Cricket

അന്ന് അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ പാക്കിസ്ഥാനിലേക്ക് എനിക്ക് ഒരിക്കലും പോകാനാവുമായിരുന്നില്ല !! വെളിപ്പെടുത്തലുമായി അമേരിക്കന്‍ താരം

ട്വന്റി20 ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ പാക്കിസ്ഥാനെ അട്ടിമറിച്ചാണ് അമേരിക്ക സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയത്. എന്നാല്‍ സൂപ്പര്‍ എട്ടില്‍ മത്സരങ്ങളൊന്നും വിജയിക്കാന്‍ അവര്‍ക്കായില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പൊരുതി വീണെങ്കിലും വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനുമെതിരേ വന്‍ തോല്‍വികളാണ് അവര്‍ വഴങ്ങിയത്.

ഇപ്പോഴിതാ അമേരിക്ക പാക്കിസ്ഥാനെതിരേ വിജയിച്ചതിനെപ്പറ്റി തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ ടീമിലെ പേസ് ബൗളറും പാക് വംശജനുമായ അലി ഖാന്‍.

അന്നത്തെ മത്സരത്തില്‍ താന്‍ സൂപ്പര്‍ ഓവര്‍ എറിഞ്ഞിരുന്നെങ്കില്‍ എല്ലാ പാക്കിസ്ഥാനികളും തന്നെ വെറുക്കുമായിരുന്നുവെന്നും സൂപ്പര്‍ ഓവര്‍ എറിയാന്‍ തന്നെ വിളിക്കാഞ്ഞത് ഭാഗ്യമായെന്നും അലി ഖാന്‍ പറയുന്നു.

അത് വളരെ നല്ലൊരു തീരുമാനമായിരുന്നുവെന്നും അല്ലായിരുന്നുവെങ്കില്‍ പാക്കിസ്ഥാനിലേക്കുള്ള തന്റെ പ്രവേശനം പോലും വിലക്കപ്പെടുമായിരുന്നുവെന്നും അലി ഖാന്‍ പ്രതികരിച്ചു.

പാക്കിസ്ഥാനെതിരായ മത്സരം ഏറെ വികാരഭരിതമാണ്. അമേരിക്ക മുമ്പ് ഇത്ര വലിയൊരു ടീമിനോട് മത്സരിച്ചിട്ടില്ല. ഒരു ലോകകപ്പിലാണ് അമേരിക്ക പാകിസ്ഥാനെ നേരിടുന്നത്.

ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഷഹീന്‍ അഫ്രീദി പോലുള്ള താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. ആദ്യ മത്സരം കാനഡയ്‌ക്കെതിരേ അമേരിക്ക വിജയിച്ചിരുന്നു. എന്നാല്‍ കാനഡയെ സ്ഥിരമായി അമേരിക്ക നേരിടാറുണ്ടെന്നും അലി ഖാന്‍ പറഞ്ഞു.

ലോകകപ്പിന് മുമ്പ് ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര നേടിയത് ആത്മവിശ്വാസം നല്‍കി. ടെസ്റ്റ് കളിക്കുന്ന രാജ്യത്തിനെതിരായ അമേരിക്കയുടെ ആദ്യ പരമ്പര വിജയമാണത്.

ലോകകപ്പില്‍ കാനഡയെയും അയര്‍ലന്‍ഡിനെയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് അറിയാമായിരുന്നു. പിന്നെ പാകിസ്ഥാന്‍, ഇന്ത്യ എന്നിവരില്‍ ഒരു ടീമിനെ പരാജയപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചു.

പാകിസ്ഥാനെ തോല്‍പ്പിച്ചത് ഏറെ ആത്മവിശ്വാസം നല്‍കി. ആദ്യ പന്ത് മുതല്‍ പാക് ടീമിനെതിരെ പദ്ധതികള്‍ ഉണ്ടായിരുന്നുവെന്നും അലി ഖാന്‍ കൂട്ടിച്ചേര്‍ത്തു.

പ്രാഥമിക മത്സരങ്ങളില്‍ നാലു മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും ഒന്നു വീതം സമനിലയും തോല്‍വിയുമടക്കം അഞ്ചു പോയിന്റ് നേടിയാണ് അമേരിക്ക സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയത്.

കാനഡയ്ക്കും അയര്‍ലന്‍ഡിനെതിരേയും വിജയിക്കാനായെങ്കിലും ഇന്ത്യയ്ക്കും അമേരിക്കയ്ക്കും എതിരേ തോറ്റതോടെ നാലുപോയിന്റുമായി പാക്കിസ്ഥാന്‍ സൂപ്പര്‍ എട്ടിലെത്താതെ പുറത്താവുകയും ചെയ്തു.

Related Articles

Back to top button