Cricket

മികച്ച തുടക്കം മുതലാക്കാതെ ഇംഗ്ലണ്ട് !! മിന്നുന്ന വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ

ഈ ട്വന്റി20 ലോകകപ്പില്‍ ആദ്യമായി ടീം സ്‌കോര്‍ 200 പിന്നിട്ട മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച വിജയം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 36 റണ്‍സിനാണ് അവര്‍ തോല്‍പ്പിച്ചത്.

ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 201 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ മറുപടി ആറു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സില്‍ അവസാനിച്ചു.

ഒരു അര്‍ധസെഞ്ചുറി പോലുമില്ലാതെയാണ് ഓസ്‌ട്രേലിയ 200 റണ്‍സ് നേടിയതെന്നത് കൗതുകമായി.

മുന്‍നിര ബാറ്റര്‍മാരുടെ ഭേദപ്പെട്ട പ്രകടനമാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. ഡേവിഡ് വാര്‍ണര്‍(39), ട്രാവിസ് ഹെഡ്(34), മിച്ചല്‍ മാര്‍ഷ്(35), ഗ്ലെന്‍ മാക്സ്വെല്‍(28), മാര്‍കസ് സ്റ്റോയിനിസ്(30) എന്നിങ്ങനെയായിരുന്നു ഓസീസ് ബാറ്റര്‍മാരുടെ സംഭാവനകള്‍. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോര്‍ദാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മോയീന്‍ അലി, ജോഫ്രാ അര്‍ച്ചര്‍, ആദില്‍ റഷീദ്, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

202 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഉജ്ജ്വല തുടക്കമാണ് ലഭിച്ചത്. ഫിലിപ്പ് സാള്‍ട്ടും ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 7.1 ഓവറില്‍ 73 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

23 പന്തില്‍ 37 റണ്‍സ് നേടിയ സാള്‍ട്ടിനെ ആദ്യം സാംപ ബൗള്‍ഡാക്കിയതാണ് കളിയില്‍ വഴിത്തിരിവായത്.

10-ാം ഓവറിലെ അഞ്ചാം പന്തില്‍ ടീം സ്‌കോര്‍ 92ല്‍ നില്‍ക്കെ ജോസ് ബട്‌ലറും സാംപയ്ക്കു മുമ്പില്‍ വീണു. 28 പന്തില്‍ 42 റണ്‍സായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ സമ്പാദ്യം.

പിന്നീട് വന്നവര്‍ക്ക് കാര്യമായ പ്രകടനം കാഴ്ച വയ്ക്കാനാവാതെ വന്നതോടെ ഇംഗ്ലണ്ട് കളി കൈവിടുകയായിരുന്നു.

വില്‍ ജാക്സ്(10), ജോണി ബെയര്‍സ്റ്റോ(7),മൊയീന്‍ അലി(25), ലിയാം ലിവിംഗ്സ്റ്റണ്‍(15), ഹാരി ബ്രൂക്ക്(20*) എന്നിങ്ങനെയായിരുന്നു ബാക്കിയുള്ളവരുടെ പ്രകടനങ്ങള്‍.

ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ പിഴുത ആദം സാംപയാണ് കളിയിലെ താരം. സാംപയെക്കൂടാതെ പാറ്റ് കമ്മിന്‍സും രണ്ടു വിക്കറ്റ് വീഴ്ത്തി.

ഹേസില്‍വുഡ്, സ്‌റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ട്വന്റി20 ലോകകപ്പില്‍ ഒരു അര്‍ധസെഞ്ചുറി പോലുമില്ലാതെ ഏറ്റവുമധികം റണ്‍സ് പിറക്കുന്ന മത്സരമായും ഇത് മാറി.

ഇരു ടീമുകളും ചേര്‍ന്ന് 366 റണ്‍സ് നേടിയപ്പോള്‍ പിന്നിലായത് 2010ല്‍ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ചേര്‍ന്നു നേടിയ 327 റണ്‍സിന്റെ റെക്കോഡാണ്.

രണ്ടാം വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഓസീസ് നാല് പോയിന്റുമായി ഒന്നാമെത്തി. മൂന്ന് പോയിന്റുമായി സ്‌കോട്ലന്‍ഡാണ് രണ്ടാമത്.

രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രമുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. ഈ തോല്‍വിയോടെ മുന്‍ ചാമ്പ്യന്മാരുടെ നില പരുങ്ങലിലായിരിക്കുകയാണ്. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് സൂപ്പര്‍ എട്ടിലെത്താനാവൂ.

2023ലെ ഏകദിന ലോകകപ്പിനു സമാനമായ വിധിയാണോ അവരെ കാത്തിരിക്കുന്നതെന്ന സംശയത്തിലാണ് ആരാധകര്‍. 2023ലെ ഏകദിന ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായി കളിച്ച ഇംഗ്ലണ്ട് പ്രാഥമിക ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു.

ട്വന്റി20 ലോകകപ്പിലും നിലവിലെ ചാമ്പ്യന്മാര്‍ ഇംഗ്ലണ്ടാണ്. ആദ്യ രണ്ടു മത്സരങ്ങളിലും ജയിക്കാന്‍ കഴിയാഞ്ഞത് അവരെ ആശങ്കപ്പെടുത്തുന്നുണ്ട്.

Related Articles

Back to top button