Cricket

അപരാജിതനായ മാര്‍ക്രം !! ലോകകപ്പുകളില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനുള്ളത് അപൂര്‍വ റെക്കോഡ്; ഞെട്ടലോടെ ഇന്ത്യ

ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ ഇന്ത്യയെ ഞെട്ടിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ റെക്കോഡാവും.

ഐസിസി ലോകകപ്പുകളില്‍ മാര്‍ക്രം ക്യാപ്റ്റനായ ഒരു മത്സരം പോലും ദക്ഷിണാഫ്രിക്ക തോറ്റിട്ടില്ലെന്നതാണ് ചരിത്രം.

2014ല്‍ അണ്ടര്‍ 19 നായകനായി മാര്‍ക്രം നേടിയ കിരീടം ഇത്തവണ സീനിയര്‍ ടീമിനൊപ്പം ആവര്‍ത്തിക്കുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

പത്തുവര്‍ഷത്തിനിപ്പുറം മാര്‍ക്രം ദക്ഷിണാഫ്രിക്കയെ ആദ്യമായി ടി20 ലോകകപ്പ് ഫൈനലിലെത്തിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രോട്ടീയാസിന്റെ ആരാധകര്‍ സ്വപ്‌നം കാണുന്നില്ല.

2014 അണ്ടര്‍ 19 ലോകകപ്പില്‍ ആറ് മത്സരങ്ങളും ജയിച്ച് കിരീടം നേടിയാണ് മാര്‍ക്രം കരുത്തുകാട്ടിയത്. പിന്നീട് സീനിയര്‍ ടീമില്‍ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സ്ഥിരം ക്യാപ്റ്റന്‍ ടെംബ ബാവുമയ്ക്ക് പകരം രണ്ട് മത്സരങ്ങളില്‍ മാര്‍ക്രം ടീമിനെ നയിച്ചു. രണ്ടിലും ജയിച്ചു കയറി.

ഇത്തവണ സെമിവരെ എട്ട് മത്സരങ്ങള്‍, എട്ടിലും ജയം. ഈ മികവ് മാര്‍ക്രം തുടരുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ദക്ഷിണാഫ്രിക്കന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ട് തവണയും മാര്‍ക്രം നായകനായ സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ ക്യാപ്സാണ് കിരീടം നേടിയത്. മാര്‍ക്രമിന്റെ നായക മികവിന് ഇതില്‍പരം എന്തു തെളിവാണ് വേണ്ടത്.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി അവര്‍ സീനിയര്‍ തലത്തില്‍ ഒരു ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുകയാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്ത അവര്‍ കൈമെയ് മറന്ന് പോരാടിയാല്‍ ഇന്ത്യയ്ക്ക് വിജയം അത്ര എളുപ്പമാവില്ല.

Related Articles

Back to top button