Cricket

കളിക്കാരെല്ലാം ഐപിഎല്‍ ക്ഷീണത്തില്‍ !! പരിശീലകരെ കളത്തിലിറക്കേണ്ട ഗതികേടില്‍ ഓസ്‌ട്രേലിയന്‍ ടീം

ട്വന്റി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പരിശീലന മത്സരം കളിക്കാന്‍ ആളില്ലെന്ന പ്രതിസന്ധിയെ അഭിമുഖീകരിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം.

ഐപിഎല്ലിന് ശേഷം ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍കസ് സ്റ്റോണിസ് എന്നിവര്‍ ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.

ഇതിനു പിന്നാലെ ടീമിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഓസ്ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് തന്നെ രംഗത്തെത്തി.

പരിശീലന മത്സരത്തിന് കളിക്കാന്‍ താരങ്ങളുടെ എണ്ണത്തില്‍ കുറവുണ്ട്. എങ്കിലും ഇത് ഒരു പരിശീലന മത്സരം മാത്രമാണ്. കളിക്കാന്‍ കഴിയുന്ന താരങ്ങളുമായി കളത്തിലിറങ്ങും. മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കുമെന്നും മിച്ചല്‍ മാര്‍ഷ് പ്രതികരിച്ചു.

എല്ലാ താരങ്ങളും കളത്തിലിറങ്ങാന്‍ മാനസികമായും ശാരീരകമായും തയ്യാറായിരിക്കണം. ഐപിഎല്‍ കളിച്ചവര്‍ ക്ഷീണിതരാണെന്ന് അറിയാം.

അവര്‍ രണ്ട് ദിവസം കുടുംബത്തോടൊപ്പം കഴിയട്ടെ. അതിന് ശേഷം മടങ്ങിവരുന്നതാണ് നല്ലതെന്ന് മാര്‍ഷ് വ്യക്തമാക്കി.

ഐപിഎല്ലിന്റെ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് മിച്ചല്‍ മാര്‍ഷ് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ താരം പരിശീലന മത്സരം കളിക്കുന്ന കാര്യം സംശയമാണെന്നാണ് റിപ്പോര്‍ട്ട്.

ഐസിസി നിയമപ്രകാരം പരിശീലന മത്സരങ്ങള്‍ കളിക്കുന്നവര്‍ ഓസ്ട്രേലിയന്‍ ദേശീയ ടീമില്‍ അംഗങ്ങളായിരിക്കണം. അതിനാല്‍ ഐപിഎല്ലില്‍ വെടിക്കെട്ടു നടത്തിയ യുവതാരം ജേക്ക് ഫ്രേസര്‍ മക്ഗുര്‍ഗിനുള്‍പ്പെടെ കളത്തിലിറങ്ങാന്‍ കഴിയില്ല.

ഇതോടെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിലുള്ള മുന്‍ താരങ്ങളെ സബ്സ്റ്റിറ്റിയൂട്ടായി കളത്തില്‍ ഇറക്കേണ്ട അവസ്ഥയിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്, ബ്രാഡ് ഹോഡ്ജ്, ജോര്‍ജ് ബെയ്ലി, ആന്ദ്രെ ബോറോവെക് തുടങ്ങിയവരാണ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിലുള്ളത്. ഇതാദ്യമായല്ല പരിശീലകര്‍ കളിക്കാനിറങ്ങുന്നത്. മുമ്പും പല ടീമുകളും ഇത്തരത്തില്‍ പരിശീലന മത്സരങ്ങളില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ കളത്തിലിറക്കിയിട്ടുണ്ട്.

Related Articles

Back to top button