Cricket

ഡബിള്‍ ഓടാന്‍ തയ്യാറായില്ല !! സഹതാരത്തിനു നേരെ കലിപ്പിച്ച് ബാറ്റ് വലിച്ചെറിഞ്ഞ് റാഷിദ് ഖാന്‍ !! വീഡിയോ

ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ നിര്‍ണായക മത്സരത്തില്‍ എട്ടു റണ്‍സിന്റെ വിജയവുമായി അഫ്ഗാനിസ്ഥാന്‍ സെമിഫൈനലില്‍ പ്രവേശിച്ചിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ ബംഗ്ലാദേശ് അഞ്ചു വിക്കറ്റിന് 115 റണ്‍സില്‍ ഒതുക്കുകയായിരുന്നു.
പല പ്രാവശ്യം മഴ കളിമുടക്കിയ മത്സരത്തില്‍ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 ആയി പുനര്‍നിര്‍ണയിച്ചെങ്കിലും അവര്‍17.5 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

12.1 ഓവറില്‍ ജയിച്ചിരുന്നെങ്കില്‍ ബംഗ്ലാദേശിനും സെമി കടക്കാമായിരുന്നു. പിന്നീടുള്ള ഓവറുകളിലാണ് ബംഗ്ലാദേശ് മത്സരം ജയിക്കുന്നതെങ്കില്‍ ഓസട്രേലിയയും സെമിയിലെത്തുമായിരുന്നു. എന്നാല്‍ അഫ്ഗാന്റെ പോരാട്ടവീര്യത്തിനു മുമ്പില്‍ ഇതെല്ലാം നിഷ്പ്രഭമായി.

അവസാന ഓവറുകളില്‍ കത്തികയറിയ ക്യാപ്റ്റന്‍ റാഷിദ് ഖാനാണ് (10 പന്തില്‍ പുറത്താവാതെ 19) അഫ്ഗാന്റെ സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചത്. എന്നാല്‍ അവസാന ഓവറില്‍ റാഷിദ് സഹതാരം കരിം ജന്നത്തിനു നേരെ കലിപ്പിക്കുന്നതിന്റെയും ബാറ്റ് വലിച്ചെറിയുന്നതിന്റെയും വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

തന്‍സിം ഹസന്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്നാം പന്തിലാണ് സംഭവം. മൂന്നാം പന്തില്‍ റാഷിദ് ഹെലികോപ്റ്റര്‍ ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ പന്ത് വായുവില്‍ ഉയരുകയാണുണ്ടായത്. ബംഗ്ലാദേശിന് ക്യാച്ചെടുക്കാനായതുമില്ല.

ഇതിനിടെ അഫ്ഗാന്‍ ഒരു റണ്‍ ഓടി. രണ്ടാം റണ്ണിനായി റാഷിദ് ക്രീസ് വിട്ടു. ബാറ്റിംഗ് എന്‍ഡിന്റെ അടുത്തുവരെ എത്തിയെങ്കിലും ജന്നത്ത് ഓടിയില്ല. ഇതിന്റെ ദേഷ്യത്തില്‍ റാഷിദ് ദേഷ്യത്തോടെ ബാറ്റ് വലിച്ചെറിഞ്ഞ് ക്രീസിലേക്ക് തിരിച്ചോടുകയായിരുന്നു.

അഫ്ഗാന്‍ നിരയില്‍ 43 റണ്‍സെടുത്ത ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസായിരുന്നു ടോപ് സ്‌കോറര്‍. എന്നാല്‍ അഫ്ഗാന്റെ കുഞ്ഞന്‍ സ്‌കോര്‍ എളുപ്പത്തില്‍ മറികടക്കാമെന്ന ധാരണയില്‍ ഇറങ്ങിയ ബംഗ്ലാദേശിനെ അഫ്ഗാന്‍ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കുന്ന കാഴ്ചയാണ് കണ്ടത്.

ഒരു വശത്ത് 54 റണ്‍സുമായി ഓപ്പണര്‍ ലിട്ടണ്‍ ദാസ് പുറത്താകാതെ നിന്നുവെങ്കിലും മറുവശത്തെ വിക്കറ്റുകള്‍ അരിഞ്ഞു വീഴ്ത്തി അഫ്ഗാന്‍ വിജയം കൊയ്യുകയായിരുന്നു. നാലു വിക്കറ്റ് വീതം വീഴ്ത്തിയ നവീന്‍ ഉള്‍ഹഖും റാഷിദ് ഖാനും ചേര്‍ന്നാണ് ബംഗ്ലാദേശ് ബാറ്റിംഗിനെ തകര്‍ത്തത്.

നവീന്‍ ഉള്‍ഹഖായിരുന്നു കളിയിലെ താരം. ജൂണ്‍ 27നാണ് അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ് സെമിഫൈനല്‍. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലാണ് മത്സരം.

Related Articles

Back to top button