Cricket

ചാമ്പ്യന്‍സ് ട്രോഫി 2025 !! ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കുന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനവുമായി ബിസിസിഐ

അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ്‌ട്രോഫിയ്ക്കായി ഇന്ത്യന്‍ ടീമിനെ പാക്കിസ്ഥാനിലേക്ക് വിടേണ്ടെന്ന് ബിസിസിഐ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്.

ശ്രീലങ്കയിലോ ദുബായിലോ ഇന്ത്യയുടെ മത്സരങ്ങള്‍ നടത്തണമെന്നാണ് ബിസിസിഐയുടെ നിലപാട് എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിന്റെ മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

നേരത്തെ, സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.

ഇതാണിപ്പോള്‍ ബിസിസിഐ തള്ളിയിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുക.

ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് നല്‍കിയിരുന്നു. പാക് ബോര്‍ഡ് നല്‍കിയ മത്സരക്രമം അനുസരിച്ച് മാര്‍ച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കേണ്ടത്.

എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്കും പാകിസ്ഥാനും പുറമെ അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് യോഗ്യത നേടിയിട്ടുള്ളത്.

ലാഹോറിന് പുറമെ കറാച്ചി, റാവല്‍പിണ്ടി എന്നീവേദികളിലാണ് ഗ്രൂപ്പ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും പാക് ബോര്‍ഡ് ആരംഭിച്ചിരുന്നു.

പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിക്കുകയാണെങ്കില്‍ 2026ല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിലേക്ക് പാക്കിസ്ഥാന്‍ ടീമിനെ അയയ്ക്കില്ലെന്ന് ചില മുന്‍ താരങ്ങള്‍ ഭീഷണി മുഴക്കിയിരുന്നു.

Related Articles

Back to top button