Cricket

സാംപ മാജിക്കില്‍ തകര്‍ന്ന് നമീബിയ!! പവര്‍പ്ലേയില്‍ തന്നെ കളിതീര്‍ത്ത് ഓസ്‌ട്രേലിയ

ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി ഓസ്‌ട്രേലിയ സൂപ്പര്‍ എട്ടില്‍ കടന്നു. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ നമീബിയയെ ഒമ്പതു വിക്കറ്റിന് തകര്‍ത്തായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ വിജയം. അതേസമയം നമീബിയ ലോകകപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത നമീബിയ 17 ഓവറില്‍ 72 റണ്‍സിന് അവര്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. വിജയലക്ഷ്യം വെറും 5.4 ഓവറില്‍ ഓസീസ് മറികടന്നു.

ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ നമീബിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

എന്നാല്‍ ഓസീസ് ബൗളര്‍മാരുടെ മികവിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കായില്ല. നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് നമീബിയയുടെ നട്ടെല്ലൊടിച്ചത്.

ഹേസില്‍വുഡ്, മാര്‍ക്കസ് സ്‌റ്റോയിനിസ് രണ്ടു വിക്കറ്റ് വീതവും കമ്മിന്‍സ്, നഥാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജെറാഡ് ഇറാസ്മസിനു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. ഓപ്പണര്‍ മൈക്കല്‍ വാന്‍ ലിംഗന്‍(10) മാത്രമാണ് ഇറാസ്മസിനെ കൂടാതെ നമീബിയന്‍ നിരയില്‍ രണ്ടക്കം കണ്ടത്.

73 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ചു. ടീം സ്‌കോര്‍ 21ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്ത്. എട്ടു പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സായിരുന്നു വാര്‍ണറുടെ സമ്പാദ്യം. ഡേവിഡ് വീസിനായിരുന്നു വിക്കറ്റ്.

എന്നാല്‍ സഹ ഓപ്പണര്‍ ട്രവിസ് ഹെഡും(17 പന്തില്‍ 34), ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും(ഒമ്പതു പന്തില്‍ 18) ചേര്‍ന്ന് പവര്‍പ്ലേ പിന്നിടും മുമ്പു തന്നെ ടീമിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ടാമതായി ആരാകും സൂപ്പര്‍ എട്ടിലെത്തുക എന്നതാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യം. മൂന്നു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയിന്റുള്ള സ്‌കോട്ട്‌ലന്‍ഡും രണ്ടു മത്സരങ്ങളില്‍ നിന്ന് വെറും ഒരു പോയിന്റുള്ള നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും തമ്മിലാണ് സൂപ്പര്‍ എട്ട് ബെര്‍ത്തിനായുള്ള മത്സരം.

സ്‌കോട്ട്‌ലന്‍ഡിന്റെ അടുത്ത എതിരാളികള്‍ ഓസ്‌ട്രേലിയയാണെന്നിരിക്കെ, നമീബിയയും ഒമാനുമാണ് എതിരാളികളെന്നത് ഇംഗ്ലണ്ടിന് ആശ്വാസമാണ്.

Related Articles

Back to top button