Cricket

എതിരാളികളെ തച്ചുതകര്‍ത്ത് അഫ്ഗാനിസ്ഥാന്റെ കുതിപ്പ് !! നേടിയത് അപൂര്‍വ റെക്കോഡ്

ട്വന്റി20 ലോകകപ്പില്‍ ഉജ്ജ്വല പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ പുറത്തെടുക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഇന്ന് പാപ്പുവ ന്യൂ ഗിനിയക്കെതിരേ നേടിയ ഉജ്ജ്വല വിജയം അവരെ സൂപ്പര്‍ എട്ടില്‍ എത്തിച്ചിരുന്നു.

ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു അഫ്ഗാന്റെ വിജയം.

ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ പാപ്പുവ ന്യൂഗിനിയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 19.5 ഓവറില്‍ അവര്‍ 95 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും അഫ്ഗാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. 2024 ട്വന്റി20 ലോകകപ്പില്‍ ആദ്യത്തെ മൂന്ന് മത്സരത്തിലും എതിരാളികളെ 100 റണ്‍സിനുള്ളില്‍ ഓള്‍ ഔട്ട് ആക്കുന്ന ആദ്യത്തെ ടീമാണ് അഫ്ഗാന്‍.


ആദ്യ മത്സരത്തില്‍ ഉഗാണ്ടയെ 58 റണ്‍സിന് പുറത്താക്കിയപ്പോള്‍ ന്യൂസിലാന്‍ഡിനെ 75നും പാപ്പുവ ന്യൂ ഗിനിയയെ 95നുമാണ് ഓള്‍ഔട്ടാക്കിയത്.

നിലവില്‍ ഗ്രൂപ്പ് സിയില്‍ മൂന്ന് മത്സരങ്ങള്‍ വിജയിച്ച് +4.240 എന്ന നെറ്റ് റണ്‍റേറ്റില്‍ ആറു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് അഫ്ഗാനിസ്ഥാന്‍.

ഫസല്‍ഹഖ് ഫറൂഖിയും നവീന്‍ ഉള്‍ഹഖും ഉള്‍പ്പെട്ട ബൗളിംഗ് നിരയ്‌ക്കെതിരേ പാപ്പുവ ന്യൂഗിനയയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല.

ഫസല്‍ഹഖ് ഫറൂഖി നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ നവീന്‍ 2.5 വെറും നാല് റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. നൂറ് അഹമ്മദ് 14 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. നാല് റണ്ണൗട്ടുകളും പാപ്പുവ ന്യൂഗിനിയുടെ വിധി നിര്‍ണയിച്ചു.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരെ പെട്ടെന്ന് നഷ്ടമായെങ്കിലും 49 റണ്‍സെടുത്ത ഗുല്‍ബാദിന്‍ നയ്ബിന്റെ ഇന്നിംഗ്‌സാണ് അഫ്ഗാന് രക്ഷയായത്. സിക്‌സര്‍ അടിച്ചാണ് നയ്ബ് വിജയറണ്‍സ് കുറിച്ചത്. മുഹമ്മദ് നബി 16 റണ്‍സുമായി പുറത്താവാതെ നിന്നു.

Related Articles

Back to top button