Cricket

ഓസ്‌ട്രേലിയയുടെ ചീട്ടു കീറി അഫ്ഗാനിസ്ഥാന്‍ !! ലോകകപ്പിലെ വമ്പന്‍ അട്ടിമറി

ഏകദിന ലോകകപ്പിലെ ഞെട്ടിക്കുന്ന തോല്‍വിയ്ക്ക് ട്വന്റി20 ലോകകപ്പിലൂടെ അഫ്ഗാന്‍ പകരം വീട്ടിയപ്പോള്‍ പിറന്നത് ലോകകപ്പിലെ വമ്പന്‍ അട്ടിമറി.

ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ ഓസ്‌ട്രേലിയയെ 21 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ അട്ടിമറിച്ചത്. ഇതോടെ ഓസ്‌ട്രേലിയയുടെ സെമി സാധ്യതകള്‍ തുലാസിലാവുകയും ചെയ്തു.

അടുത്ത മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ മാത്രമേ സെമി ഉറപ്പാക്കാനാവൂ എന്ന സ്ഥിതിയാണ് ഓസ്‌ട്രേലിയയ്ക്ക് വന്നു ഭവിച്ചിരിക്കുന്നത്.

അതേസമയം അടുത്ത മത്സരം ഓസ്‌ട്രേലിയ ഇന്ത്യയോടു തോല്‍ക്കുകയും അഫ്ഗാന്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യയ്‌ക്കൊപ്പം അഫ്ഗാന് സെമിയിലേക്ക് മുന്നേറാനാവും. ഇന്ത്യ വന്‍ തോല്‍വി വഴങ്ങിയാലും അഫ്ഗാന് സാധ്യതയുണ്ട്.

കിംഗ്സ്റ്റണിലെ അര്‍ണോസ് വെയ്ല്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓപ്പണര്‍മാരായ ഗുര്‍ബാസിന്റെയും ഇബ്രാഹിം സദ്രാന്റെയും ബാറ്റിംഗും ഗുല്‍ബാദിന്‍ നയ്ബിന്റെയും നവീന്‍ ഉള്‍ഹഖിന്റെയും ബൗളിംഗുമാണ് അഫ്ഗാനിസ്ഥാന് വിജയം നേടിക്കൊടുത്തത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണെടുത്തത്. ഓസ്‌ട്രേലിയയുടെ മറുപടി 19.2 ഓവറില്‍ 127ല്‍ അവസാനിച്ചു.

ഓസീസ് താരം പാറ്റ് കമ്മിന്‍സ് മത്സരത്തില്‍ ഹാട്രിക് നേടിയെങ്കിലും വിജയിക്കാനുള്ള യോഗം ഓസ്‌ട്രേലിയയ്ക്ക് ഇല്ലാതെ പോവുകയായിരുന്നു.

അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ മികച്ച തുടക്കത്തിനു ശേഷം തകര്‍ന്നടിയുകയായിരുന്നു.

ഓപ്പണിംഗ് വിക്കറ്റില്‍ 118 റണ്‍സാണ് അവര്‍ കൂട്ടിച്ചേര്‍ത്തത്. 16-ാം ഓവറിലെ അഞ്ചാം പന്തില്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ പുറത്താക്കി മാര്‍ക്കസ് സ്റ്റോയിനിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

49 പന്തില്‍ നാലു വീതം സിക്സും ഫോറും സഹിതം 60 റണ്‍സായിരുന്നു ഗുര്‍ബാസിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ അസ്മത്തുള്ള ഒമര്‍സായിയെയും ഓപ്പണര്‍ ഇബ്രാഹിം സദ്രാനെയും മടക്കി ആദം സാംപ ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു.

48 പന്തില്‍ ആറു ഫോറുകള്‍ ഉള്‍പ്പെടെ 51 റണ്‍സായിരുന്നു സദ്രാന്‍ നേടിയത്. പിന്നീടായിരുന്നു കമ്മിന്‍സിന്റെ തേരോട്ടം. റഷീദ് ഖാന്‍, കരിം ജന്നത്ത്, ഗുല്‍ബാദിന്‍ നയ്ബ് എന്നിവരായിരുന്നു കമ്മിന്‍സിന്റെ ഇരകള്‍.

ഹാട്രിക് തികച്ചതിന്റെ തൊട്ടടുത്ത പന്തില്‍ നങ്ങേയാലിയ ഖരോട്ടയെ വാര്‍ണര്‍ വിട്ടുകളഞ്ഞില്ലായിരുന്നെങ്കില്‍ കമ്മിന്‍സിന്റെ നേട്ടത്തിനു ശോഭ ഏറുമായിരുന്നു.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സില്‍ അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

അവസാന 26 പന്തില്‍ വെറും 30 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത് ആറു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.

149 എന്ന താരതമ്യേന പ്രയാസരഹിതമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേയിലയ്ക്ക് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ പ്രഹരമേറ്റു. നവീന്‍ ഉള്‍ഹഖ് ഒരു ഉജ്ജ്വല ബോളിലൂടെ ട്രവിസ് ഹെഡിനെ(0) ക്ലീന്‍ ബൗള്‍ഡാക്കി. ടീം സ്‌കോര്‍ 16ല്‍ വച്ച് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ(12)യും നവീന്‍ ഉള്‍ ഹഖ് മടക്കി. ടീം സ്‌കോര്‍ 32ല്‍ എത്തിയപ്പോള്‍ മൂന്നു റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറെ പുറത്താക്കി മുഹമ്മദ് നബി ഓസീസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

എന്നാല്‍ അവിടെ ഒത്തു ചേര്‍ന്ന ഗ്ലെന്‍ മാക്‌സ്‌വെല്‍-മാര്‍ക്കസ് സ്റ്റോയിനിസ് ടീമിനെ കരകയറ്റുമെന്ന ്‌തോന്നിച്ചെങ്കിലും ടീം സ്‌കോര്‍ 71ല്‍ വച്ച് മാര്‍ക്കസ് സ്‌റ്റോയിനിനെ പുറത്താക്കി ഗുല്‍ബാദിന്‍ നയ്ബ് ഓസീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. 11 റണ്‍സായിരുന്നു സ്റ്റോയിനിസ് നേടിയത്.

ആ നിമിഷത്തിലായിരുന്നു ഓസ്‌ട്രേലിയ കളി കൈവിട്ടത്. ടിം ഡേവിഡിനെ വിക്കറ്റിനു മുമ്പില്‍ കുരുക്കി ഓസ്‌ട്രേലിയയെ 85ന് അഞ്ച് എന്ന നിലയിലേക്ക് നയ്ബ് ഒതുക്കി.

ഏകദിന ലോകകപ്പിലേതിനു സമാനമായി ഗ്ലെന്‍ മാക്‌സ് വെല്‍ രക്ഷകനാകുമെന്ന് തോന്നിപ്പിക്കുന്നതായിരുന്നു അടുത്ത ഏതാനും നിമിഷങ്ങള്‍. എന്നാല്‍ ടീം സ്‌കോര്‍ 106ല്‍ വച്ച് മാക്‌സ് വെല്ലിനെക്കൂടി നയ്ബ് മടക്കിയതോടെ ഓസീസ് ബാക്ക്‌സീറ്റിലായി.

41 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതം 59 റണ്‍സാണ് മാക്‌സ് വെല്‍ അടിച്ചു കൂട്ടിയത്.

മാത്യു വെയ്ഡ്(5), പാറ്റ് കമ്മിന്‍സ്(3), ആഷ്ടണ്‍ ആഗര്‍(2) എന്നിവരും കൂടി പുറത്തായതോടെ 113ന് ഒമ്പത് എന്ന നിലയിലേക്ക് ഓസീസ് കൂപ്പുകുത്തി.

അസ്മത്തുള്ള എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 24 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്ത് ഡബിള്‍ നേടിയ ആദം സാംപ. രണ്ടാം പന്തില്‍ ഉയര്‍ത്തിയടിച്ച സാംപ മുഹമ്മദ് നബിയുടെ കൈകളില്‍ അവസാനിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന് സ്വന്തമായത് ചരിത്രജയമായിരുന്നു.

സാംപ ഒമ്പത് റണ്‍സ് നേടിയപ്പോള്‍ ജോഷ് ഹേസില്‍വുഡ് രണ്ടു റണ്‍സുമായി പുറത്താവാതെ നിന്നു.

നാലോവറില്‍ 20 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഗുല്‍ബാദിന്‍ നയ്ബാണ് കളിയിലെ താരം. നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത നവീന്‍ ഉള്‍ഹഖും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇതോടെ ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായി എട്ടു മത്സരം ജയിച്ച ഓസീസിന്റെ വിജയ പരമ്പരയ്ക്കും അവസാനമായി.

നാളെയാണ് ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മത്സരം. ഇതില്‍ ജയിച്ചാല്‍ അവര്‍ക്ക് സെമിയിലേക്ക് മുന്നേറാം തോറ്റാല്‍ ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും കങ്കാരുപ്പടയുടെ സെമിഫൈനല്‍ പ്രവേശം.

Related Articles

Back to top button