Cricket

രോഹിതിന് വേണമെങ്കില്‍ 50 വയസുവരെ കളിക്കാം!! പ്രായം വിരമിക്കലിന് മാനദണ്ഡമാക്കരുതെന്ന് യുവരാജിന്റെ പിതാവ്

ക്രിക്കറ്റ് താരങ്ങളുടെ വിരമിക്കലിന് പ്രായം മാനദണ്ഡമാക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരവും, യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേക്കുറിച്ച് സംസാരിക്കുമ്പോഴാണ്, വിരമിക്കലിന് പ്രായം മാനദണ്ഡം ആക്കരുതെന്ന് യോഗ്‌രാജ് ആവശ്യപ്പെട്ടത്.

വീരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ തുടങ്ങിയവര്‍ ഫിറ്റ്‌നസ് ബാധകമല്ലാത്ത അപൂര്‍വം താരങ്ങളില്‍പ്പെട്ടവരാണെന്നും യോഗ്‌രാജ് സിങ് ചൂണ്ടിക്കാട്ടി. വേണമെങ്കില്‍ 50 വയസ് വരെ കളിക്കളത്തില്‍ സജീവമായി തുടരാന്‍ രോഹിതിനു സാധിക്കുമെന്നും യോഗ്‌രാജ് അഭിപ്രായപ്പെട്ടു.

ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്ന രോഹിത്, ലോകകപ്പിനു ശേഷം രാജ്യാന്തര ട്വന്റി20യില്‍നിന്ന് വിരമിക്കുമെന്ന് പ്രചാരണമുണ്ട്.

37 വയസ്സുകാരനായ രോഹിത്തിന്, അടുത്ത ട്വന്റി20 ലോകകപ്പ് ആകുമ്പോഴേയ്ക്കും 39 വയസാകും. ഈ സാഹചര്യത്തില്‍ അദ്ദേഹം ഈ ലോകകപ്പോടെ തന്നെ കളി നിര്‍ത്തുമെന്നാണ് പ്രചാരണം.

”ഒരാളുടെ പ്രായവുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ ഔചിത്യം എനിക്കു മനസ്സിലാകുന്നതേയില്ല. ഒരാള്‍ 40-ാം വയസ്സിലും 42ലും 45ലും ഫിറ്റാണെങ്കില്‍ എന്താണ് പ്രശ്‌നം അയാളുടെ പ്രകടനവും മികച്ചതാണെങ്കിലോ ഒരാള്‍ക്ക് 40 വയസ്സായാല്‍ തീര്‍ന്നു എന്നതാണ് നിലവില്‍ നമ്മുടെ രാജ്യത്തെ അവസ്ഥ. പക്ഷേ, ഒന്നും തീര്‍ന്നിട്ടില്ല എന്നതാണ് വാസ്തവം” യോഗ്‌രാജ് സിംഗ് പറഞ്ഞു.

”ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തരുന്ന സമയത്ത് മൊഹീന്ദര്‍ അമര്‍നാഥിന് 38 വയസ്സാണ് പ്രായം. ഫൈനലില്‍ മാന്‍ ഓഫ് ദ് മാച്ചും അദ്ദേഹമായിരുന്നു. അതുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് പ്രായമെന്ന ഘടകം എടുത്തു കളയേണ്ട സമയമായെന്നാണ് എന്റെ അഭിപ്രായം.

ഫിറ്റ്‌നസിന്റെ കാര്യത്തിലും പരിശീലനത്തിന്റെ കാര്യത്തിലും ശ്രദ്ധ കൊടുക്കാത്ത അപൂര്‍വ വിഭാഗം താരങ്ങളാണ് സേവാഗും രോഹിതുമെല്ലാം. വേണമെങ്കില്‍ രോഹിതിന് 50 വയസ്സു വരെ കളിക്കാവുന്നതേയുള്ളൂ’ യോഗ്‌രാജ് പറഞ്ഞു.

2014ലെ ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കായി 39കാരനായ ബ്രാഡ് ഹോഡ്ജും 43കാരനായ ബ്രാഡ് ഹോഗും കളിച്ചുവെന്നത് യോഗ് രാജിന്റെ നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ്. എന്നാല്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു സാഹചര്യത്തിന് പലവിധ കാരണങ്ങളാല്‍ സാധ്യത കുറവാണ്.

വളര്‍ന്നു വരുന്ന ക്രിക്കറ്റര്‍മാരുടെ ആധിക്യമാണ് ഇന്ത്യയില്‍ ഉയര്‍ന്ന പ്രായത്തില്‍ കളി തുടരാനുള്ള പ്രധാന വെല്ലുവിളി. കളി അല്‍പം മോശമായാല്‍ ആരാധകരില്‍ നിന്നു മാത്രമല്ല ടീം മാനേജ്‌മെന്റില്‍ നിന്നു തന്നെ വലിയ സമ്മര്‍ദം അനുഭവിക്കേണ്ടി വരും. ഒരു പക്ഷെ ലോകത്തെ സജീവ ക്രിക്കറ്റര്‍മാരില്‍ പകുതിയും ഇന്ത്യക്കാരാണെന്നു പറഞ്ഞാല്‍ പോലും അതിശയോക്തിയില്ല.

നിലവില്‍ അതിശക്തമായ രണ്ടോ മൂന്നോ ടീമിനെ ഇറക്കാനുള്ള സ്‌ക്വാഡ് ബലം ഇന്ത്യയ്ക്കുണ്ട്. അതിനാല്‍ തന്നെ രോഹിത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ ഫോമില്‍ മുമ്പോട്ടു പോക്ക് വളരെ ദുഷ്‌കരമായിരിക്കും.

Related Articles

Back to top button