Cricket

ഇനി ചരിത്രത്തില്‍ ഒന്നാമന്‍ ഇവന്‍ !! ഇതിഹാസ താരം ഡെയ്ല്‍ സ്റ്റെയ്ന്‍ പോലും ഇക്കാര്യത്തില്‍ ഇവനു പിന്നില്‍

ഐസിസി ട്വന്റി20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ ഏഴു റണ്‍സിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തിലും വിജയം കണ്ടിരുന്നു.

സെന്റ്‌ലൂസിയയിലെ ഡാരന്‍ സാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

38 പന്തില്‍ 65 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്.നാലു വീതം ഫോറുകളും സിക്സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 28 പന്തില്‍ 43 റണ്‍സ് നേടിയ ഡേവിഡ് മില്ലറിന്റെ പ്രകടനവും മികച്ച സ്‌കോര്‍ നേടാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചു.

ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് 37 പന്തില്‍ 53 റണ്‍സും ലിയാം ലിവിങ്സ്റ്റണ്‍ 17 പന്തില്‍ 33 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ഏഴ് റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു.

സൗത്ത് ആഫ്രിക്കയുടെ ബൗളിംഗില്‍ കേശവ് മഹാരാജ്, കാഗിസോ റബാദ എന്നിവര്‍ രണ്ടു വിക്കറ്റും ഓട്ട്‌നീല്‍ ബാര്‍ട്ട്മാന്‍, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ മത്സരത്തോടെ നോര്‍ക്യയെത്തേടി ഏതാനും തകര്‍പ്പന്‍ റെക്കോഡുകളും എത്തി. ട്വന്റി20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ഇതിലൊന്ന്.

31 വിക്കറ്റുകളാണ് ലോകകപ്പില്‍ താരം നേടിയത്. 30 വിക്കറ്റുകള്‍ വീഴ്ത്തിയ ഇതിഹാസ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്നെ മറികടന്നുകൊണ്ടായിരുന്നു നോര്‍ക്യയുടെ മുന്നേറ്റം.

ഇതുകൂടാതെ ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ ഏറ്റവുമധികം മത്സരങ്ങളില്‍ കുറഞ്ഞത് ഒരു വിക്കറ്റെങ്കിലും വീഴ്ത്തുന്ന താരമായും നോര്‍ക്യ മാറി. തുടര്‍ച്ചയായ 16 മത്സരങ്ങളിലാണ് നോര്‍ക്യ വിക്കറ്റ് വീഴ്ത്തിയിരിക്കുന്നത്. 15 മത്സരങ്ങളില്‍ തുടര്‍ച്ചയായി വിക്കറ്റ് വീഴ്ത്തിയ ഓസീസ് സ്പിന്നര്‍ ആദം സാംപയാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ ഗ്രെയിം സ്വാനും തുടര്‍ച്ചയായ 15 മത്സരങ്ങളില്‍ വിക്കറ്റ് നേടിയിട്ടുണ്ട്.

ഗ്രൂപ്പ് രണ്ടില്‍ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നാല് പോയിന്റോടെ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തെത്തിയെങ്കിലും സെമി ഉറപ്പിക്കാനായി വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന അടുത്ത മത്സരം വിജയിക്കേണ്ടതുണ്ട്.

ജൂണ്‍ 24ന് വിന്‍ഡീസിനെതിരേ നടക്കുന്ന മത്സരത്തില്‍ തോല്‍ക്കുകയും അമേരിക്കയ്‌ക്കെതിരേ ഇംഗ്ലണ്ട് മികച്ച വിജയം നേടുകയും ചെയ്താല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും എന്ന ദുരവസ്ഥയാണ് ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നത്.

Related Articles

Back to top button