Cricket

ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സിനു മുമ്പില്‍ അടിപതറി ഇന്ത്യ !! പത്താന്റെ ഒറ്റയാള്‍ പോരാട്ടത്തിനും രക്ഷിക്കാനായില്ല

2024 വേള്‍ഡ് ചാമ്പ്യന്‍സ് ഓഫ് ലെജന്‍ഡ്സില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനോട് പരാജയപ്പെട്ട് ഇന്ത്യ ചാമ്പ്യന്‍സ്. 23 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ യുവരാജ് സിങ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയുടെ മറുപടി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഉജ്ജ്വല ബാറ്റിംഗ് പ്രകടനം കാഴ്ച വച്ച ഡാനിയേല്‍ ക്രിസ്റ്റ്യനാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 33 പന്തില്‍ മൂന്നു ഫോറും ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും സഹിതം 69 റണ്‍സാണ് നേടിയത്.

27 പന്തില്‍ ഏഴ് ഫോറുകളും ഒരു സിക്സും ഉള്‍പ്പെടെ 41 നേടിയ ഷോണ്‍ മാര്‍ഷും നിര്‍ണായക പ്രകടനം കാഴ്ച വച്ചു.

ഇന്ത്യന്‍ ബൗളിങ്ങില്‍ ധവാല്‍ കുല്‍ക്കര്‍ണി രണ്ട് വിക്കറ്റും ഹര്‍ഭജന്‍ സിങ്, അനുരീത് സിങ്, ആര്‍.പി സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി യൂസഫ് പത്താന്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. 48 പന്തില്‍ 11 ഫോറുകളും ഒരു സിക്‌സും സഹിതം 78 റണ്‍സായിരുന്നു യൂസഫ് നേടിയത്.

അമ്പാട്ടി റായിഡു 17 പന്തില്‍ പുറത്താവാതെ 26 റണ്‍സും നേടി മികച്ച ചെറുത്ത് നില്‍പ്പ് നടത്തി. ഓസ്ട്രേലിയന്‍ ബൗളിംഗില്‍ പീറ്റര്‍ സിഡില്‍, നഥാന്‍ കോള്‍ട്ടര്‍ നൈല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഡാനിയല്‍ ക്രിസ്റ്റ്യന്‍, ബെന്‍ ലാഫ്ലിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും ഒരു തോല്‍വിയും അടക്കം ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ. മത്സരങ്ങളില്‍ രണ്ടു വീതം ജയവും തോല്‍വിയുമായി നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എല്ലാ മത്സരങ്ങളും വിജയിച്ച പാക്കിസ്ഥാനാണ് ഒന്നാമത്.

ജൂലൈ പത്തിന് വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ജൂലൈ 13നാണ് ഫൈനല്‍.

Related Articles

Back to top button