Cricket

പത്താനെയും നെഹ്‌റയെയും മറികടന്ന് അര്‍ഷ്ദീപ് സിംഗ് !! ആ റെക്കോഡിന്റെ പുതിയ അവകാശി

ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടന്നിരിക്കുകയാണ്. ആതിഥേയരായ അമേരിക്കയ്‌ക്കെതിരേ ഏഴു വിക്കറ്റിനാണ് നീലപ്പട വിജയിച്ചു കയറിയത്.

ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അമേരിക്കയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

സ്ലോ പിച്ചില്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടാനാണ് അമേരിക്കയ്ക്ക് സാധിച്ചത്. 111 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 18.2 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

നാലോവറില്‍ വെറും ഒമ്പത് റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗിന്റെ ബൗളിംഗാണ് കാനഡയെ ചെറിയ സ്‌കോറില്‍ പിടിച്ചു കെട്ടിയത്.

ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ ഷയാന്‍ ജഹാംഗീറിനെ വിക്കറ്റിനു മുമ്പില്‍ കുടുക്കിയ അര്‍ഷ്ദീപ് സിംഗ് ആറാമത്തെ പന്തില്‍ ആന്‍ഡ്രിയാസ് ഗോസിനെയും പറഞ്ഞയച്ചു. പിന്നീട് നിതീഷ് കുമാറിനെയും ഹര്‍മീത് സിംഗിന്റെയും വിക്കറ്റ് കൂടി വീഴ്ത്തി അര്‍ഷ്ദീപ് വിക്കറ്റ് നേട്ടം നാലായി ഉയര്‍ത്തി.

അമേരിക്കയ്‌ക്കെതിരായ നാലു വിക്കറ്റ് നേട്ടം നാല് വിക്കറ്റ് ഒരു തകര്‍പ്പന്‍ റെക്കോഡും അര്‍ഷ്ദീപ് സിംഗിന് നേടിക്കൊടുത്തു.

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇടങ്കയ്യന്‍ പേസര്‍ എന്ന നേട്ടമാണ് താരത്തിന് സ്വന്തമാക്കിയത്.

രാജ്യാന്തര ട്വന്റി20യില്‍ അര്‍ഷ്ദീപ് സിംഗിന് ഇപ്പോള്‍ 17 വിക്കറ്റാണുള്ളത്. 16 വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാന്‍ പത്താനെയാണ് താരം പിന്നിലാക്കിയത്. ആശിഷ് നെഹ്‌റ(15), ആര്‍.പി സിംഗ്(14) എന്നിവരും ലിസ്റ്റിലുണ്ട്.

അതേസമയം അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ വിരാട് കോഹ്‌ലിയെ ഗോള്‍ഡന്‍ ഡക്കായി പറഞ്ഞയച്ച സൗരഭ് നേത്രവല്‍ക്കര്‍ മൂന്നാമത്തെ ഓവറില്‍ ടീം സ്‌കോര്‍ 10ല്‍ നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പുറത്താക്കി.

വെറും മൂന്നു റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. ടീം സ്‌കോര്‍ 39ല്‍ നില്‍ക്കുമ്പോള്‍ 18 റണ്‍സെടുത്ത റിഷഭ് പന്തിനെ പുറത്താക്കി അലി ഖാന്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയെങ്കിലും നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന സൂര്യകുമാര്‍ യാദവ്-ശിവം ദുബെ സഖ്യം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

സൂര്യകുമാര്‍ യാദവ് 49 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ ശിവം ദുബെ 35 പന്തില്‍ 31 റണ്‍സെടുത്തു. ഇതിനിടയ്ക്ക് ഇന്ത്യയ്ക്ക് അഞ്ചു റണ്‍സ് പെനാല്‍റ്റിയായും ലഭിച്ചത് മത്സരത്തില്‍ നിര്‍ണായകമായി.

Related Articles

Back to top button