Cricket

ഒമാന്റെ അന്തകനായി മാര്‍ക്കസ് സ്റ്റോയിനിസ് !! വിജയിച്ചു തുടങ്ങി ഓസ്‌ട്രേലിയ

ബാറ്റിംഗിലും ബൗളിംഗിലും മാര്‍ക്കസ് സ്റ്റോയിനിസ് സ്‌റ്റോയിനിസ് തീര്‍ത്ത തരംഗത്തെ അതിജീവിക്കാനാവാതെ ഓസ്‌ട്രേലിയയോട് പൊരുതിത്തോറ്റ് ഒമാന്‍.

ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ 39 റണ്‍സിനായിരുന്നു ഓസീസിന്റെ വിജയം.

ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഒമാന്‍ ഓസ്‌ട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

ബാറ്റിംഗ് വെടിക്കെട്ട് പ്രതീക്ഷ കാണികളെ അമ്പരപ്പിക്കുന്ന ബൗളിംഗാണ് ഒമാന്‍ ആദ്യ പകുതിയില്‍ പുറത്തെടുത്തത്.

ടീം സ്‌കോര്‍ 19ല്‍ നില്‍ക്കുമ്പോള്‍ ഐപിഎല്ലിലെ വെടിക്കെട്ടുകാരന്‍ ട്രവിസ് ഹെഡ്(12) പുറത്ത്. ബിലാല്‍ ഖാനായിരുന്നു വിക്കറ്റ്. എട്ടാം ഓവറിലെ രണ്ടാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെയും(21 പന്തില്‍ 14), മൂന്നാം പന്തില്‍ ഗോള്‍ഡന്‍ ഡക്കാക്കി ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും മെഹ്‌റാന്‍ ഖാന്‍ പുറത്താക്കുമ്പോള്‍ ടീം സ്‌കോര്‍ 50 മാത്രം.

എന്നാല്‍ അവിടുന്ന് ഒത്തു ചേര്‍ന്ന ഡേവിഡ് വാര്‍ണര്‍(56)- മാര്‍ക്കസ് സ്‌റ്റോയിനിസ്(67) സഖ്യം കൂട്ടിച്ചേര്‍ത്ത 102 റണ്‍സാണ് ഓസീസിനെ രക്ഷിച്ചതെന്നു പറയാം.

ടീം സ്‌കോര്‍ 152ല്‍ വാര്‍ണറിനെ കലീമുള്ള ഖാന്‍ വീഴ്ത്തിയെങ്കിലും പിന്നീട് വന്ന ടിം ഡേവിഡ് തന്നാല്‍ കഴിയാവുന്ന സംഭാവന നല്‍കിയതോടെ ടീം സ്‌കോര്‍ 164ല്‍ എത്തി. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ഡേവിഡ് റണ്ണൗട്ടാവുകയായിരുന്നു.

വെറും 36 പന്തില്‍ രണ്ടു ഫോറും ആറു സിക്‌സും സഹിതമായിരുന്നു സ്‌റ്റോയിനിസിന്റെ 67 റണ്‍സ്. ഇതില്‍ മെഹ്‌റാന്‍ ഖാനെതിരേ ഒരോവറില്‍ നേടിയ നാലു സിക്‌സറുകളും പെടും.

165 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഒമാന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ പ്രതീക് അത്താവാലെയെ നഷ്ടമായി. 13 ഓവര്‍ പിന്നിടുമ്പോഴേക്കും 57ന് ആറ് എന്ന നിലയിലേക്ക് അവര്‍ തകര്‍ന്നു.

ഒടുവില്‍ 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സില്‍ അവരുടെ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു. 36 റണ്‍സെടുത്ത അയാസ് ഖാനും 27 റണ്‍സ് നേടിയ മെഹ്‌റാന്‍ ഖാനും ചേര്‍ന്നാണ് അവരെ വന്‍ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.

ബൗളിംഗിലും ഒമാന്റെ അന്തകനായത് സ്‌റ്റോയിനിസ് തന്നെയായിരുന്നു. മൂന്നോവറില്‍ 19 റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്നു വിക്കറ്റുകളാണ് ഓസീസ് ഓള്‍റൗണ്ടര്‍ വീഴ്ത്തിയത്.

മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ്, ആദം സാംപ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ടൂര്‍ണമെന്റില്‍ ഒമാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ അവര്‍ നമീബിയയോട് സൂപ്പര്‍ ഓവറില്‍ തോറ്റിരുന്നു.

ട്വന്റി20 ലോകകപ്പ് മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നു വിക്കറ്റും നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് സ്‌റ്റോയിനിസ്. ഡ്വെയ്ന്‍ ബ്രാവോയും ഷെയ്ന്‍ വാട്‌സണുമാണ് സ്‌റ്റോയിനിസിന്റെ മുന്‍ഗാമികള്‍.

Related Articles

Back to top button