌ന്റെയും മനോഭാവം അവര്‍ക്ക് തുണയായെന്നും പറഞ്ഞ ലീ കെ എല്‍ രാഹുലിന്റെ റണ്‍-എ-ബോള്‍ ഇന്നിംഗ്സ് ലക്നൗവിനെ സഹായിച്ചില്ലെന്നും അത് അവരുടെ തകര്‍ച്ചയിലേക്ക് നയിച്ചെന്നും ലീ പറഞ്ഞു.

”നിങ്ങള്‍ രണ്ട് ഓപ്പണിംഗ് ബാറ്റര്‍മാരെയും ഇരുവശത്തുനിന്നും നോക്കുകയാണെങ്കില്‍ അവിടെ തന്നെ വ്യത്യാസം ഉണ്ടെന്ന് ഞാന്‍ കരുതുന്നു. കൊല്‍ക്കത്ത പവര്‍ പ്ലേ ശരിക്കും പ്രയോജനപ്പെടുത്തിയപ്പോള്‍ ലക്‌നൗവിന് അത് സാധിച്ചില്ല. രാഹുലിന്റെ മോശം ഇന്നിംഗ്‌സ് തന്നെയാണ് അതിന് കാരണം. ”ലീ ജിയോ സിനിമയില്‍ പറഞ്ഞു.

സ്ഥിരത കുറവ് രാഹുലിനെ തളര്‍ത്തുന്നു. ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ ശേഷം പിന്നെയുള്ള കുറെ മത്സരങ്ങളില്‍ അവന്‍ പ്രതീക്ഷ നല്‍കി. ഇപ്പോഴിതാ വീണ്ടും മോശം പ്രകടനം പുറത്തെടുക്കുന്നു. ലീ പറഞ്ഞു.

അതേസമയം ഹൈദരാബാദിനെതിരായ മത്സരം പരാജയപ്പെട്ടതോടെ ഇനിയുള്ള രണ്ടു മത്സരങ്ങള്‍ വിജയിച്ചെങ്കില്‍ മാത്രമേ ലഖ്‌നൗവിന് പ്ലേ ഓഫ് ഉറപ്പിക്കാനാവൂ. മുംബൈയ്ക്കും ഡല്‍ഹിയ്ക്കും എതിരേയാണ് അവരുടെ ശേഷിക്കുന്ന മത്സരങ്ങള്‍.

Related Articles

Back to top button