Cricket

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൊരുതി വീണ് നേപ്പാള്‍ !! ബംഗ്ലാദേശിന് റെക്കോഡ് ജയം

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും എതിരാളികളെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയ നേപ്പാള്‍ വിജയിക്കുമെന്ന് തോന്നിപ്പിച്ച ശേഷം പരാജയം ഏറ്റുവാങ്ങി.

ഇത്തവണ പരാജയത്തിന്റെ മാര്‍ജിന്‍ അല്‍പം കൂടി വലുതായിരുന്നെങ്കിലും സാഹചര്യം സമാനമായിരുന്നു.

ബംഗ്ലാദേശിനെതിരേ 21 റണ്‍സിനാണ് നേപ്പാള്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 19.3 ഓവറില്‍ 106 റണ്‍സിന് പുറത്താക്കിയപ്പോള്‍ മറ്റൊരു അട്ടിമറി കൂടി ക്രിക്കറ്റ് പ്രേമികള്‍ സ്വപ്‌നം കണ്ടെങ്കിലും നേപ്പാളിന്റെ മറുപടി 19.2 ഓവറില്‍ 85 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

കിംഗ്സ്റ്റണിലെ അര്‍ണോസ് വെയ്ല്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ തന്‍സിദ് ഹസനെ അവര്‍ക്ക് നഷ്ടമായി. പിന്നീട് പത്തു റണ്‍സ് കൂടുമ്പോള്‍ ഒരു വിക്കറ്റ് എന്ന ക്രമത്തില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ഒടുവില്‍ 106 റണ്‍സില്‍ ഇന്നിംഗ്‌സ് അവസാനിക്കുകയും ചെയ്തു.

17 റണ്‍സെടുത്ത ഷക്കീബ് അല്‍ ഹസനാണ് ടോപ് സ്‌കോറര്‍. റിഷാദ് ഹുസൈന്‍(ഏഴു പന്തില്‍ 13), ടസ്‌കിന്‍ അഹമ്മദ്(12) എന്നിവര്‍ ചേര്‍ന്നു നടത്തിയ ചെറുത്തു നില്‍പ്പാണ് ബംഗ്ലാദേശിന്റെ സ്‌കോര്‍ 100 കടത്തിയത്.

മഹമ്മദുള്ള(13), ജാക്കര്‍ അലി(12), ലിട്ടന്‍ ദാസ്(10) എന്നിവരും രണ്ടക്കം കണ്ടു. സൊംപല്‍ കാമി, ദീപേന്ദ്ര സിംഗ് ഐരി, രോഹിത് പൗഡല്‍, സന്ദീപ് ലാമിച്ചനെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിറങ്ങിയ നേപ്പാളിന്റെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു 26 റണ്‍സെടുക്കുന്നതിനിടയില്‍ അവര്‍ക്ക് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി.

നാലോവറില്‍ വെറും ഏഴു റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത യുവ പേസര്‍ തന്‍സിം ഹസന്‍ സാക്കിബിന്റെ ബൗളിംഗില്‍ നേപ്പാളിന്റെ മുന്‍നിര തകരുകയായിരുന്നു.

എന്നാല്‍ കുശാല്‍ മല്ല(27), ദീപേന്ദ്ര സിംഗ് ഐരി(25) എന്നിവര്‍ ഒരുമിച്ചതോടെ നേപ്പാള്‍ മത്സരത്തിലേക്ക് തിരികെ വന്നു. ആറാം വിക്കറ്റില്‍ 52 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. 21 പന്തില്‍ ജയിക്കാന്‍ വെറും 29 റണ്‍സ് വേണ്ടിയിരുന്നപ്പോഴാണ് കുശാല്‍ മല്ല പുറത്താകുന്നത്.

അതോടെ കളിയില്‍ ബംഗ്ലാദേശ് പിടിമുറുക്കുകയായിരുന്നു. 17.4 ഓവറില്‍ 85ന് ആറ് എന്ന നിലയില്‍ നിന്നും ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനാകാതെ ബംഗ്ലാദേശ് ഓള്‍ഔട്ട് ആവുകയായിരുന്നു.

രണ്ടോവറില്‍ 22 വേണമെന്നിരിക്കേ 19-ാം ഓവറെറിഞ്ഞ മുസ്താഫിസുര്‍ റഹ്‌മാന്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെ ദീപേന്ദ്ര സിംഗ് ഐരിയുടെ വിക്കറ്റെടുക്കുകയായിരുന്നു. അവസാന ഓവറിലെ രണ്ടാം പന്തില്‍ അബിനാശ് ബൊഹറയെ എല്‍ബിഡബ്ല്യുവില്‍ കുടുക്കി ഷക്കീബ് നേപ്പാള്‍ ഇന്നിംഗ്‌സിനു തിരശീല വീഴ്ത്തി.

മൂന്നു വിക്കറ്റെടുത്ത മുസ്താഫിസുര്‍ റഹ്‌മാന്‍ വെറും ഏഴു റണ്‍സാണ് നാലോവറില്‍ വഴങ്ങിയത്. ഷക്കീബ് രണ്ടു വിക്കറ്റ് നേടിയപ്പോള്‍ ടസ്‌കിന്‍ അഹമ്മദ് ഒരു വിക്കറ്റ് വീഴ്ത്തി.

നാലു വിക്കറ്റെടുത്ത തന്‍സിം ഹസന്‍ സാക്കിബാണ് കളിയിലെ താരം. ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ വിജയലക്ഷ്യം വിജയകരമായി പ്രതിരോധിക്കുന്ന ടീമായി ബംഗ്ലാദേശ് മാറുകയും ചെയ്തു.

ഈ വിജയത്തോടെ ബംഗ്ലാദേശ് സൂപ്പര്‍ എട്ടില്‍ കടക്കുകയും ചെയ്തു. ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നിലെ മറ്റു ടീമുകള്‍.

Related Articles

Back to top button