Cricket

ഉഡായിപ്പുമായി മുങ്ങി നടക്കുന്ന താരങ്ങള്‍ക്കെല്ലാം ജയ്ഷായുടെ കത്ത്; അനുസരിച്ചില്ലെങ്കില്‍ എട്ടിന്റെ പണി

ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ മുങ്ങി നടക്കുന്ന താരങ്ങള്‍ക്ക് കത്തെഴുതി ബിസിസിഐ സെക്രട്ടറി ജയ്ഷാ. കേന്ദ്ര കരാര്‍ ഉള്ളതും ഇന്ത്യ എയില്‍ കളിക്കുന്നതുമായ മുന്‍നിര ക്രിക്കറ്റ് താരങ്ങള്‍ക്കായാണ് ജയ്ഷാ കത്തെഴുതിയിരിക്കുന്നത്.

മതിയായ കാരണങ്ങളില്ലാതെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഒഴിവാക്കി മുങ്ങി നടന്നാല്‍ ഗുരുതരമായ നടപടിയെടുക്കുമെന്നാണ് കത്തില്‍ താരങ്ങള്‍ക്കു നല്‍കുന്ന മുന്നറിപ്പ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലക്ഷ്യമാക്കി ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് താരങ്ങള്‍ വിട്ടു നില്‍ക്കുന്ന പ്രവണത സമീപകാലത്ത് കൂടുതലാണ്. രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര റെഡ്‌ബോള്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കാനുള്ള താരങ്ങളുടെ വിമുഖതയ്‌ക്കെതിരേ ബിസിസിഐ വന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ നടപടിയുമായി ജയ് ഷാ എത്തിയിരിക്കുന്നത്. ചില കളിക്കാര്‍ ആഭ്യന്തര മത്സരങ്ങളേക്കാള്‍ ഐപിഎലിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പ്രവണതയുണ്ട്.

ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റാണ് അടിത്തറ, അതിന്റെ പ്രാധാന്യം കുറയ്ക്കുന്നത് ശരിയല്ല, ഷാ കത്തില്‍ പറഞ്ഞു.ആഭ്യന്തര ക്രിക്കറ്റാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലെന്നും ജയ്ഷാ പറഞ്ഞു.

”ഇന്ത്യന്‍ ക്രിക്കറ്റിനെപ്പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാട് വ്യക്തമാണ്. രാജ്യത്തിന് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ കളിക്കാരനും ആഭ്യന്തര ക്രിക്കറ്റില്‍ കഴിവ് തെളിയിക്കണം. ആഭ്യന്തര ടൂര്‍ണമെന്റുകളിലെ പ്രകടനമാണ് തിരഞ്ഞെടുക്കാനുള്ള പ്രധാന മാനദണ്ഡം, അഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും, ”ജയ്ഷാഎഴുതി.

ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ തനിക്ക് ചില ആശങ്ക ഉണ്ടെന്നും ജയ്ഷാ പറഞ്ഞു. ഐപിഎല്ലിന്റെ വിജയത്തില്‍ ബിസിസിഐ അഭിമാനിക്കുന്നു, എന്നാല്‍ ടി20 ടൂര്‍ണമെന്റിനേക്കാള്‍ ആഭ്യന്തര ക്രിക്കറ്റിന് മുന്‍ഗണന നല്‍കണമെന്ന് ഷാ കത്തില്‍ എഴുതിയിട്ടുണ്ട്.

രഞ്ജി ട്രോഫി സീസണിലെ അവസാന ലീഗ് മത്സരത്തില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍ എന്നിവര്‍ അതത് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിക്കാത്തതിനെ തുടര്‍ന്നാണ് ബോര്‍ഡ് കത്തെഴുതാന്‍ നിര്‍ബന്ധിതരായത്.

ആഭ്യന്തര ക്രിക്കറ്റഅ കളിക്കാതെ മുങ്ങി നടക്കുന്ന യുവതാരം ഇഷാന്‍ കിഷന് ശിക്ഷ കിട്ടാന്‍ സാധ്യതയുണ്ട്. ഈ സീസണില്‍ ജാര്‍ഖണ്ഡിനായി ഒറ്റ രഞ്ജി മത്സരങ്ങള്‍ പോലും കളിക്കാന്‍ താരം തയ്യാറാകാത്തതിനാലാണിത്.

Related Articles

Back to top button